പേയ്‌മെന്റ് ഗേറ്റ് വേ ലൈസന്‍സ് നേടി മലയാളി കമ്പനിയായ ഓപ്പണ്‍
മലയാളികളുടെ നേതൃത്വത്തിലുള്ള പ്രമുഖ ഫിന്‍ടെക് പ്ലാറ്റ്‌ഫോമായ ഓപ്പണ്‍ മണിക്ക് (open.money) റിസര്‍വ് ബാങ്കില്‍ നിന്ന് പേയ്‌മെന്റ് അഗ്രഗേറ്റര്‍-പേയ്‌മെന്റ് ഗേറ്റ്‌വേ (PA/PG) ലൈസന്‍സ് ലഭിച്ചു.
പേയ്‌മെന്റ് അഗ്രഗേറ്റര്‍
ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകള്‍, മൊബൈല്‍ ആപ്പുകള്‍, കച്ചവടക്കാര്‍ തുടങ്ങിയവര്‍ക്ക് സ്വന്തമായി പേയ്‌മെന്റ് സംവിധാനങ്ങള്‍ ഇല്ലാതെ തന്നെ ഉപയോക്താക്കളില്‍ നിന്ന് പണം സ്വീകരിക്കാനുള്ള സംവിധാനം ഒരുക്കി നല്‍കുന്ന പ്ലാറ്റ്‌ഫോമുകളാണ് പേയ്‌മെന്റ് അഗ്രഗേറ്റര്‍. ഉപയോക്താക്കളില്‍ നിന്ന് ലഭിക്കുന്ന പണം നിശ്ചിത സമയത്തിനുള്ളില്‍ ഇവര്‍ വ്യാപാരികള്‍ക്ക് കൈമാറും. ആര്‍.ബി.ഐ നിഷ്‌കര്‍ഷിച്ചിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസൃതമായാണ് ഇവയുടെ പ്രവര്‍ത്തനം.
കേരളത്തിൽ നിന്നുള്ള യൂണികോണ്‍ കമ്പനി
പെരിന്തല്‍മണ്ണ സ്വദേശിയായ അനീഷ് അച്യുതന്‍, ഭാര്യ മേബിള്‍ ചാക്കോ, അനീഷിന്റെ സഹാദോരന്‍ അജീഷ് അച്യുതന്‍, ഡീന ജേക്കബ് എന്നിവര്‍ ചേര്‍ന്ന് 2017ലാണ് ഏഷ്യയിലെ ആദ്യ നിയോ ബാങ്കിംഗ് പ്ലാറ്റ്‌ഫോമായ ഓപ്പണിന് തുടക്കം കുറിക്കുന്നത്.
നിലവില്‍ 40 ലക്ഷത്തോളം എസ്.എം.ഇകള്‍ക്ക് ഓപ്പണ്‍ സേവനങ്ങള്‍ നല്‍കി വരുന്നു. ബാങ്കിംഗ്, ഓട്ടോമേറ്റഡ് അക്കൗണ്ടിംഗ്, ബുക്ക് കീപ്പിംഗ്, എക്‌സ്‌പെന്‍സ് മാനേജ്‌മെന്റ്, കംപ്ലയന്‍സ്, പേറോള്‍ തുടങ്ങിയ വിവിധ ധനകാര്യ സേവനങ്ങള്‍ ചെറുകിട ബിസിനസുകള്‍ക്ക് ഓപ്പണ്‍ പ്ലാറ്റ്‌ഫോം വഴി ലഭ്യമാക്കുന്നുണ്ട്. 100 കോടി ഡോളര്‍ മൂല്യം നേടിയ (യൂണികോണ്‍) കേരളത്തില്‍ നിന്നുള്ള സ്റ്റാർട്ടപ്പ് കമ്പനികളില്‍ ഒന്നാണ് ഓപ്പൺ. ബംഗളൂരു ആസ്ഥാനമായാണ് കമ്പനിയുടെ പ്രവര്‍ത്തനമെങ്കിലും കേരളത്തിലും രജിസ്റ്റേര്‍ഡ് ഓഫീസുണ്ട്.