Begin typing your search above and press return to search.
ലോകത്തിലെ ഏറ്റവും മൂല്യമേറിയ 10 ബാങ്കുകളിലേക്ക് എച്ച്ഡിഎഫ്‌സി ബാങ്ക്, നേട്ടമിങ്ങനെ

Photo credit: VJ/Dhanam
എച്ച്ഡിഎഫ്‌സി ബാങ്ക് ചരിത്ര നേട്ടത്തിലേക്കെത്തുന്നു. വായ്പാ രംഗത്തെ ഭീമനായ ഹൗസിംഗ് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്റെയും (HDFC Ltd) എച്ച്ഡിഎഫ്‌സി ബാങ്കിന്റെയും (HDFC Bank) ലയനത്തിന് അനുമതിയായതോടെ ലയിച്ചുകഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും മൂല്യമേറിയ ബാങ്കുകളിലൊന്നാകും എച്ച്ഡിഎഫ്‌സി ബാങ്ക്.
നിലവിലെ മൂല്യനിര്‍ണയത്തില്‍ മാതൃസ്ഥാപനമായ എച്ച്ഡിഎഫ്സിയുമായി ലയിച്ചതിന് ശേഷം ലോകത്തിലെ ഏറ്റവും മൂല്യമേറിയ 10 ബാങ്കുകളില്‍ എച്ച്ഡിഎഫ്സി ബാങ്ക് ഉള്‍പ്പെടും. ആദ്യ 10 ബാങ്ക് എന്ന ക്ലബില്‍ ഇടം നേടുന്ന ആദ്യ ഇന്ത്യന്‍ ബാങ്ക് കൂടിയാകും എച്ച്ഡിഎഫ്‌സി.
എച്ച്ഡിഎഫ്സി ബാങ്കിന് ഇപ്പോള്‍ ഏകദേശം 108 ബില്യണ്‍ ഡോളറിന്റെ വിപണി മൂലധനമാണ് ഉള്ളത്. നിലവില്‍ 17-ാം സ്ഥാനത്തായിരുന്ന സിറ്റി ഗ്രൂപ്പിനെ (100.5 ബില്യണ്‍ ഡോളറിലധികം) പിന്നിലാക്കിയിരിക്കുകയാണ് എച്ച്ഡിഎഫ്‌സി. ലയിക്കുമ്പോള്‍
എച്ച്ഡിഎഫ്സി ബാങ്കിന്റെയും എച്ച്ഡിഎഫ്സിയുടെയും (52 ബില്യണ്‍ ഡോളര്‍) സംയോജിത വിപണി മൂല്യം ഏകദേശം 160 ബില്യണ്‍ ഡോളറായിരിക്കും.
മൂല്യനിര്‍ണ്ണയത്തില്‍ ബിഎന്‍പി പാരിബാസിനേക്കാള്‍ (55 ബില്യണ്‍ ഡോളര്‍) ഉയരെ 32-ാം സ്ഥാനത്താണ് രാജ്യത്തെ ഏറ്റവും വലിയ വായ്പദാതാവായ എസ്ബിഐ (57 ബില്യണ്‍ ഡോളര്‍). ഈ രണ്ട് സ്ഥാപനങ്ങളും ഒന്നിക്കുമ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ കമ്പനിയാണ് സൃഷ്ടിക്കപ്പെടുന്നതും. ഇരു സ്ഥാപനങ്ങളും ചേര്‍ന്നുള്ള വിപണി മൂല്യം 14.05 ട്രില്യണ്‍ രൂപയാണ്. 18.02 ട്രില്യണ്‍ രൂപയാണ് ഒന്നാമതുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മൂല്യം.
അറ്റാദായത്തിന്റെ കണക്കെടുത്താല്‍ നിര്‍ദ്ദിഷ്ട ലയനത്തിന് ശേഷം എച്ച്ഡിഎഫ്സി ബാങ്ക് റിലയന്‍സിന് ഒപ്പം നില്‍ക്കും. റിലയന്‍സിന്റേ അറ്റാദായം 57,729 കോടിയും എച്ച്ഡിഎഫ്സി ബാങ്കിന്റേത് (ഇരു സ്ഥാപനങ്ങളുടെയും ചേര്‍ത്ത്) 56,578 കോടി രൂപയും ആണ്. ലയനത്തിന് ശേഷം എച്ച്ഡിഎഫ്സി ബാങ്ക്, വരുമാനത്തിന്റെ കാര്യത്തില്‍ ആറാമത് എത്തും. നിലവില്‍ ബാങ്കിന്റെ സ്ഥാനം പതിനൊന്നാമത് ആണ്. 6.6 ട്രില്യണ്‍ രൂപയുടെ വരുമാനമുള്ള റിലയന്‍സാണ് ഇവിടെയും ഒന്നാമത്.
ഇക്കഴിഞ്ഞ ദിവസമാണ് എച്ച്ഡിഎഫ്‌സിക്ക് പെന്‍ഷന്‍ ഫണ്ട് റെഗുലേറ്റര്‍ പിഎഫ്ആര്‍ഡിഎയുടെ ലയന അനുമതി ലഭിച്ചത്. നേരത്തെ, ഏപ്രില്‍ ആദ്യത്തിലാണ് എച്ച്ഡിഎഫ്‌സിയുടെ പൂര്‍ണ ഉടമസ്ഥയിലുള്ള ഉപകമ്പനികളായ എച്ച്ഡിഎഫ്‌സി ഇന്‍വെസ്റ്റ്മെന്റ് ലിമിറ്റഡ്, എച്ച്ഡിഎഫ്‌സി ഹോള്‍ഡിംഗ്സ് ലിമിറ്റഡ് എന്നിവ എച്ച്ഡിഎഫ്‌സി ബാങ്കില്‍ ലയിക്കുന്നതിന് ബോര്‍ഡ് അനുമതി നല്‍കിയത്.
കരാര്‍ പ്രാബല്യത്തില്‍ വന്നാല്‍, എച്ച്ഡിഎഫ്സി ബാങ്ക് 100 ശതമാനവും പൊതു ഓഹരി ഉടമകളുടെ ഉടമസ്ഥതയിലാവും, എച്ച്ഡിഎഫ്സിയുടെ നിലവിലുള്ള ഓഹരി ഉടമകള്‍ക്ക് ബാങ്കിന്റെ 41 ശതമാനം ഓഹരിയും സ്വന്തമാകും. എച്ച്ഡിഎഫ്സി ഷെയര്‍ഹോള്‍ഡര്‍മാര്‍ക്ക് ഓരോ 25 ഓഹരികള്‍ക്കും എച്ച്ഡിഎഫ്സി ബാങ്കിന്റെ 42 ഓഹരികള്‍ ലഭിക്കും.
2024 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാമത്തെയോ മൂന്നാമത്തെയോ പാദത്തില്‍ ലയനം പൂര്‍ത്തീകരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. ഭവന വായ്പാ രംഗത്തെ വമ്പനായ എച്ച്ഡിഎഫ്‌സി, എച്ച്ഡിഎഫ്‌സി ബാങ്കില്‍ ലയിക്കുമ്പോള്‍ എച്ച്ഡിഎഫ്‌സി ബാങ്കില്‍ ഭവന വായ്പാ പോര്‍ട്ട്ഫോളിയോ വലുപ്പം വന്‍തോതില്‍ കൂടും. മാത്രമല്ല കസ്റ്റമേഴ്സിന്റെ എണ്ണത്തിലും കുതിച്ചുചാട്ടമുണ്ടാകും.
Next Story