Begin typing your search above and press return to search.
എച്ച്.ഡി.എഫ്.സി ലയനം: ഇടപാടുകാരെ എങ്ങനെ ബാധിക്കും?
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്.ഡി.എഫ്.സി ബാങ്കും ഭവന വായ്പാ സ്ഥാപനമായ ഹൗസിംഗ് ഡവലപ്‌മെന്റ് കോര്‍പ്പറേഷനും ലയിച്ച് ഒന്നായി. ഇരുസ്ഥാപനങ്ങളുടേയും ഉപയോക്താക്കളെല്ലാം തന്നെ ലയന ശേഷം ഇടപാടുകള്‍ക്ക് എന്ത് സംഭവിക്കുമെന്ന ആശങ്കയിലാണ്. ഭവന വായ്പാ അക്കൗണ്ടുകളുടെ പലിശ മുതല്‍ മുന്‍കൂര്‍ തിരിച്ചടവും പലിശ സര്‍ട്ടിഫിക്കറ്റ് എങ്ങനെ നേടും തുടങ്ങി നിരവധി സംശയങ്ങളുണ്ട്. പ്രധാനപ്പെട്ട ചില സംശയങ്ങള്‍ നോക്കാം.
ഭവനവായ്പാ കരാറുകളില്‍ മാറ്റം വരുമോ?
ലയനശേഷം എച്ച്.ഡി.എഫ്.സി ഭവനവായ്പാ അക്കൗണ്ടുകള്‍ എച്ച്.ഡി.എഫ്.സി ബാങ്കിലേക്ക് മാറ്റും. എന്നാല്‍ വായ്പാ കരാറില്‍ മാറ്റമുണ്ടാകില്ല. അക്കൗണ്ട് നമ്പര്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളും പഴയതു തന്നെയായിരിക്കും. വായ്പയുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ക്ക് ബാങ്കിനെ സമീപിക്കാം.
ഭവന വായ്പാ പലിശ നിരക്കുകള്‍ ഇ.ബി.എല്‍.ആറിലേക്ക് മാറുമോ?
പലരും ഉന്നയിച്ച ഒരു ചോദ്യമാണ് ലയന ശേഷം നിലവിലുള്ള ഭവന വായ്പകളുടെ പലിശ നിരക്കുകള്‍ റീറ്റെയ്ല്‍ പ്രൈം ലെന്‍ഡിംഗ് നിരക്കുകളുമായി (ആര്‍.പി.എല്‍.ആര്‍) ബന്ധിപ്പിക്കുമോ എന്നത്. ഇല്ല. ലയന ശേഷം എച്ച്.ഡി.എഫ്.സി ലിമിറ്റഡിന്റെ ഇടപാടുകാര്‍ എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ഇടപാടുകാരായി മാറും. ഭവന വായ്പാ കമ്പനിയായ എച്ച്.ഡി.എഫ്.സി ലിമിറ്റഡിന്റെ അടിസ്ഥാന പലിശ നിരക്ക് റിസര്‍വ് ബാങ്കിന്റെ ചട്ടപ്രകാരമുള്ള എക്‌സ്റ്റേണല്‍ ബെഞ്ച് മാര്‍ക്ക് ലെന്‍ഡിംഗ് റേറ്റ് (ഇ.ബി.എല്‍.ആര്‍) അടിസ്ഥാനമായുള്ളതല്ല. ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ക്ക് മാത്രമാണ് ഇത് ബാധകം. ലയന ശേഷം എച്ച്.ഡി.എഫ്.സി ലിമിറ്റഡിലെ വായ്പകള്‍ക്കും ഇ.ബി.എല്‍.ആര്‍ ബാധകമാകും. പലിശ നിരക്ക് കുറയ്ക്കാന്‍ ഇത് വഴിയൊരുക്കും.
പുതിയ ഭവന വായ്പകളുടെ ഇ.എം.ഐയില്‍ മാറ്റം വരുമോ?
ഭവന വായ്പകളില്‍ മാറ്റമൊന്നുമുണ്ടാകില്ല. തിരിച്ചടവ് രീതി, പലിശ നിരക്ക്, വായ്പാ നിബന്ധനകള്‍ ഇവയെല്ലാം പഴയ പടി തുടരും. ഏതെങ്കിലും തരത്തിലുള്ള മാറ്റമുണ്ടായാല്‍ ബാങ്ക് ഇടപാടുകാരെ അറിയിക്കുകയും ചെയ്യും.
മുന്‍കൂര്‍ തിരിച്ചടവിന് എന്തു ചെയ്യണം?
ഭവന വായ്പകള്‍ കാലാവധിയെത്തും മുന്‍പ് തിരിച്ചടയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ഏതെങ്കിലും ശാഖയെ സമീപിച്ചാല്‍ മതി. അല്ലെങ്കില്‍ customer.service@hdfc.com എന്ന ഇ-മെയ്ല്‍ വഴിയോ കോള്‍ സെന്റര്‍ വഴിയോ ബാങ്കുമായി ബന്ധപ്പെടാം.
എച്ച്.ഡി.എഫ്.സി ബാങ്കില്‍ അക്കൗണ്ട് ഇല്ലാത്തവര്‍ക്ക് ബാങ്ക് വെബ്‌സൈറ്റ് വഴി ഭവന വായ്പാ വിവരങ്ങള്‍ അറിയാനാകുമോ?
എച്ച്.ഡി.എഫ്.സി ബാങ്കില്‍ സേവിംഗ്‌സ് അക്കൗണ്ടോ കറന്റ് അക്കൗണ്ടോ ഇല്ലെങ്കില്‍ എച്ച്.ഡി.എഫ്.സി ഭവന വായ്പാ ഉപയോക്താക്കള്‍ക്ക് ബാങ്കിന്റെ വെബ്‌സൈറ്റിലെ ഭവന വായ്പാ വിഭാഗം വഴി വിവരങ്ങള്‍ ലഭ്യമാക്കാം. ലയന ശേഷം നിലവിലുള്ള ലോഗ് ഇന്‍ വിവരങ്ങള്‍ ഉപയോഗിച്ച് എച്ച്.ഡി.എഫ്.സി പോര്‍ട്ടലിലേക്ക് പ്രവേശിക്കാം. നിലവില്‍ കറന്റ്, സേവിംഗ് അക്കൗണ്ട് ഉള്ളവര്‍ക്കാണെങ്കില്‍ നെറ്റ് ബാങ്കിംഗ് പോര്‍ട്ടലുപയോഗിച്ച് തന്നെ ഭവന വായ്പാ വിവരങ്ങള്‍ അറിയാനാകും.
ലയനത്തിനു മുമ്പ് അനുമതി ലഭിച്ച വായ്പകള്‍ക്കുള്ള പ്രോപ്പര്‍ട്ടി രേഖകള്‍ എവിടെ നല്‍കണം? വായ്പ എങ്ങനെ ലഭിക്കും?
ഭവന വായ്പാ റിലേഷന്‍ഷിപ്പ് മാനേജറെ സമീപിച്ച് പ്രോപ്പര്‍ട്ടിയുമായി ബന്ധപ്പെട്ട രേഖകള്‍ പങ്കുവയ്ക്കുക. അല്ലെങ്കില്‍ മെയില്‍ അയക്കുകയോ അടുത്തുള്ള എച്ച്.ഡി.എഫ്.സി ബാങ്ക് സന്ദര്‍ശിക്കുകയോ ചെയ്യാം.
ബാങ്ക് നിയമിച്ചിട്ടുള്ള വ്യക്തി വഴി വായ്പ നിങ്ങള്‍ക്ക് ലഭ്യമാക്കാവുന്നതാണ്. സാങ്കേതികമായി പ്രോപ്പര്‍ട്ടിക്ക് വിലയിട്ട് നിയമപരമായ ഡോക്യുമെന്റേഷന്‍ പൂര്‍ത്തിയാക്കും.
നിക്ഷേപങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുമോ?
എച്ച്.ഡി.എഫ്.സി ബാങ്കിലെ നിക്ഷേപങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ട്. നിക്ഷേപത്തുകയ്ക്കും പലിശയ്ക്കും പരിരക്ഷ ലഭിക്കും. ലയനശേഷം എച്ച്.ഡി.എഫ്.സി ലിമിറ്റഡിന്റെ ഉപയോക്താക്കള്‍ക്കും പരിരക്ഷ ലഭിക്കും.
നിക്ഷേപം പിന്‍വലിച്ചാല്‍ പലിശ നിരക്ക് കുറയുമോ?
നിലവില്‍ എച്ച്.ഡി.എഫ്.സി ലിമിറ്റഡിന്റെ സ്ഥിര നിക്ഷേപകര്‍ക്ക് കുറഞ്ഞത് മൂന്നു മാസത്തിനു ശേഷമേ നിക്ഷേപം പിന്‍വലിക്കാന്‍ അനുമതിയുള്ളു. ഇത്തരത്തില്‍ നിക്ഷേപം പിന്‍വലിക്കുമ്പോള്‍ പലിശ നിരക്ക് കുറയാനും സാധ്യതയുണ്ട്. എന്നാല്‍ എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ഇടപാടുകാര്‍ക്ക് എപ്പോള്‍ വേണമെങ്കിലും നിക്ഷേപം പിന്‍വലിക്കാം. നിശ്ചിത തുക പിഴ ഈടാക്കുമെന്നു മാത്രം.
കടപ്പത്രങ്ങളുടെ നിബന്ധനയില്‍ മാറ്റമുണ്ടാകുമോ?
ലയന ശേഷം എച്ച്.ഡി.എഫ്.സി ലിമിറ്റഡിന്റെ നിലവിലെ കടപ്പത്ര നിബന്ധനകളില്‍ മാറ്റം വരുത്താനിടയില്ല. കാലാവധി പൂര്‍ത്തിയാകും വരെ പഴയ നിബന്ധനകള്‍ തുടര്‍ന്നേക്കും.
നികുതി ആവശ്യങ്ങള്‍ക്ക് പലിശ സര്‍ട്ടിഫിക്കറ്റ് എങ്ങനെ ലഭിക്കും?
ബാങ്കിന്റെ വെബ്‌സൈറ്റ് വഴി പലിശ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം. അല്ലെങ്കില്‍ രജിസ്‌റ്റേഡ് ഇ-മെയില്‍ വഴി ആവശ്യപ്പെടാം. അടുത്തുള്ള ബാങ്ക് ശാഖ വഴി നേരിട്ടും ലഭിക്കും.
Next Story
Videos