അറ്റാദായത്തില്‍ 51 ശതമാനം വര്‍ധനയുമായി എച്ച്.ഡി.എഫ്.സി ബാങ്ക്

എച്ച്.ഡി.എഫ്.സി ബാങ്കിന്റെ അറ്റാദായത്തില്‍ 51ശതമാനം വര്‍ധന. 2024 സാമ്പത്തിക വര്‍ഷത്തില്‍ മികച്ച രണ്ടാം പാദഫലങ്ങളാണ് ബാങ്ക് തിങ്കളാഴ്ച പുറത്തുവിട്ടിരിക്കുന്നത്. ബാങ്കിന്റെ അറ്റാദായം 51 ശതമാനം വര്‍ധിച്ച് 15,976 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 10,605 കോടി രൂപയായിരുന്നു.

എച്ച്.ഡി.എഫ്.സി ബാങ്കും എച്ച്.ഡി.എഫ്.സിയും തമ്മിലുള്ള ലയനത്തിനുശേഷമുള്ള ആദ്യ ഫലമാണ് പുറത്തു വന്നിരിക്കുന്നത്. അത് കൊണ്ട് തന്നെ പല കണക്കുകളും കഴിഞ്ഞ വർഷത്തേതുമായി അപ്പാടെ താരതമ്യം ചെയ്യാൻ കഴിയില്ല.

വിദഗ്ധര്‍ പ്രതീക്ഷിച്ചിരുന്ന 14,000-15,000 കോടി രൂപ അറ്റാദായത്തേക്കാൾ നേടാൻ ബാങ്കിന് കഴിഞ്ഞു. അറ്റ പലിശ വരുമാനം 6.7 വര്‍ധിച്ച് (YoY) 27,385 കോടി രൂപയായി. ബാങ്ക് നേടിയ പ്രവര്‍ത്തന ലാഭം 22,694 കോടി രൂപയാണ്. 31 ശതമാനമാണ് വർധന.

കഴിഞ്ഞ വര്‍ഷത്തെ ഇതേ പാദത്തെ അപേക്ഷിച്ച് അറ്റ വരുമാനം 114 ശതമാനം ഉയര്‍ന്ന് 66,317 കോടി രൂപയായി. സെപ്റ്റംബറില്‍ അവസാനിക്കുന്ന പാദത്തില്‍ ബാങ്കിന്റെ ആകെ നിക്ഷേപം 30 ശതമാനം ഉയര്‍ന്ന് 21,72,858 കോടി രൂപയിലെത്തി.

വാര്‍ഷിക അടിസ്ഥാനത്തില്‍ ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി (GNPA) 1.34 ശതമാനമായി വര്‍ധിച്ചതായി കാണാം. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 1.24 ശതമാനമായിരുന്നു. അതേസമയം ഈ വർഷം ജൂൺ പാദത്തില്‍ ഇത് 1.17 ശതമാനത്തിലായിരുന്നു.

ബാങ്കിന്റെ അറ്റ ​​നിഷ്‌ക്രിയ ആസ്തി (NNPA) മുൻ പാദത്തിലെ 0.30 ശതമാനത്തിൽ നിന്ന് 0.35 ശതമാനമായി ഉയർന്നിട്ടുമുണ്ട്.

ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ ബാങ്കിന്റെ അറ്റ പലിശ മാര്‍ജിന്‍ (NIM) 3.4 ശതമാനമാണ്.

Related Articles
Next Story
Videos
Share it