ഓണ്‍ലൈന്‍ തട്ടിപ്പില്‍ പെടാതിരിക്കാന്‍ എന്തൊക്കെ ശ്രദ്ധിക്കണം?

ബാങ്ക് ഇടപാടുകളുമായി ബന്ധപ്പെട്ടുള്ള പരാതികളുടെ പരിഹാരത്തിനായി വളരെ ഫലപ്രദമായ സംവിധാനങ്ങളാണ് ഇപ്പോള്‍ നിലവിലുള്ളത്. നേരത്തെ നിലവിലുണ്ടായിരുന്ന മൂന്ന് വ്യത്യസ്ത ബാങ്കിങ് ഓംബുഡ്‌സ്മാന്‍ സംവിധാനങ്ങള്‍ ഒരുമിച്ചു ചേര്‍ത്ത് കഴിഞ്ഞ നവംബറില്‍ റിസര്‍വ് ബാങ്ക് ഇന്റഗ്രേറ്റഡ് ഓംബുഡ്‌സ്മാന്‍ സംവിധാനം കൊണ്ടുവന്നു. നേരത്തെ ബാങ്കുകളിലെ ഇടപാടുകളുമായി ബന്ധപ്പെട്ട പരാതികള്‍ മാത്രമായിരുന്നു ബാങ്കിങ് ഓംബുഡ്‌സ്മാന്‍ കൈകാര്യം ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ വലിയ ബാങ്കിതര ധനകാര്യസ്ഥാപനങ്ങളും അര്‍ബന്‍ സഹകരണ ബാങ്കുകളും മറ്റും റിസര്‍വ് ബാങ്കിന്റെ ഇന്റര്‍ഗ്രേറ്റഡ് ഓംബുഡ്‌സ്മാന്‍ സംവിധാനത്തിന്റെ കീഴില്‍ കൊണ്ടുവന്നിട്ടുണ്ട്. മാത്രമല്ല പരാതികള്‍ ഓണ്‍ലൈന്‍ വഴി നല്‍കാനുള്ള സാങ്കേതിക സംവിധാനങ്ങളും നിലവിലുണ്ട്.

മുപ്പതു ശതമാനം പരാതികള്‍ ഡിജിറ്റല്‍ ബാങ്കിങ് രംഗത്ത്

2021 - 22 സാമ്പത്തിക വര്‍ഷത്തില്‍ ഇന്റര്‍ഗ്രേറ്റഡ് ഓംബുഡ്‌സ്മാന്‍ സംവിധാനത്തില്‍ പരിശോധിച്ചു തീര്‍പ്പുകല്‍പിച്ച പരാതികളില്‍ ഏറ്റവും കൂടുതല്‍ എ ടി എം സംബന്ധിച്ച പരാതികളും മൊബൈല്‍, ഇലക്ട്രോണിക് ബാങ്കിങ് പരാതികളുമാണ്. ആകെ കൈകാര്യം ചെയ്ത പരാതികളില്‍ മുപ്പതു ശതമാനം ഈ വിഭാഗത്തില്‍ പെടുന്നു. മാത്രമല്ല ഡിജിറ്റല്‍ ബാങ്കിങ് ഇടപാടുകള്‍ സാര്‍വത്രികമാകുന്നതോടൊപ്പം ഈ രംഗത്തുള്ള പരാതികളും വര്‍ധിക്കുകയാണ്.

റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശപ്രകാരവും ധനകാര്യസ്ഥാപനങ്ങളുടെ താല്‍പ്പര്യത്തിലും മൊബൈല്‍, ഇലക്ട്രോണിക്, ഓണ്‍ലൈന്‍, ഇന്റര്‍നെറ്റ് ബാങ്കിങ് എന്നിവയുടെ സാങ്കേതിക മികവും സുരക്ഷയും നിരന്തരമായി മെച്ചപ്പെടുത്തുന്നുണ്ട്. എന്നിട്ടും കള്ളത്തരം ചെയ്യുവാന്‍ കച്ചകെട്ടിയിറങ്ങിയ തട്ടിപ്പുകാര്‍ പലതരം മാര്‍ഗ്ഗങ്ങളിലൂടെ ഇടപാടുകാരുമായി ബന്ധപ്പെട്ടു, തെറ്റിദ്ധരിപ്പിച്ചു, മോഹിപ്പിച്ചു, പണം തട്ടിയെടുക്കുന്ന പരാതികള്‍ ഏറെയാണ്.

പ്രധാന കാരണം ഇടപാടുകാരുടെ അശ്രദ്ധ

ഇതില്‍ ഏറ്റവും വ്യസനകരമായ കാര്യം ഈ തട്ടിപ്പുകളില്‍ അധികവും സാധ്യമാകുന്നത് ഇടപാടുകാര്‍ തങ്ങളുടെ പാസ്‌വേര്‍ഡ്, ഒ ടി പി, എ ടി എം നമ്പര്‍, ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍, പിന്‍, സി വി വി, എന്നിവ സോഷ്യല്‍ മീഡിയ വഴിയും ഫോണ്‍ വഴിയും മറ്റും അപരിചിതരായവര്‍ക്കു കൊടുക്കുന്നത് കൊണ്ടാണ് എന്നതാണ്. എസ് എം എസ് വഴിയോ വാട്ട്‌സപ്പ് വഴിയോ വരുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്ത് ചതിയില്‍ പെടുന്നു. ഇലക്ട്രിസിറ്റി ഓഫീസില്‍ നിന്നാണ് എന്ന് പറഞ്ഞു വരുന്ന ഫോണ്‍ വിളികളില്‍ അന്ധമായി വിശ്വസിച്ചു പണം അയച്ചാല്‍ ചതിയില്‍ അകപ്പെടും.

ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്ത സാധനം വരാന്‍ വൈകിയാല്‍ ഗൂഗിളില്‍ നിന്ന് കിട്ടുന്ന ഫോണ്‍ നമ്പര്‍ ശരിയായത് ആകണമെന്നില്ല. ആ നമ്പറില്‍ വിളിച്ചാല്‍ മിക്കവാറും ആദ്യത്തെ വിളിയില്‍ അപ്പുറത്തു ഫോണ്‍ എടുക്കില്ല. കുറച്ചു കഴിഞ്ഞു തിരിച്ചു വിളിച്ചു പറയും; ലിങ്ക് അയച്ചു തരാം അതില്‍ ക്ലിക്ക് ചെയ്തു ഓര്‍ഡര്‍ ചെയ്ത വിവരങ്ങള്‍ നല്‍കാന്‍. ഇങ്ങനെ വരുന്ന ലിങ്കുകള്‍ അധികവും ഇടപാടുകാരുടെ ഫോണ്‍ കോപ്പി ചെയ്യുന്ന (മിറര്‍) തട്ടിപ്പു ആപ്പുകളോ സോഫ്റ്റ് വെയറോ ആകാം. ഏതു കാര്യത്തിനായാലും ഗൂഗിളില്‍ നിന്നോ സോഷ്യല്‍ മീഡിയയില്‍ നിന്നോ കിട്ടുന്ന ഫോണ്‍ നമ്പര്‍ ഉപയോഗിക്കുമ്പോള്‍ ഓര്‍ക്കുക, ഇത് ചിലപ്പോള്‍ തട്ടിപ്പുകാരുടെ ചൂണ്ടയാകാം.

ഫേസ് ബുക്കിലും ടെലഗ്രാമിലും കാണുന്ന ഓഫറുകളില്‍ ആലോചിക്കാതെയും മനസ്സിലാക്കാതെയും മുന്നോട്ടുപോയാല്‍ പണം നഷ്ടപ്പെടാം. വസ്തുവോ വാഹനമോ വില്‍ക്കാനായി അതിനുള്ള വെബ് പോര്‍ട്ടലുകളില്‍ കൊടുത്തിട്ടുണ്ടെങ്കില്‍ അത് സംബന്ധിച്ച വരുന്ന ഫോണുകള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. തട്ടിപ്പുകാര്‍ ഈ റൂട്ട് ഉപയോഗിക്കുന്നത് സാധാരണമാണ്. ക്രെഡിറ്റ് കാര്‍ഡിനോ ഡെബിറ്റ് കാര്‍ഡിനോ അപേക്ഷിച്ചിട്ടുണ്ടെങ്കില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള ബാങ്കിന്റെ കസ്റ്റമര്‍ കെയറില്‍ നിന്നാണെന്നു പറഞ്ഞു ഫോണ്‍ വന്നാല്‍ രണ്ടു വട്ടം ആലോചിച്ചു മാത്രം പ്രതികരിക്കുക. ഒരു കാരണവശാലും പാസ്്‌വേര്‍ഡ് എന്നിവ പറഞ്ഞുകൊടുക്കരുത്. ഒരു ലിങ്കും ക്ലിക്ക് ചെയ്യരുത്.

ജോലിക്ക് വേണ്ടി ഏതെങ്കിലും ഇടങ്ങളില്‍ പ്രൊഫൈല്‍ ഷെയര്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഫോണ്‍ വിളികള്‍ പ്രതീക്ഷിക്കാം, അപേക്ഷ ചില കമ്പനികള്‍ക്ക് കൊടുക്കാന്‍ പണം വേണം, ഇന്റര്‍വ്യൂ ശരിയാക്കാന്‍ പണം വേണം എന്നിങ്ങനെയെല്ലാം ആവാം പറയുക. ആവശ്യക്കാരനാണെന്ന് തട്ടിപ്പുകാര്‍ക്ക് അറിയാം. അത്തരക്കാരെയാണ് അവര്‍ വലയിലാക്കുന്നതും. ഗിഫ്റ്റ് വന്നിട്ടുണ്ടെന്ന് പറഞ്ഞു കൊറിയര്‍ കമ്പനിയില്‍നിന്നാണെന്നും കസ്റ്റംസില്‍ നിന്നാണെന്നും പോലീസില്‍ നിന്നാണെന്നും ആദായ വകുപ്പില്‍ നിന്നാണെന്നും മറ്റും പറഞ്ഞുള്ള ഫോണുകള്‍ വന്നാല്‍ കാര്യങ്ങള്‍ വിശദമായും പൂര്‍ണമായും മനസ്സിലാക്കി മാത്രം പണമിടപാടിലേക്കും മറ്റും കടന്നാല്‍ മതി. സോഷ്യല്‍ മീഡിയ വഴി മാത്രം അറിയാവുന്ന കൂട്ടരുമായി ബിസിനസ്സ് തുടങ്ങാന്‍ തീരുമാനിക്കുന്നത് പലപ്പോഴും അപകടത്തില്‍ പെടുത്തും.

ഇടപാടുകാരുടെ അശ്രദ്ധമൂലം പണം നഷ്ടപ്പെട്ടാല്‍ തിരിച്ചു കിട്ടില്ല

മുകളില്‍ സൂചിപ്പിച്ച അവസരങ്ങളില്‍ എല്ലാം ഇടപാടുകാരുടെ അശ്രദ്ധമൂലമാണ് പണം നഷ്ടപ്പെടുക. അങ്ങനെ സ്വന്തം അശ്രദ്ധമൂലം പണം നഷ്ടപ്പെട്ടാല്‍ ആ തുക ബാങ്ക് തിരിച്ചു നല്‍കില്ല. അതിനാല്‍ മൊബൈല്‍ ബാങ്കിങ്, ഓണ്‍ലൈന്‍ ബാങ്കിങ്, ഇന്റര്‍നെറ്റ് ബാങ്കിങ് എന്നിവ ഉപയോഗിക്കുമ്പോഴും യു പി ഐ ആപ്ലിക്കേഷന്‍സ് ഉപയോഗിക്കുമ്പോഴുമെല്ലാം ആവശ്യമായ ശ്രദ്ധ കാണിക്കുക. അപരിചിതരില്‍ നിന്നുള്ള ഫോണ്‍ വിളികളും മെസ്സേജുകളും വളരെ ശ്രദ്ധിച്ചു കൈകാര്യം ചെയ്യുക. നിര്‍ഭാഗ്യവശാല്‍ എന്തെങ്കിലും തട്ടിപ്പിന് ഇരയായാല്‍ എത്രയും പെട്ടെന്ന് ബാങ്കുമായി ബന്ധപ്പെടുക. അങ്ങനെയെങ്കില്‍ കൂടുതല്‍ ബുദ്ധിമുട്ടുകള്‍ വരാതെ നോക്കാന്‍ ബാങ്കിന് കഴിയും.

ഡിജിറ്റല്‍ ബാങ്കിങ് സുഗമമാണ്, സൂക്ഷിച്ചു ഉപയോഗിക്കുക

വൈദ്യുതി ഉപയോഗിക്കാത്ത വീടുകള്‍ കുറവാണ്. സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കില്‍ അപകടം ഉണ്ടാവാം. വാഹനം ഓടിക്കാതിരിക്കാന്‍ കഴിയില്ല. നിയമങ്ങള്‍ പാലിച്ചും റോഡുകളില്‍ ശ്രദ്ധിച്ചും പോയില്ലെങ്കില്‍ അപകടം ഉണ്ടാകാം. അതിനര്‍ത്ഥം നാം ഇവയൊന്നും ഉപേക്ഷിക്കണമെന്നല്ല. ഡിജിറ്റല്‍ ബാങ്കിങ് സുഗമവും സന്തോഷകരവുമായ ബാങ്കിങ് അനുഭവമാണ്. അത് ഉപയോഗിക്കുമ്പോള്‍ ആവശ്യമായ നിയമങ്ങളും സുരക്ഷാരീതികളും പാലിക്കുക.



(ബാങ്കിങ് ധനകാര്യ വിദഗ്ദ്ധനാണ് ലേഖകന്‍)

Babu K A
Babu K A - Banking and Financial Expert  
Related Articles
Next Story
Videos
Share it