ബോണ്ടുകള്‍ വഴി 50,000 കോടി രൂപ സമാഹരിക്കാനൊരുങ്ങി എച്ച് ഡി എഫ് സി ബാങ്ക്

അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ബോണ്ടുകള്‍ ഇഷ്യു ചെയ്യുന്നതിലൂടെ 50,000 കോടി രൂപ സമാഹരിക്കാനൊരുങ്ങി എച്ച്ഡിഎഫ്സി ബാങ്ക്. അടിസ്ഥാന സൗകര്യ വികസനത്തിനും ഉപഭോക്താക്കളുടെ ഭവന വായ്പ ആവശ്യങ്ങള്‍ക്കുമായാണ് ബോണ്ട് വഴി പണം സ്വരൂപിക്കുന്നതെന്ന് എച്ച് ഡി എഫ് സി ബാങ്ക് (HDFC Bank) അറിയിച്ചു. എച്ച് ഡി എഫ് സി ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം.

50,000 കോടി രൂപ വരെ സമാഹരിക്കുന്നതിന് പെര്‍പെച്വല്‍ ഡെറ്റ് ഇന്‍സ്ട്രുമെന്റുകള്‍, ടയര്‍ II ക്യാപിറ്റല്‍ ബോണ്ടുകള്‍, ലോംഗ് ടേം ബോണ്ടുകള്‍ (അടിസ്ഥാന സൗകര്യങ്ങള്‍ക്കും താങ്ങാനാവുന്ന ഭവനങ്ങള്‍ക്കുമുള്ള ധനസഹായം) എന്നിവ ഇഷ്യൂ ചെയ്യുന്നതിന് ബോര്‍ഡ് അംഗീകാരം നല്‍കിയതായി റെഗുലേറ്ററിയില്‍ ഫയലിംഗില്‍ പറയുന്നു. അടുത്ത 12 മാസത്തിനുള്ളില്‍ സ്വകാര്യ പ്ലെയ്സ്മെന്റ് മോഡ് വഴി ഫണ്ട് സ്വരൂപിക്കുമെന്നും മറ്റ് ഓഹരിയുടമകളുടെ അംഗീകാരത്തിന് വിധേയമായിട്ടാണെന്നും
എച്ച് ഡി എഫ് സി
ബാങ്ക് വ്യക്തമാക്കി.
അതിനിടെ, മാതൃ കമ്പനിയായ എച്ച് ഡി എഫ് സി ലിമിറ്റഡുമായി ലയിപ്പിക്കാന്‍ ഒരുങ്ങുന്ന, ആസ്തി വലുപ്പം അനുസരിച്ച് രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യമേഖലാ വായ്പാ ദാതാവായ എച്ച് ഡി എഫ് സി ബാങ്കിന്റെ നോണ്‍ എക്സിക്യൂട്ടീവ് ഡയറക്ടറായി രേണു കര്‍ണാടിനെ വീണ്ടും നിയമിക്കാന്‍ ബോര്‍ഡ് അനുമതി. 2022 സെപ്റ്റംബര്‍ മൂന്നു മുതല്‍ അഞ്ച് വര്‍ഷത്തേക്കാണ് നിയമനം. 2010 മുതല്‍ ഹൗസിംഗ് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറാണ് രേണു കര്‍ണാട്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it