പൊതുമേഖല ബാങ്ക് ഓഹരി വില്‍പ്പന ട്രാക്കിലേക്ക്, സമാഹരണ ലക്ഷ്യം ₹10,000 കോടി

അഞ്ച് ബാങ്കുകള്‍ 2,000 കോടി രൂപ വീതം ക്യു.ഐ.പി വഴി സമാഹരിക്കും

അഞ്ച് പൊതുമേഖല ബാങ്കുകളുടെ ഓഹരി വില്‍പ്പനയ്ക്ക് കേന്ദ്രം പച്ചക്കൊടികാണിച്ചു. പഞ്ചാബ് നാഷണല്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, യൂക്കോ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര എന്നിവയ്ക്കാണ് 2,000 കോടി രൂപ വീതം സമാരിക്കാന്‍ അനുമതി നല്‍കിയത്. ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ പ്ലേസ്‌മെന്റ് (QIP) വഴി 10,000 കോടി രൂപയാണ് ഈ അഞ്ച് പൊതുമേഖല ബാങ്കുകള്‍ ചേര്‍ന്ന് സമാഹരിക്കുക.

നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദം മുതലാകും ഓഹരി വില്‍പ്പന ആരംഭിക്കുക. ഇതുകൂടാതെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റിനോട് (DIPAM) അഞ്ച് പൊതു മേഖല ബാങ്കുകളുടെ ഓഹരികള്‍ ഓഫര്‍ ഫോര്‍ സെയില്‍ (OFS) വഴി വിറ്റഴിക്കാനും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സർക്കാർ പങ്കാളിത്തം കുറയ്ക്കാൻ

സെപ്റ്റംബര്‍ വരെയുള്ള കണക്കു പ്രകാരം സെന്‍ട്രല്‍ ബാങ്ക് ഓഫ് ഓഫ് ഇന്ത്യയില്‍ 93 ശതമാനം ഓഹരികളും ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ 96.4 ശതമാനവും പഞ്ചാബ് ആന്‍ഡ് സിന്‍ഡ് ബാങ്കില്‍ 98.3 ശതമാനവും ഓഹരികളാണ് സര്‍ക്കാരിനുള്ളത്.
ലിസ്റ്റഡ് കമ്പനികളുടെ പൊതു ഓഹരി പങ്കാളിത്തം 25 ശതമാനമായി നിലനിറുത്തണമെന്ന് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയും (Sebi) നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഈ നിബന്ധന പാലിക്കാന്‍ 2026 ഓഗസ്റ്റ് വരെ സമയം അനുവദിച്ചിട്ടുണ്ട്.
നേരത്തെയും പൊതുമേഖല ബാങ്കുകള്‍ ക്യു.ഐ.പി വഴി മൂലധനം സമാഹരിച്ചാണ് സര്‍ക്കാര്‍ പങ്കാളിത്തം കുറച്ചത്. പഞ്ചാബ് നാഷണല്‍ ബാങ്ക് കഴിഞ്ഞ സെപ്റ്റംബറില്‍ ക്യു.ഐ.പി വഴി 5,000 കോടിയും ഒക്ടോബറില്‍ ബാങ്ക് ഓഫ് മഹാരാഷ്ട്ര 3,500 കോടിയും സമാഹരിച്ചിരുന്നു.
Related Articles
Next Story
Videos
Share it