ഇനി പാരിസിലും യു.പി.ഐ പണമിടപാട് നടത്താം

ഇന്ത്യയുടെ മൊബൈല്‍ അധിഷ്ഠിത ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനമായ യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യു.പി.ഐ) ഫ്രാന്‍സില്‍ ഉടന്‍ ലഭ്യമാകുമെന്ന് ദ്വിദിന ഫ്രാന്‍സ് സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫ്രാന്‍സില്‍ യു.പി.ഐ ഉപയോഗിക്കാന്‍ ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ ധാരണയായതായി അദ്ദേഹം പറഞ്ഞു.

ആദ്യ യൂറോപ്യന്‍ രാജ്യം

ഫ്രാന്‍സിലെ യു.പി.ഐ ഇടപാടുകള്‍ക്കായി വേഗമേറിയതും സുരക്ഷിതവുമായ ഫ്രാന്‍സിന്റെ ഓണ്‍ലൈന്‍ പേയ്മെന്റ് സംവിധാനമായ ലൈറയുമായി (Lyra) നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ) ധാരണാപത്രം ഒപ്പുവച്ചു. ഇതുവഴി ഫ്രാന്‍സിലുള്ള യു.പി.ഐ ഉപയോക്താക്കള്‍ക്കും രൂപയിൽ പണമിടപാടുകള്‍ സുഗമമായി നടത്താന്‍ സാധിക്കും.

ഇത് പ്രാബല്യത്തിൽ വരുന്നതോടെ യു.പി.ഐ ഇടപാടുകള്‍ നടത്തുന്ന ആദ്യ യൂറോപ്യന്‍ രാജ്യമായി ഫ്രാന്‍സ് മാറും. ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്ക് ഐഫല്‍ ടവറില്‍ നിന്ന് യു.പി.ഐ ഉപയോഗിച്ച് രൂപയിലൂടെ പേയ്മെന്റ് നടത്തികൊണ്ട് ഫ്രാന്‍സില്‍ ഈ സംവിധാനം ആരംഭിക്കാനാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഡിജിറ്റല്‍ പണമിടപാടുകള്‍ വളരുന്നു

ഈ വര്‍ഷം ആദ്യം സിംഗപൂരുമായി യു.പി.ഐ ഇടപാടുകള്‍ ഇന്ത്യ ആരംഭിച്ചിരുന്നു. ഇന്ത്യയുടെ യു.പി.ഐ, സിംഗപ്പൂരിന്റെ പേയ്‌നൗ (PayNow) എന്നി ഡിജിറ്റല്‍ പേയ്‌മെന്റ് ടെക്‌നോളജികള്‍ തമ്മിലാണ് ഇതുസംബന്ധിച്ച കരാര്‍ ഒപ്പുവച്ചത്. റിസര്‍വ് ബാങ്ക് കണക്കുകള്‍ പ്രകാരം 2023 സാമ്പത്തിക വര്‍ഷത്തില്‍ യു.പി.ഐ ഇടപാടുകള്‍ 139.2 ലക്ഷം കോടി രൂപയായിരുന്നു. ഇത് മൊത്തം പണരഹിത ഇടപാടുകളുടെ 73 ശതമാനമായിരുന്നു. 2026-27 സാമ്പത്തിക വര്‍ഷത്തില്‍ പ്രതിദിന ഇടപാടുകള്‍ 1 ശതകോടി എത്തി മൊത്തം പണരഹിത ഇടപാടുകളുടെ 90 ശതമാനമാകുമെന്നും പ്രതീക്ഷിക്കുന്നതായി പി.ഡബ്ല്യു.സി (price water cooper) റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it