40-ാം വയസ് മുതല്‍ 50,000 രൂപ വരെ പെന്‍ഷന്‍: എല്‍.ഐ.സിയുടെ പുതിയ പദ്ധതി

പെന്‍ഷന്‍ ലഭിക്കുന്നതിന് നിങ്ങള്‍ക്ക് ഇനി 60 വയസ്സ് വരെ കാത്തിരിക്കേണ്ടതില്ല. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (എല്‍.ഐ.സി) അടുത്തിടെ അവതരിപ്പിച്ച പുതിയ പദ്ധതിക്ക് കീഴില്‍ 40-ാം വയസ്സില്‍ നിങ്ങള്‍ക്ക് പെന്‍ഷന്‍ ലഭിക്കാന്‍ തുടങ്ങും.

സരള്‍ പെന്‍ഷന്‍ യോജന

സരള്‍ പെന്‍ഷന്‍ യോജന എന്നാണ് 40-ാം വയസ് മുതല്‍ പെന്‍ഷന്‍ ലഭ്യമാകുന്ന ഈ പദ്ധതിയുടെ പേര്. പോളിസി എടുക്കുന്ന സമയത്ത് മാത്രം പ്രീമിയം അടയ്ക്കേണ്ട ഒറ്റതവണ പ്രീമിയം പെന്‍ഷന്‍ പദ്ധതിയാണിത്. ശേഷം നിങ്ങള്‍ക്ക് ജീവിതകാലം മുഴുവന്‍ പെന്‍ഷന്‍ ലഭിക്കും. പോളിസി എടുത്ത ഉടന്‍ തന്നെ നിങ്ങള്‍ക്ക് പെന്‍ഷന്‍ ലഭിച്ചു തുടങ്ങുന്ന ഒരു പദ്ധതിയാണ് സരള്‍ പെന്‍ഷന്‍ പദ്ധതി. സരള്‍ പെന്‍ഷന്‍ പോളിസിയുടെ ആനുകൂല്യത്തിനുള്ള കുറഞ്ഞ പ്രായപരിധി 40 വയസും കൂടിയത് 80 വയസുമാണ്.

പദ്ധതിയില്‍ അംഗമാകാം ഇങ്ങനെ

സിംഗിള്‍ ലൈഫ്, ജോയിന്റ് ലൈഫ് എന്നിങ്ങനെ രണ്ട് വഴികളിലൂടെയാണ് ഈ പെന്‍ഷന്‍ പദ്ധതിയില്‍ അംഗമാകാന്‍ സാധിക്കുന്നത്. സിംഗിള്‍ ലൈഫില്‍ പോളിസി ആരുടെ പേരിലും എടുക്കാം. പെന്‍ഷന്‍കാരന്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം അയാള്‍ക്ക് പെന്‍ഷന്‍ ലഭിക്കും. പോളിസിയുടമയുടെ മരണശേഷം അടിസ്ഥാന പ്രീമിയം തുക നോമിനിക്ക് തിരികെ നല്‍കും.

ജോയിന്റ് ലൈഫില്‍ ജീവിതപങ്കാളിക്കും കവറേജ് ഉണ്ട്. ജീവിച്ചിരിക്കുന്നിടത്തോളം പോളിസിയുടമയ്ക്ക് പെന്‍ഷന്‍ ലഭിക്കും. പോളിസിയുടമയുടെ മരണശേഷം അയാളുടെ ജീവിതപങ്കാളിക്ക് ആജീവനാന്ത പെന്‍ഷന്‍ ലഭിക്കും. അവരുടേയും മരണശേഷം അടിസ്ഥാന പ്രീമിയം തുക നോമിനിക്ക് കൈമാറും.

പെന്‍ഷന്‍ എപ്പോള്‍ ലഭിക്കണം

നാല് ഓപ്ഷനുകളിലാണ് പോളിസി ലഭിക്കുന്നത്. ഇത് പ്രകാരം പെന്‍ഷന്‍ എപ്പോള്‍ ലഭിക്കണമെന്ന് പോളിസിയുടമയ്ക്ക് തീരുമാനിക്കാം. പെന്‍ഷന്‍ എല്ലാ മാസവും ലഭിക്കുന്ന രീതി, ഓരോ മൂന്ന് മാസം കൂടുമ്പോള്‍ ലഭിക്കുന്നത്, ഓരോ 6 മാസവും കൂടുമ്പോള്‍ ലഭിക്കുന്നത് അല്ലെങ്കില്‍ 12 മാസം കൊണ്ട് ലഭിക്കുന്നത്. ഇതില്‍ ഏത് ഓപ്ഷന്‍ തിരഞ്ഞെടുത്താലും ആ കാലയളവില്‍ പെന്‍ഷന്‍ ലഭ്യമാകും. ഇതില്‍ ഒരാള്‍ ഒറ്റത്തവണ പ്രീമിയമായി ഏറ്റവും കുറഞ്ഞത് 2.50 ലക്ഷം രൂപ അടയ്ക്കേണ്ടതുണ്ട്. എല്ലാ മാസവും പെന്‍ഷന്‍ വേണമെങ്കില്‍ കുറഞ്ഞത് 1000 രൂപയും, മൂന്ന് മാസത്തേക്ക് 3000 രൂപയും, 6 മാസത്തേക്ക് 6000 രൂപയും, 12 മാസത്തേക്ക് 12000 രൂപയുമാണ്. പരമാവധി പരിധി ഇല്ല.

അതായത് നിങ്ങള്‍ 10 ലക്ഷം രൂപ ഒറ്റ പ്രീമിയം നിക്ഷേപിച്ചിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് പ്രതിവര്‍ഷം 50250 രൂപ ലഭിക്കാന്‍ തുടങ്ങും. ഇത് ആജീവനാന്തം ലഭ്യമാകും. കൂടാതെ പകുതിയെത്തുമ്പോള്‍ നിങ്ങള്‍ നിക്ഷേപിച്ച തുക തിരികെ വേണമെങ്കില്‍ 5 ശതമാനം കുറച്ച് നിങ്ങള്‍ക്ക് നിക്ഷേപിച്ച തുക തിരികെ ലഭിക്കും. പോളിസി ആരംഭിച്ച തീയതി മുതല്‍ ആറ് മാസത്തിന് ശേഷം എപ്പോള്‍ വേണമെങ്കിലും പോളിസി സറണ്ടര്‍ ചെയ്യാം. പോളിസി സറണ്ടര്‍ ചെയ്യുമ്പോള്‍ അടിസ്ഥാന വിലയുടെ 95 ശതമാനം റീഫണ്ട് ചെയ്യപ്പെടും. ഈ പദ്ധതിക്ക് കീഴില്‍ വായ്പ എടുക്കാനും സാധിക്കും. പദ്ധതി ആരംഭിച്ച് 6 മാസത്തിന് ശേഷം നിങ്ങള്‍ക്ക് വായ്പയ്ക്ക് അപേക്ഷിക്കാം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it