ഈ ബാങ്ക് തരും രണ്ട് മിനുട്ട് കൊണ്ട് ഹോം ലോണ്‍, അതും വാട്‌സാപ്പിലൂടെ

ഹോം ലോണ്‍ (Home loan) എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രണ്ട് മിനുട്ട് കൊണ്ട് വായ്പ ലഭ്യമാക്കുന്ന പദ്ധതിയുമായി എച്ച്ഡിഎഫ്‌സി ബാങ്ക്. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വായ്പാദാതാവായ എച്ച്ഡിഎഫ്‌സി 'സ്പോട്ട് ഓഫര്‍' പദ്ധതിയിലൂടെയാണ് നിമിഷങ്ങള്‍ക്കകം ഉപഭോക്താക്കള്‍ക്ക് ഭവന വായ്പ ലഭ്യമാക്കുന്നത്. എച്ച്ഡിഎഫ്സിയും കോഗ്നോ എഐയും ചേര്‍ന്നാണ് രണ്ട് മിനുട്ടിനുള്ളില്‍ ഹോം ലോണ്‍ ലഭ്യമാകുന്ന 'സ്പോട്ട് ഓഫര്‍' പ്ലാറ്റ്‌ഫോം ഒരുക്കിയിരിക്കുന്നത്. നിലവില്‍, എച്ച്ഡിഎഫ്‌സി ബാങ്കിന് ലഭിക്കുന്ന പുതിയ വായ്പാ അപേക്ഷകളില്‍ 91 ശതമാനവും ഡിജിറ്റല്‍ ചാനലുകളിലൂടെയാണ്. കോവിഡിന് മുമ്പ് 20 ശതമാനത്തില്‍ താഴെ മാത്രം അപേക്ഷകളായിരുന്നു ഡിജിറ്റലായി ലഭിച്ചിരുന്നത്.

ഈ പദ്ധതിയിലൂടെ ഹോം ലോണ്‍ ലഭ്യമാക്കുന്നതിന് +91 9867000000 എന്ന വാട്‌സാപ്പ് (Whatsapp) നമ്പറിലാണ് ബന്ധപ്പെടേണ്ടത്. ഇതിലൂടെ ലഭിക്കുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ച് വിവരങ്ങള്‍ നല്‍കുകയാണ് ഉപഭോക്താക്കള്‍ ചെയ്യേണ്ടത്. ഉപഭോക്താവ് നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍, ഒരു താല്‍ക്കാലിക ഹോം ലോണ്‍ ഓഫര്‍ ലെറ്റര്‍ തല്‍ക്ഷണം ജനറേറ്റ് ചെയ്യപ്പെടും. ഹോം ലോണ്‍ സ്‌പോട്ട് ഓഫര്‍ സൗകര്യം ഏത് സമയത്തും ഉപയോഗിക്കാവുന്നതാണ്.
നേരത്തെ, 30 മിനുട്ടിനുള്ളില്‍ കാര്‍ ലോണുകള്‍ ലഭ്യമാകുന്ന പദ്ധതി എച്ച്ഡിഎഫ്സി (HDFC) അവതരിപ്പിച്ചിരുന്നു. രാജ്യത്തുടനീളമുള്ള കാര്‍ വില്‍പ്പന വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് എച്ച്ഡിഎഫ്സി ബാങ്ക് ഈ പദ്ധതി ആരംഭിച്ചിരുന്നത്. കൂടാതെ, 10 സെക്കന്‍ഡിനുള്ളില്‍ ഡിജിറ്റല്‍ പേഴ്‌സണല്‍ ലോണും എച്ച്ഡിഎഫ്‌സി ബാങ്ക് നല്‍കുന്നുണ്ട്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it