ഇന്‍ഷുറന്‍സ് വില്‍ക്കാന്‍ മറ്റ് വഴികള്‍ വേണ്ട; ബാങ്കുകള്‍ക്ക് താക്കീതുമായി ധനമന്ത്രാലയം
ഇന്‍ഷുറന്‍സ് പോളിസികള്‍ ഉപഭോക്താക്കള്‍ക്ക് വില്‍ക്കുന്നതില്‍ ധാര്‍മ്മികമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കാന്‍ ശക്തമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ ധനമന്ത്രാലയം പൊതുമേഖലാ ബാങ്കുകളുടെ മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. പോളിസികള്‍ വാങ്ങുന്നതിനായി ബാങ്കുകളും ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളും വഞ്ചനാപരവും അധാര്‍മ്മികവുമായ നടപടികള്‍ സ്വീകരിക്കുന്നതായി ധനകാര്യ വകുപ്പിന് പരാതി ലഭിച്ചതായി ധനമന്ത്രാലയം അറിയിച്ചു.
പല നഗരങ്ങളിലെയും 75 വയസ്സിന് മുകളിലുള്ള ഉപഭോക്താക്കള്‍ക്ക് ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ ഇത്തരത്തില്‍ വിറ്റഴിച്ച സംഭവങ്ങളുണ്ട്. സാധാരണയായി ബാങ്കുകളുടെ ശാഖകള്‍ അവരുടെ സബ്‌സിഡിയറി ഇന്‍ഷുറര്‍മാരുടെ ഉല്‍പ്പന്നങ്ങള്‍ ഇത്തരത്തില്‍ വില്‍ക്കാന്‍ ശ്രമിക്കാറുണ്ട്. ഇതിനെ ഉപഭോക്താക്കള്‍ എതിര്‍ക്കുമ്പോള്‍ തങ്ങള്‍ മുകളില്‍ നിന്നുള്ള സമ്മര്‍ദ്ദത്തിലാണെന്ന് ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ധിക്കാരപൂര്‍വം ബോധ്യപ്പെടുത്തുന്നു.
ഉപഭോക്താക്കള്‍ ഏതെങ്കിലും തരത്തിലുള്ള വായ്പ തേടാനോ ടേം ഡെപ്പോസിറ്റ് വാങ്ങാനോ പോകുമ്പോള്‍ ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങള്‍ ബാങ്ക് വില്‍ക്കാന്‍ ശ്രമിക്കും. ഇതുമായി ബന്ധപ്പെട്ട് ഒരു പ്രത്യേക കമ്പനിയില്‍ നിന്ന് ഇന്‍ഷുറന്‍സ് ലഭിക്കുന്നതിന് ഉപഭോക്താക്കളെ നിര്‍ബന്ധിക്കുന്ന നിയന്ത്രണ രീതികള്‍ ബാങ്ക് സ്വീകരിക്കരുതെന്ന് നിര്‍ദ്ദേശത്തിലുണ്ട്.
ഏറ്റവും പുതിയ ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (IRDAI) വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച് 2021-22 ല്‍ ഇത്തരത്തിലുള്ള 23,110 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിറ്റുപോയ 10,000 പോളിസികളില്‍ ഓരോ വര്‍ഷവും ഇത്തരം പരാതികളുടെ എണ്ണം 31 ആയിരുന്നു. പരാതിക്കാരന് അനുകൂലമായി തീര്‍പ്പാക്കുന്ന പരാതികളുടെ എണ്ണം 2020-21ല്‍ 24 ശതമാനത്തില്‍ നിന്ന് 2021-22ല്‍ 27 ശതമാനമായി വര്‍ധിച്ചതായി ഐആര്‍ഡിഎഐ വാര്‍ഷിക റിപ്പോര്‍ട്ട് പറയുന്നു.