ഭവന വായ്പയെടുക്കുന്നതിന് മുമ്പ് ശ്രദ്ധിക്കണം ഈ അഞ്ചു കാര്യങ്ങള്‍

ഏറെ നാളത്തെ കാലാവധിയില്‍ വന്‍ തുക വായ്പയെടുക്കുന്നു എന്നതാണ് ഭവന വായ്പയുടെ ഒരു പ്രത്യേകത. അതുകൊണ്ടു തന്നെ വായ്പ നേടുമ്പോള്‍ തന്നെ ശ്രദ്ധ പുലര്‍ത്തിയില്ലെങ്കില്‍ ജീവിത കാലം മുഴുവന്‍ ദുഃഖിക്കേണ്ടി വരും. ഭവന വായ്പ എടുക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട അഞ്ചു കാര്യങ്ങളാണ് ചുവടെ.

1. ഡൗണ്‍പേമെന്റിന് തുക കണ്ടെത്തുക
വസ്തു മൂല്യത്തിന്റെ 75 മുതല്‍ 90 ശതമാനം വരെയാണ് സാധാരണ ഭവന വായ്പയായി ലഭ്യമാകുക. ഇടപാടുകാരന്റെ തിരിച്ചടവ് ശേഷിക്കനുസരിച്ച് ബാങ്കുകള്‍ക്ക് ഇത് കൂട്ടാനും കുറയ്ക്കാനും കഴിയും. ബാക്കി വരുന്ന തുക വായ്പയെടുക്കുന്നയാള്‍ സ്വന്തം നിലയില്‍ കണ്ടെത്തണം. ആകെ കണക്കാക്കിയിരിക്കുന്ന ചെലവിന്റെ 10-25 ശതമാനം തുക സ്വന്തം നിലയില്‍ സ്വരൂപിക്കാനുള്ള വഴി കണ്ടെത്തി വേണം വായ്പയ്ക്കായി അപേക്ഷിക്കാന്‍. ഡൗണ്‍ പേമെന്റായി ഇടപാടുകാരന്‍ കൂടുതല്‍ തുക കണ്ടെത്തുന്നത് വായ്പയുടെ അപ്രൂവല്‍ പെട്ടെന്ന് ലഭിക്കാനും പലിശയില്‍ കുറവ് ലഭിക്കാനും സഹായിച്ചേക്കാം. എന്നിരുന്നാലും അടിയന്തിരാവശ്യങ്ങള്‍ക്കുള്ള തുക ഇതിനായി വിനിയോഗിക്കേണ്ടതില്ല.
2. ഭവന വായ്പയ്ക്ക് അപേക്ഷിക്കുന്നതിനു മുമ്പ് ക്രെഡിറ്റ് സ്‌കോര്‍ പരിശോധിക്കുക
ഒരാള്‍ക്ക് വായ്പ നല്‍കേണ്ടതുണ്ടോ എന്ന് ബാങ്കുകള്‍ തീരുമാനിക്കുന്നത് അയാളുടെ ക്രെഡിറ്റ് സ്‌കോര്‍ വിലയിരുത്തിയാണ്. 750 മുകളിലാണ് ക്രെഡിറ്റ് സ്‌കോര്‍ എങ്കില്‍ കുറഞ്ഞ പലിശ നിരക്കില്‍ പെട്ടെന്ന് വായ്പ ലഭിക്കും. ഭാവിയില്‍ ഭവന വായ്പയെടുക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ഇടയ്ക്ക് പരിശോധിച്ച് ക്രെഡിറ്റ് സ്‌കോര്‍ വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളെടുക്കാനാകും.
3. വിവിധ ബാങ്കുകളുടെ വായ്പാ പദ്ധതികള്‍ താരതമ്യം ചെയ്യുക
പലിശ നിരക്ക്, പ്രോസസിംഗ് ചാര്‍ജുകള്‍, തിരിച്ചടവ് കാലാവധി, വായ്പാ തുക, ലോണ്‍ ടു വാല്യു അനുപാതം തുടങ്ങിയവ വിവിധ ബാങ്കുകളുടേത് വ്യത്യസ്തമായിരിക്കും. വായ്പയ്ക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വിവിധ ബാങ്കുകളുടെ നിരക്ക് പരിശോധിക്കുന്നത് നല്ലതാണ്. വിവിധ ബാങ്കുകള്‍ നല്‍കുന്ന പലിശ നിരക്കും മറ്റ് ഓഫറുകളും താരതമ്യം ചെയ്യാന്‍ ഓണ്‍ലൈനിലൂടെ തന്നെ കഴിയും. ഇതിലൂടെ കുറഞ്ഞ പലിശ നിരക്കും കൂടുതല്‍ ആവശ്യത്തിന് കാലാവധിയും വായ്പാ തുകയും നല്‍കുന്ന ബാങ്കുകള്‍ തെരഞ്ഞെടുക്കാനുമാകും.
4. ഇഎംഐ താങ്ങാവുന്നതാണോ?
വായ്പ നല്‍കുമ്പോള്‍ തന്നെ ബാങ്കുകള്‍ ഇടപാടുകാരന് തിരിച്ചടയ്ക്കാനുള്ള സാമ്പത്തിക ശേഷിയുണ്ടോ എന്ന് പരിശോധിക്കും. പുതിയ ഭവന വായ്പ ഉള്‍പ്പടെ വ്യക്തിയുടെ ആകെ ഇഎംഐ ബാധ്യത വരുമാനത്തിന്റെ 50-60 ശതമാനത്തിനുള്ളില്‍ ആയിരിക്കണം എന്നാണ്. ഇതില്‍ കൂടുതല്‍ ബാധ്യതയുള്ളവര്‍ക്ക് വായ്പ ലഭിക്കാന്‍ ബുദ്ധിമുട്ടായിരിക്കും. നിലവിലുള്ള മറ്റു വായ്പകള്‍ കാലാവധിക്ക് മുമ്പ് തിരിച്ചടച്ചോ പുതിയ ഭവന വായ്പയുടെ കാലാവധി നീട്ടി ഇഎംഐ കുറച്ചോ ഈ പ്രശ്‌നം മറികടക്കാം. ഓണ്‍ലൈനില്‍ ലഭ്യമായ ഇഎംഐ കാല്‍ക്കുലേറ്ററുകളുടെ സഹായത്താല്‍ സ്വയം തിരിച്ചടവ് ശേഷി പരിശോധിക്കാം. അതിനനുസരിച്ചുള്ള തുക വായ്പയെടുക്കാനും ഇതിലൂടെ കഴിയും.
5. തിരിച്ചടവ് മുടങ്ങാതിരിക്കാന്‍ പോംവഴി കാണുക
കോവിഡ് 19 പോലുള്ള മഹാമാരികള്‍ അപ്രതീക്ഷിതമായ സാമ്പത്തിക തിരിച്ചടികളാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. ജോലി നഷ്ടപ്പെടല്‍, രോഗബാധിതരാകല്‍ തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ കൊണ്ട് താല്‍ക്കാലികമായെങ്കിലും തിരിച്ചടവിന് ബുദ്ധിമുട്ട് നേരിടാം. ഭവന വായ്പ തിരിച്ചടവ് മുടങ്ങിയാല്‍ വലിയ തുക പിഴയായി നല്‍കേണ്ടി വരുമെന്ന് മാത്രമല്ല, ക്രെഡിറ്റ് സ്‌കോറിനെയും ബാധിക്കും. മറ്റു നിക്ഷേപങ്ങള്‍ എടുത്ത് ഇഎംഐ അടയ്ക്കാമെന്നു വെച്ചാല്‍ ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങളെ സാരമായി ബാധിക്കുകയും ചെയ്യും. അതുകൊണ്ട് ചുരുങ്ങിയത് ആറു മാസത്തേക്ക് വരുമാനം ഇല്ലെങ്കിലും ഭവന വായ്പ തിരിച്ചടവിനുള്ള തുക എമര്‍ജന്‍സി ഫണ്ടായി കരുതുന്നത് നല്ലതാകും.



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it