ഫിക്‌സഡ് നിരക്കില്‍ വായ്പയെടുത്താല്‍ കാലാവധി തീരും വരെ ഒരേ പലിശയോ?

വായ്പകള്‍ക്ക് ബാങ്കുകള്‍ രണ്ടു രീതിയിലുള്ള പലിശ നിരക്കുകളാണ് സാധാരണയായി നല്‍കുന്നത്. ഫിക്‌സഡ് പലിശ നിരക്കും ഫ്‌ളോട്ടിങ് പലിശ നിരക്കും. ഫിക്‌സഡ് നിരക്കെന്നാല്‍ സാധാരണക്കാര്‍ മനസ്സിലാക്കുക വായ്പക്ക് തുടക്കം മുതല്‍ ഒടുക്കം വരെ ഒരേ പലിശ നിരക്കായിരിക്കും എന്നാണ്. ഫ്‌ളോട്ടിങ് നിരക്കാണെങ്കില്‍ കാലാകാലങ്ങളില്‍ റിസര്‍വ് ബാങ്ക് നിരക്കുകളില്‍ മാറ്റം വരുന്നതിനനുസരിച്ചോ മറ്റു ചില ബെഞ്ച്മാര്‍ക് നിരക്കുകള്‍ക്ക് അനുസരിച്ചോ ബാങ്കുകള്‍ നിശ്ചയിക്കുന്ന മുറക്ക് പലിശ നിരക്കില്‍ മാറ്റം വന്നുകൊണ്ടേയിരിക്കും. ഫ്‌ളോട്ടിങ് നിരക്കുകളുടെ കാര്യത്തില്‍ ഈ ധാരണ ശരിയാണെങ്കിലും ഫിക്‌സഡ് നിരക്കുകളുടെ കാര്യത്തില്‍ സാധാരണക്കാര്‍ മനസിലാക്കുന്നത് ചില വായ്പകളുടെ കാര്യത്തില്‍ ശരിയാവണമെന്നില്ല.

വ്യക്തിഗത വായ്പകള്‍ക്കാണ് ബാങ്കുകള്‍ പൊതുവെ ഫിക്‌സഡ് നിരക്കുകള്‍ നല്‍കുന്നത്. ബിസിനസ് വായ്പകള്‍, പ്രത്യേകിച്ച്, പ്രവര്‍ത്തന മൂലധന വായ്പകള്‍ (ക്യാഷ് ക്രെഡിറ്റ്, ഓവര്‍ഡ്രാഫ്ട് എന്നിവ) കുറഞ്ഞ കാലാവധിയാണെങ്കിലും ഫ്‌ളോട്ടിങ് നിരക്ക് വായ്പകളാണ്.
ഫിക്‌സഡ് നിരക്കോ ഫ്‌ളോട്ടിങ് നിരക്കോ - ഏതാണ് നല്ലത്?
നാട്ടിലും വിദേശത്തും നിലനില്‍ക്കുന്നതും ഭാവിയില്‍ വരാവുന്നതുമായ സാമ്പത്തിക സാമൂഹിക, രാഷ്ട്രീയ, പാരിസ്ഥിതിക സാഹചര്യങ്ങള്‍ ഉള്‍പ്പെടെയുള്ള ധാരാളം കാര്യങ്ങള്‍ വിലയിരുത്തിയാണ് കേന്ദ്ര ബാങ്കുകള്‍ കാലാകാലങ്ങളില്‍ നിരക്കുകള്‍ അവലോകനം ചെയ്യുന്നതും നിശ്ചയിക്കുന്നതും. ഈ കാര്യങ്ങളെ സ്വന്തം രീതിയില്‍ വിലയിരുത്തി വേണം വായ്പയെടുക്കുമ്പോള്‍ ഫ്‌ളോട്ടിങ് നിരക്ക് വേണമോ ഫിക്‌സഡ് നിരക്ക് വേണമോ എന്ന് തീരുമാനിക്കാന്‍. നിരക്കുകള്‍ ഉയരാനാണ് സാധ്യതയെങ്കില്‍ ഫിക്‌സഡ് നിരക്ക് ആയിരിക്കും നല്ലത്.
കാലാവധി കുറവെങ്കില്‍
വായ്പയുടെ കാലാവധി നീണ്ടതാണെങ്കില്‍ (ഭവന വായ്പ, വസ്തു ഈടുനല്‍കിയുള്ള വായ്പ എന്നിവ) ഫ്‌ളോട്ടിങ് നിരക്ക് തിരഞ്ഞെടുക്കുന്നത് ആലോചിക്കാവുന്നതാണ്. നിരക്കിന്റെ രീതി തെരഞ്ഞെടുക്കുമ്പോള്‍ വായ്പയുടെ കാലാവധിയും കൂടി പരിഗണിക്കണം. കുറഞ്ഞ കാലാവധിയുള്ള വായ്പയാണെങ്കില്‍ (പേഴസണല്‍ ലോണ്‍, കാര്‍ ലോണ്‍ എന്നിങ്ങനെ ഒരു വര്‍ഷം മുതല്‍ മൂന്ന് വര്‍ഷം വര്‍ഷം വരെയുള്ള വായ്പകള്‍ ) ഫിക്‌സഡ് നിരക്ക് നല്ലതാണ്. ഈ കാലയളവില്‍ പലിശ നിരക്കില്‍ വലിയ ചാഞ്ചാട്ടം, പ്രത്യേകിച്ച് ഇറക്കം, ഉണ്ടാവില്ലെന്ന കണക്കു കൂട്ടലിലാണ് ഈ തീരുമാനം എടുക്കുക. അഞ്ചു വര്‍ഷത്തിന് മുകളില്‍ കാലാവധിയുള്ള വായ്പയാണെങ്കില്‍ ഫ്‌ളോട്ടിങ് നിരക്ക് ആയിരിക്കും ഉചിതം. എന്നാല്‍ ഇതൊന്നും പൂര്‍ണമായി ശരിയെന്നോ, ഇങ്ങനെ ചെയ്യുന്നത് തന്നെയായിരിക്കും ലാഭകരം എന്നോ ഉറച്ചു തീരുമാനിക്കാന്‍ വയ്യ. എന്തെന്നാല്‍ ഭാവിയെ കുറിച്ചുള്ള ചില നിഗമനങ്ങളെ അനുസരിച്ചാണ് ഈ തീരുമാനം. കണക്ക് കൂട്ടുന്ന ഏത് കാര്യത്തില്‍ മാറ്റം വന്നാലും ലാഭ നഷ്ടങ്ങളില്‍ അതിന്റെ പ്രതിഫലനം ഉണ്ടാകാം.
റീസെറ്റ് ക്ലോസ് (Reset Clause)
ദീര്‍ഘകാല വായ്പകളായ ഭവന വായ്പ പോലുള്ളവയ്ക്ക് ഇടപാടുകാരുടെ ഇച്ഛക്കനുസരിച്ച് ഫ്‌ളോട്ടിങ് നിരക്കോ ഫിക്‌സഡ് നിരക്കോ തെരെഞ്ഞടുക്കാം. എന്നാല്‍ ശ്രദ്ധിക്കേണ്ട വസ്തുത, ഫിക്‌സഡ് നിരക്ക് ആണ് തെരഞ്ഞെടുക്കുന്നത് എങ്കിലും തുടക്കത്തിലുള്ള നിരക്ക് ഒടുക്കം വരെ നിലനില്‍ക്കില്ല എന്നതാണ്. വായ്പ എടുക്കുമ്പോള്‍ നിശ്ചയിച്ചിട്ടുള്ള നിരക്ക് ബാങ്കുകള്‍ നിശ്ചിത കാലയളവില്‍ പുനഃപരിശോധിക്കുകയും പുതുക്കി നിശ്ചയിക്കുകയും ചെയ്യും. ഇത് സംബന്ധിച്ച് വായ്പ കരാറുകളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളാണ് റീസെറ്റ് ക്ലോസ് (RESET CLAUSE) എന്ന് അറിയുന്നത്. ഇങ്ങനെ നിരക്ക് പുതുക്കി നിശ്ചയിക്കുന്നത് കരാറില്‍ പറഞ്ഞിരിക്കുന്ന ഇടവേളകളിലായിരിക്കും.
മൂന്ന് മാസം മുതല്‍ അഞ്ചു വര്‍ഷം വരെയുള്ള കാലയളവുകള്‍ ഇക്കാര്യത്തില്‍ കരാറില്‍ കാണാറുണ്ട്. ഇത് നിശ്ചയിക്കുന്നത് അതാത് ബാങ്കുകളാണ്. ഇങ്ങനെ നിരക്ക് പുതുക്കി നിശ്ചയിക്കുന്നത് കരാറില്‍ തന്നെ പറഞ്ഞിട്ടുള്ള ചില നിബന്ധനകള്‍ക്ക് വിധേയമായിട്ടാണ്. സാമ്പത്തിക രംഗത്ത് നിലവിലുള്ള ഏതെങ്കിലും നിരക്കിനെ ബെഞ്ച് മാര്‍ക്ക് ചെയ്തായിരിക്കും ഫിക്‌സഡ് നിരക്ക് നിശ്ചയിച്ചിരിക്കുക. കരാര്‍ അനുസരിച്ചുള്ള നിരക്ക് പുതുക്കലും ഈ ബെഞ്ച് മാര്‍ക്ക് നിരക്കിനോട് ബന്ധപ്പെടുത്തി തന്നെയാണ്.
റിസര്‍വ് ബാങ്ക് ഇടപെടുന്നു
എന്നാല്‍ ഈ വിധമുള്ള കാര്യങ്ങളില്‍ ഇടപാടുകാരുടെ അറിവ് പരിമിതമാണ്. അതുകൊണ്ട് ഇത്തവണത്തെ സാമ്പത്തിക നയ അവലോകന സമയത്ത് റിസര്‍വ് ബാങ്ക് മുന്നോട്ട് വെച്ച അനുബന്ധ തീരുമാനങ്ങളില്‍ ഒന്ന് ഫിക്‌സഡ് നിരക്ക് വായ്പകളില്‍ റീസെറ്റ് ക്ലോസ് അനുസരിച്ച് പലിശ നിരക്ക് പുതുക്കി നിശ്ചയിക്കുമ്പോള്‍ അത് സുതാര്യമായിരിക്കണം എന്നാണ്. മാത്രമല്ല, ഇങ്ങനെ പലിശ നിരക്ക് പുതുക്കി നിശ്ചയിക്കുന്നത് ഇടപാടുകാരെ അറിയിക്കണം. നിരക്ക് വര്‍ദ്ധിപ്പിക്കുമ്പോള്‍ അതനുസരിച്ചുള്ള പുതുക്കിയ മാസ ഗഡു (EMI) എത്രയെന്ന് ഇടപാടുകാരെ അറിയിക്കണം. ഇടപാടുകാരുടെ സമ്മതമില്ലാതെ പഴയ മാസ ഗഡു തന്നെ നിലനിര്‍ത്തി വായ്പയുടെ കാലാവധി അന്തമില്ലാതെ നീട്ടിക്കൊണ്ടുപോകാന്‍ പാടില്ല. ഈ വിഷയത്തില്‍ കൂടുതല്‍ വിപുലമായ നിര്‍ദ്ദേശങ്ങള്‍ വൈകാതെ പ്രതീക്ഷിക്കാം.
Babu K A
Babu K A - Banking and Financial Expert  
Related Articles
Next Story
Videos
Share it