സഹകരണ ബാങ്കുകള്‍ക്ക് മുന്നറിയിപ്പുമായി ഹൈക്കോടതി; നിക്ഷേപകരുടെ പണം തിരികെ നല്‍കണം
സഹകരണ ബാങ്കുകള്‍ക്ക് മുന്നറിയിപ്പുമായി ഹൈക്കോടതി. നിക്ഷേപകരുടെ പണം തിരികെ നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ സാഹചര്യം വളരെ മോശമാകും. ഒരു ബാങ്കിന് ഇളവ് അനുവദിച്ചാല്‍ അത് ഭാവിയില്‍ എല്ലാ നിക്ഷേപകരെയും ബാധിക്കും. സംസ്ഥാനത്തിന്റെ സാമ്പത്തിക വ്യവസ്ഥയ്ക്ക് വെല്ലുവിളിയാകുമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.
ഉത്തരവാദിത്വം ബാങ്കുകൾക്ക്
ബാങ്ക് നഷ്ടത്തിലായതോടെ കാലാവധി പൂര്‍ത്തിയായ സ്ഥിരനിക്ഷേപങ്ങള്‍ പോലും മടക്കിനല്‍കാനാവുന്നില്ലെന്ന പാലാ കിഴതടിയൂര്‍ സര്‍വീസ് കോഓപ്പറേറ്റീവ് ബാങ്കിന്റെ ഹര്‍ജിയിലാണ് സ്ഥിതി രൂക്ഷമാകുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നല്‍കിയത്. നിക്ഷേപകര്‍ പണം എപ്പോള്‍ ആവശ്യപ്പെടുന്നുവോ അപ്പോള്‍ പണം തിരികെ നല്‍കാന്‍ ബാങ്കുകള്‍ ബാധ്യസ്ഥരാണെന്നും കോടതി നിരീക്ഷിച്ചു.
ഹര്‍ജി ഏപ്രില്‍ 11ലേക്ക് മാറ്റി. ഇത് ഒറ്റപ്പെട്ട വിഷയമല്ലെന്നും സഹകരണ മേഖലയെ മൊത്തത്തില്‍ ബാധിക്കുന്നതാണെന്നും കോടതി വിലയിരുത്തി. നിക്ഷേപത്തുക നല്‍കാനാവാത്ത സാഹചര്യത്തില്‍ ആര്‍ബിട്രേറ്ററുടെ സാന്നിദ്ധ്യത്തില്‍ പരിഹാരം കണ്ടെത്തണമെന്നാണ് സഹകരണ ചട്ടത്തിലെ വ്യവസ്ഥ.