Begin typing your search above and press return to search.
മുത്തൂറ്റ് ഫിനാന്‍സുമായി ചങ്ങാത്തം, ഗൂഗ്ള്‍ പേ വഴി ഇനി സ്വര്‍ണ പണയ വായ്പകളും
Read this story in English - https://bit.ly/4eV7Gxn
മൊബൈല്‍ പേയ്‌മെന്റ് സേവന ദാതാക്കളായ ഗൂഗ്ള്‍ പേ രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണ പണയ വായ്പാ സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സുമായി കൈകോര്‍ക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ളവര്‍ക്ക് അനായാസമായി സ്വര്‍ണ വായ്പകള്‍ ലഭ്യമാക്കാനാണ് ഉദ്ദേശ്യം.
താരതമ്യേന കുറഞ്ഞ പലിശയില്‍ വായ്പയെടുക്കാന്‍ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടാണ് മുത്തൂറ്റ് ഫിനാന്‍സുമായി ചേര്‍ന്ന് സ്വര്‍ണ വായ്പകള്‍ അവതരിപ്പിക്കുന്നതെന്ന് ഗൂഗ്ള്‍ പേ പ്രോഡക്ട് മാനേജ്‌മെന്റ് ഡയറക്ടര്‍ ശരത് ബുളുസുവിനെ ഉദ്ദരിച്ച് മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്തെ സ്വര്‍ണ പണയ വായ്പാ ബിസിനസില്‍ തന്നെ വലിയൊരു മുന്നേറ്റമായിരിക്കും ഇരു കമ്പനികളുടേയും തമ്മിലുള്ള സഹകരണം.
ഗൂഗ്ള്‍പേയുടെ തേരോട്ടം
യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫെയ്‌സ് (യു.പി.ഐ) ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ ഗൂഗ്ള്‍ പേയ്ക്ക് രാജ്യത്ത് 20 കോടിയിലധികം സജീവ ഇടപാടുകാരാണുള്ളത്. ഇതു വഴി പ്രതിമാസം 7.5 ലക്ഷം കോടി മൂല്യം വരുന്ന 560 കോടി ഇടപാടുകളും നടക്കുന്നു.
രാജ്യത്ത് വായ്പാ ബിസിനസ് വ്യാപിപ്പിക്കുന്നതിനായി ആദിത്യ ബിര്‍ള ഫിനാന്‍സുമായും ഗൂഗ്ള്‍പേ പങ്കാളിത്തത്തിലേര്‍പ്പെട്ടിട്ടുണ്ട്. വായ്പാ ബിസിനസിലും സജീവമാകുകയാണ് കമ്പനിയുടെ പദ്ധതി.
മുത്തൂറ്റ് ഫിനാന്‍സ്
രാജ്യത്തെ സ്വര്‍ണ വായ്പാ സ്ഥാപനങ്ങളില്‍ ഏറ്റവും മുന്നിലുള്ള മുത്തൂറ്റ് ഫിനാന്‍സ് 2024 ജൂണ്‍ 30 വരെയുള്ള കണക്കനുസരിച്ച് കൈകാര്യം ചെയ്യുന്ന സംയോജിത സ്വര്‍ണ പണയ വായ്പ ആസ്തി 98,048 കോടി രൂപയാണ്. കമ്പനിയുടെ ജൂണ്‍ പാദത്തിലെ സംയോജിത ലാഭം 1,196 കോടിയും. മൊത്തം ഇക്കാലയളവില്‍ നല്‍കിയ സ്വര്‍ണ വായ്പ 73,648 കോടി രൂപയാണ്. രാജ്യത്തെമ്പാടുമായി 4,800 ശാഖകളും കമ്പനിക്കുണ്ട്. 194 ടണ്‍ സ്വര്‍ണമാണ് കമ്പനിയുടെ കൈവശം ഈടായുള്ളത്. പ്രതിദിനം രണ്ട് ലക്ഷത്തിലധികം ഉപയോക്താക്കള്‍ക്ക് സേവനം ലഭ്യമാക്കുന്നു. കൈകാര്യം ചെയ്യുന്ന വായ്പകളുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഏറ്റവും വലിയ എന്‍.ബി.എഫ്.സിയാണ് മുത്തൂറ്റ് ഫിനാന്‍സ്.
റിസര്‍വ് ബാങ്കിന്റെ ആശങ്കയ്ക്ക് മേലെ
സ്വര്‍ണ പണയ സ്ഥാപനങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതായി കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്ക് വിമര്‍ശനമുന്നയിച്ചതിന് തൊട്ടു പിന്നാലെയാണ് പുതിയ ഉത്പന്നങ്ങളുമായി ഗൂഗ്ള്‍പേ ഈ രംഗത്തേക്ക് എത്തുന്നത്.
എന്നാല്‍ എല്ലാ വെല്ലുവിളകള്‍ക്കിടയിലും രാജ്യത്ത് സ്വര്‍ണപണയ ബിസിനസില്‍ വലിയ സാധ്യതയാണ് വിദഗ്ധര്‍ കണക്കാക്കുന്നത്. ഐ.സി.ആര്‍.എയുടെ (ICRA) കണക്കനുസരിച്ച് രാജ്യത്തെ സംഘടിത സ്വര്‍ണ വായ്പ വിപണി ഈ സാമ്പത്തിക വര്‍ഷം 10 ലക്ഷം കോടി കവിയും. 2027 മാര്‍ച്ചോടെ ഇത് 15 ലക്ഷം കോടിയുമാകും.
എന്‍.ബി.എഫ്.സികളുടെ ചെറുകിട സ്വര്‍ണ വായ്പകള്‍ 2025 സാമ്പത്തിക വര്‍ഷത്തില്‍ 17-19 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്.
Next Story
Videos