Begin typing your search above and press return to search.
കെ.വൈ.സി അപ്‌ഡേറ്റ് ചെയ്തിട്ടില്ലെങ്കില്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് നിരീക്ഷണത്തില്‍
കെ.വൈ.സി അപ്‌ഡേറ്റ് ചെയ്യാത്ത, ഉയര്‍ന്ന ബാലന്‍സ് സൂക്ഷിക്കുന്ന ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ക്ക് ആര്‍.ബി.ഐ നിരീക്ഷണമേര്‍പ്പെടുത്തുന്നു. ഈ അക്കൗണ്ടുകളില്‍ എന്തെങ്കിലും അപകട സാധ്യത ഉണ്ടോയെന്ന് റിസര്‍വ് ബാങ്ക് ഭയക്കുന്നു.
ട്രസ്റ്റുകള്‍, അസോസിയേഷനുകള്‍, സൊസൈറ്റികള്‍, ക്ലബുകള്‍ ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികള്‍(HNIs) എന്നിവയുടെയൊക്കെ അക്കൗണ്ടുകള്‍ക്ക് ഇത് ബാധകമാണ്.
ജൂണ്‍ വരെ സമയം
ചില ബാങ്ക് അക്കൗണ്ടുകള്‍ വഴി നടന്ന ഇടപാടുകള്‍ വിശദമായി പരിശോധിച്ചപ്പോള്‍ കെ.വൈ.സി അപ്‌ഡേറ്റ് ചെയ്തിരുന്നില്ല എന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് നീക്കമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു.
എല്ലാ ഉപയോക്താക്കളുടെയും അക്കൗണ്ടുകള്‍ 2023 ജൂണിനു മുന്‍പായി കെ.വൈ.സി അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തണമെന്നാണ് ആര്‍.ബി.ഐ ബാങ്കുകള്‍ക്ക് നല്‍കിയ നിര്‍ദേശം.
കോവിഡിന്റെ പശ്ചാത്തലത്തില്‍ കെ.വൈ.സി അപ്‌ഡേറ്റ് ചെയ്യാത്ത ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നത് ആര്‍.ബി.ഐ നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ചില അക്കൗണ്ടുടമകള്‍ കെ.വൈ.സി അപ്‌ഡേറ്റ് ചെയ്യുന്നില്ലെന്ന് ബാങ്കിംഗ് വൃത്തങ്ങള്‍ പറയുന്നു. ഇത്തരം അക്കൗണ്ടുകള്‍ ഇനി മരവിപ്പിക്കേണ്ടിവരുമോ എന്നത് സംബന്ധിച്ച് ആര്‍.ബി.ഐയില്‍ നിന്ന് വ്യക്തത ലഭിക്കാന്‍ കാത്തിരിക്കുകയാണ് ബാങ്കുകള്‍.
ഡിജിറ്റല്‍ ഇന്ത്യയ്ക്കായി
എല്ലാവര്‍ക്കും ഒരേ കെ.വൈ.സി പ്രക്രിയ എന്നതില്‍ നിന്നു മാറി റിസ്‌ക് കണക്കിലെടുത്തുകൊണ്ടുള്ള സമീപനം കെ.വൈ.സി ചട്ടങ്ങളില്‍ വരുത്തണമെന്ന് 2024 ലെ ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ ആവശ്യപ്പെട്ടിരുന്നു. ഡിജിറ്റല്‍ ഇന്ത്യയുടെ ആവശ്യങ്ങള്‍ നേരിടാന്‍ പറ്റുന്ന വിധത്തില്‍ കെ.വൈ.സി സംവിധാനം പരിഷകരിക്കാന്‍ ശ്രമിക്കണമെന്നാണ് ധനമന്ത്രിയുടെ ആവശ്യം.
വിവിധ തിരിച്ചറിയല്‍ രേഖകളില്‍ ഒന്നിലധികം അക്കൗണ്ടുകള്‍ പലര്‍ക്കും പല ബാങ്കുകളിലുമുണ്ട്. ഇത് ഒഴിവാക്കാന്‍ കേന്ദ്ര കെ.വൈ.സി സംവിധാനം മെച്ചപ്പെടുത്തുന്നതിനും ബാങ്കുകള്‍ ആര്‍.ബി.ഐയുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.
ബാങ്ക് ഗവേണന്‍സ് മെച്ചപ്പെടുത്താനും നിക്ഷേപകരുടെ സുരക്ഷ ഉറപ്പു വരുത്താനും ബാങ്കിംഗ് റഗുലേഷന്‍ ആക്റ്റ്, ബാങ്കിംഗ് കമ്പനീസ് ആക്റ്റ്, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആക്റ്റ് എന്നിവയില്‍ ഭേദഗതി വരുത്താനുള്ള നടപടികളിലാണ് സര്‍ക്കാര്‍.
Next Story
Videos