ഒരു ഡീമാറ്റ് അക്കൗണ്ട് ഉപയോഗിക്കേണ്ടത് എങ്ങനെ? പ്രയോജനം എന്ത്? അറിയാം ചില കാര്യങ്ങൾ!

ഡീമാറ്റ് അക്കൗണ്ട് ഏതാണ്ട് ഒരു ബാങ്ക് അക്കൗണ്ട് പോലെ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്.

പണം സ്വീകരിക്കാനും നിക്ഷേപിക്കാനും നമ്മള്‍ ബാങ്ക് അക്കൗണ്ട് ഉപയോഗിക്കുന്നതുപോലെ ഓഹരികള്‍ വാങ്ങി രേഖപ്പെടുത്തി വയ്‌ക്കുന്നതും അത് പിന്നീടു വിൽക്കുന്നതും ഡീമാറ്റ് അക്കൗണ്ട് വഴിയാണ്. സെബി (SEBI) യുടെ നിയമപ്രകാരം ഓഹരികളുടെ വില്‍പ്പന, കമ്പനികളുടെ പ്രാഥമിക ഓഹരി വില്‍പ്പനയില്‍ പങ്കാളികളാകല്‍, തുടങ്ങി ഓഹരി വിപണിയുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകള്‍ക്കും ഡീമാറ്റ് അക്കൗണ്ട് ആവശ്യമാണ്.
ഇന്ത്യയിൽ, നാഷണൽ സെക്യൂരിറ്റി ഡിപോസിറ്ററി ലിമിറ്റഡ് (എൻ‌എസ്‌ഡി‌എൽ), സെൻ‌ട്രൽ ഡിപോസിറ്ററി സർവീസസ് ലിമിറ്റഡ് (സി‌ഡി‌എസ്‌എൽ) എന്നിങ്ങനെ രണ്ട് ഡിപോസിറ്ററി ഓർ‌ഗനൈസേഷനുകളാണ് ഡിമാറ്റ് അക്കൗണ്ട് കൈകാര്യം ചെയ്യുന്നത്.
ഡീമാറ്റ് അക്കൗണ്ട് തുടങ്ങേണ്ടത് എങ്ങനെ?
ഓഹരി ബ്രോക്കര്‍മാര്‍ വഴിയാണ് അക്കൗണ്ടുകള്‍ തുറക്കേണ്ടത്. ഓണ്‍ലൈനായോ ഓഫ്‍ലൈനായോ അക്കൗണ്ട് തുറക്കാം. അതായത് ഡീമാറ്റ് അക്കൗണ്ട് ഓപ്പണ്‍ ചെയ്യാന്‍ ഫിനാന്‍ഷ്യല്‍ സര്‍വിസസ് സേവനം നല്‍കുന്ന സെബി അംഗീകാരം നൽകിയിട്ടുള്ള ഏതെങ്കിലും ഒരു അംഗീകൃത സ്റ്റോക്ക്‌ ബ്രോക്കിംഗ് കമ്പനിയുടെ സഹായത്തോടെ അക്കൗണ്ടുകള്‍ തുറക്കാവുന്നതാണ്.
അക്കൗണ്ട് ഓപ്പൺ ചെയ്യാൻ ഉപഭോക്താവിന്റെ പ്രധാനപ്പെട്ട രേഖകൾ ആയ പാൻ കാര്‍ഡ്, വിലാസം തെളിയിക്കുന്ന രേഖ, ഐഡന്‍റിറ്റി പ്രൂഫ് (ആധാര്‍), അക്കൗണ്ട് നമ്പര്‍, ആറു മാസത്തെ ബാങ്ക് സ്റ്റേറ്റേറ്റ്‍മെന്‍റ്, ക്യാന്‍സല്‍ ചെയ്ത ചെക്ക്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ ആവശ്യമുണ്ട്.
ഡീമാറ്റ് അക്കൗണ്ട് എടുക്കുന്നത് കൊണ്ടുള്ള പ്രയോജനങ്ങൾ?
ഓഹരികള്‍ ഇലക്‌ട്രോണിക് രൂപത്തില്‍ രേഖപെടുത്തി വയ്‌ക്കുന്നത് കൊണ്ട് ഫിസിക്കൽ ഷെയറുകളുടെ കാര്യത്തിലേതുപോലെയുള്ള അപകടസാധ്യത ഇല്ലാതാക്കുന്നു. ഓഹരികള്‍ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സ്റ്റാമ്പ് ഡ്യൂട്ടി ഇല്ല. ഓഹരികള്‍ വിൽക്കാനും വാങ്ങാനും സുക്ഷിച്ചു വയ്ക്കാനും വളരെ എളുപ്പം. ഡീമാറ്റ് അക്കൗണ്ട് വഴിയാണെങ്കിൽ ഒറ്റ ഷെയർ പോലും വാങ്ങുകയും വില്‍ക്കുകയും ചെയ്യാം.
ഡീമാറ്റ് അക്കൗണ്ട് ഉടമകൾക്ക് ചില ധന കാര്യ സ്ഥാപനങ്ങൾ വായ്പയും അനുവദിക്കുന്നുണ്ട്. ഇതിന് ഹോൾഡിംഗ് ഈടായി ഡീമാറ്റ് അക്കൗണ്ട് ഉപയോഗിക്കാം.
ഡീമാറ്റ് അക്കൗണ്ട് ഏതൊക്കെ തരത്തിൽ?
ഇന്ത്യയിൽ സ്ഥിര താമസമാക്കിയ വ്യക്തികൾ, പ്രവാസി ഇന്ത്യക്കാർ എന്നിങ്ങനെയുള്ള ഓരോ വിഭാഗത്തിനും പ്രത്യേകം അക്കൗണ്ടുകളുണ്ട്.
നിക്ഷേപകരെ അടിസ്ഥാനമാക്കിയും വ്യത്യാസങ്ങളുണ്ട്. നിക്ഷേപകരെ അടിസ്ഥാനമാക്കി മൂന്ന് തരം ഡിമാറ്റ് അക്കൗണ്ടുകളാണ് ഉള്ളത്. റെഗുലർ ഡീമാറ്റ് അക്കൗണ്ട്, റിപാർട്രിയബിൾ ഡീമാറ്റ് അക്കൗണ്ട്, നോൺ റിപാർട്രിയബിൾ ഡീമാറ്റ് അക്കൗണ്ട് എന്നിവ.
1. റെഗുലർ ഡീമാറ്റ് അക്കൗണ്ട്:
ഇന്ത്യൻ പൗരന്മാരും ഇന്ത്യയിൽ താമസിക്കുന്നവരുമായ നിക്ഷേപകർക്കായുള്ളതാണ് റെഗുലർ ഡീമാറ്റ് അക്കൗണ്ട്. ഇടനിലക്കാർ, ഡിപോസിറ്ററി പങ്കാളികൾ, സ്റ്റോക്ക് ബ്രോക്കർമാർ എന്നിവർ വഴി എൻ‌എസ്‌‌ഡി‌എൽ, സി‌ഡി‌എസ്‌എൽ തുടങ്ങിയ നിക്ഷേപകരാണ് റെഗുലർ ഡീമാറ്റ് അക്കൗണ്ട് സേവനം നൽകുന്നത്.
2. റിപാർട്രിയബിൾ ഡീമാറ്റ് അക്കൗണ്ട്:
ഒരു റിപാർട്രിയബിൾ ഡീമാറ്റ് അക്കൗണ്ട് വഴി എൻ‌ആർ‌ഐ നിക്ഷേപകർക്ക് ലോകത്തിന്റെ ഏത് ഭാഗത്തുനിന്നും ഇന്ത്യൻ ഓഹരി വിപണിയിൽ വളരെ വേഗത്തിൽ നിക്ഷേപം നടത്താൻ കഴിയും. കൂടാതെ ഇടപാടുകൾ ഉടനടി ഡീമാറ്റ് അക്കൗണ്ടിൽ പ്രതിഫലിക്കുകയും ചെയ്യും. വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഫണ്ട് കൈമാറ്റം അനുവദിക്കുന്നതിനാൽ ഈ അക്കൗണ്ട് പ്രവാസി ഇന്ത്യക്കാർക്ക് (എൻ‌ആർ‌ഐ) വളരെ ഉപയോഗപ്രദമാണ്.
ഒരു ഡിമാറ്റ് അക്കൗണ്ട് എങ്ങനെയാണ് പ്രവർത്തിക്കുന്നത്?
ഒരു നിക്ഷേപകൻ ഒരു ഡീമാറ്റ് അക്കൗണ്ട് തുറക്കുമ്പോൾ, അവരുടെ അക്കൗണ്ട് ഒരു ട്രേഡിംഗ് അക്കൗണ്ടുമായി ലിങ്കുചെയ്യണം, അതിന് ഒരു യുണീക് ഐഡന്റിറ്റിയും പാസ്‌വേഡും നൽകും. ഓണ്‍ലൈന്‍ ടെല്‍മിനല്‍വഴിയോ, ഓഹരി ബ്രോക്കര്‍ വഴിയോ ഓഹരി വാങ്ങുന്നതിന് ഓര്‍ഡര്‍ നല്‍കാം. വാങ്ങിയ സെക്യൂരിറ്റികൾ കൈവശം വയ്ക്കാൻ ഒരു ഡീമാറ്റ് അക്കൗണ്ട് നിർബന്ധമാണ്. അതിനാൽ ഒരു നിക്ഷേപകൻ ഒരു സ്റ്റോക്ക് വാങ്ങുകയോ വിൽക്കുകയോ ചെയ്യുമ്പോഴെല്ലാം നിങ്ങളുടെ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുള്ള അതത് ട്രേഡിംഗ് അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യണം.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it