Begin typing your search above and press return to search.
രണ്ടു ലക്ഷം ഗ്രാമങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ എച്ച്ഡിഎഫ്‌സി ബാങ്ക്
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സി ബാങ്ക് ഗ്രാമീണ മേഖലയിലെ പ്രവര്‍ത്തനം വര്‍ധിപ്പിക്കാന്‍ പദ്ധതിയിടുന്നു. രാജ്യത്തെ രണ്ടു ലക്ഷം ഗ്രാമങ്ങളില്‍ ഉടനെ ബാങ്കിന്റെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ബാങ്ക് പത്രക്കുറിപ്പിലൂടെ അറിയിച്ചു. അടുത്ത ആറ് മാസത്തിനിടെ 2500 പേര്‍ക്ക് തൊഴിലവസരം ഒരുക്കുകയും ചെയ്യും.
പുതിയ ശാഖകള്‍ തുറന്നും ബിസിനസ് കറസ്‌പോണ്ടന്‍സ്, ബിസിനസ് ഫെസിലിറ്റേറ്റേഴ്‌സ്, കോമണ്‍ സര്‍വീസ് സെന്റര്‍ പാര്‍ട്ണര്‍മാര്‍, വെര്‍ച്വല്‍ റിലേഷന്‍ഷിപ്പ് മാനേജ്‌മെന്റ്, ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം തുടങ്ങിയവ ഒരുക്കി അടുത്ത 18-24 മാസത്തിനുള്ളില്‍ ഗ്രാമീണ മേഖലകളില്‍ സ്വാധീനം വര്‍ധിപ്പിക്കുകയാണ് പദ്ധതി.
വിപുലീകരണ പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ രാജ്യത്തെ മൂന്നിലൊന്ന് ഗ്രാമങ്ങളിലും പ്രവര്‍ത്തനം എത്തിക്കുകയാണ് ലക്ഷ്യം. ഇന്ത്യയുടെ ഗ്രാമീണ-അര്‍ധനഗര വിപണികളിലും വായ്പാ ലഭ്യത കുറവാണെന്നും ഇന്ത്യന്‍ ബാങ്കിംഗ് മേഖലയ്ക്ക് വലിയ വളര്‍ച്ചാ സാധ്യതകളാണ് ഈ മേഖലകളില്‍ ഉള്ളതെന്നും പത്രക്കുറിപ്പില്‍ ബാങ്കിന്റെ കൊമേഴ്‌സ്യല്‍ ആന്റ് റൂറല്‍ ബാങ്കിംഗ് വിഭാഗം മേധാവി രാഹുല്‍ ശുക്ല പറയുന്നു.
രാജ്യത്തെ 550 ജില്ലകളില്‍ നിലവില്‍ ബാങ്കിന് പ്രവര്‍ത്തനമുണ്ട്. എല്ലാ പിന്‍കോഡിന് കീഴിലും പ്രവര്‍ത്തനം ഉറപ്പാക്കുമെന്നാണ് ബാങ്ക് വൃത്തങ്ങള്‍ പറയുന്നത്.
രാജ്യത്തെ പല ജില്ലകളിലും ആവശ്യത്തിന് ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമാകുന്നില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്റെ പ്രസ്താവന പുറത്തു വന്ന ദിവസം തന്നെയാണ് എച്ച്ഡിഎഫ്‌സി ബാങ്കിന്റെ പ്രഖ്യാപനവും. ബാങ്കിംഗ് സേവനം ഉറപ്പു വരുത്താന്‍ രാജ്യത്ത് എസ്ബിഐ പോലെയുള്ള 4-5 വന്‍കിട ബാങ്കുകള്‍ ഇനിയുമുണ്ടാകേണ്ടതുണ്ടെന്നും ധനമന്ത്രി അഭിപ്രായപ്പെട്ടിരുന്നു.
Next Story
Videos