കാര്‍ഡ് ടോക്കണൈസേഷന്‍ നിങ്ങള്‍ക്ക് സ്വയം ചെയ്യാം; ഇതാ ലളിതമായ വഴി കാണാം

കാര്‍ഡ് ടോക്കണൈസേഷന്‍ നടത്താനുള്ള അവസാന തീയതി അടുക്കുകയാണ്. ടോക്കണൈസേഷന്‍ നടത്താനുള്ള തീയതികള്‍ മൂന്നു തവണ നീട്ടി വച്ചിരുന്നതിനാല്‍ സെപ്റ്റംബര്‍ 30 നുള്ളില്‍ തന്നെ നിങ്ങളുടെ കാര്‍ഡ് ടോക്കണൈസേഷന് വിധേയമാക്കേണ്ടി വരും. കാര്‍ഡ് ടോക്കണൈസ് ചെയ്യാത്തവര്‍ക്ക് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ തടസ്സപ്പെടുന്നതാണ്. പ്രത്യേകിച്ച്, സൈ്വപ്പിംഗ്, ഓണ്‍ലൈന്‍ ഡെലിവറി, ഓട്ടോമാറ്റിക് ഡെബിറ്റ് എന്നിവയെല്ലാം ഇത്രയധികം ഉപയോഗപ്പെടുത്തുന്ന സമയത്ത്.

എന്താണ് കാര്‍ഡ് ടോക്കണൈസേഷന്‍

എന്താണ് കാര്‍ഡ് ടോക്കണൈസേഷന്‍ എന്ന് ചുരുക്കിപ്പറയാം. പണമിടപാടില്‍ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡിലെ യഥാര്‍ഥ വിവരങ്ങള്‍ നല്‍കുന്നതിനു പകരം ഒരു ടോക്കണ്‍ ഉപയോഗിക്കുന്നതാണ് രീതി. യഥാര്‍ഥ കാര്‍ഡ് വിവരങ്ങള്‍ക്കു പകരം ഈ ടോക്കണായിരിക്കും സൈറ്റുകള്‍ക്ക് ലഭിക്കുക. ഓരോ വെബ്‌സൈറ്റിലും ഒരേ കാര്‍ഡിന് പല ടോക്കണുകളായിരിക്കും. ഇതുമൂലം ഏതെങ്കിലും ഒരു സൈറ്റില്‍ വിവരചോര്‍ച്ചയുണ്ടായാലും അപകടസാധ്യതയില്ല. അതായത് ഓണ്‍ലൈന്‍ പര്‍ച്ചേസ് നടത്തുമ്പോള്‍ മുമ്പ് ഉപയോഗിച്ചിരുന്ന വിവരങ്ങള്‍ ഡിഫോള്‍ട്ട് ആയി ടോക്കണൈസേഷനു ശേഷം ലഭ്യമാകില്ല.

എങ്ങനെ ടോക്കണൈസേഷന്‍ നടത്താം?

1. ഏതെങ്കിലും ഓണ്‍ലൈന്‍ പര്‍ച്ചേസ് വെബ്്‌സൈറ്റിലോ ആപ്പിലോ കയറുക. വാങ്ങാനുള്ളവ സെലക്റ്റ് ചെയ്യുക

2. ചെക്ക് ഔട്ട് നടത്തുമ്പോള്‍, ഡെബിറ്റ് കാര്‍ഡ്/ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ നല്‍കുക. ഇതിനായി നിങ്ങളുടെ കാര്‍ഡിന്റെ ബാങ്ക് സെലക്റ്റ് ചെയ്യുക

3. "secure your card as per RBI guidelines" or "tokenise your card as per RBI guidelines" എന്നീ ഓപ്ഷനുകളില്‍ നിന്ന് ഒന്ന് സെലക്റ്റ് ചെയ്യുക

4. ടോക്കണ്‍ ക്രിയേറ്റ് ചെയ്യാന്‍ അനുവാദം കൊടുക്കുക. മൊബൈല്‍ നമ്പറിലേക്ക് വരുന്ന ഒടിപി നമ്പര്‍ നല്‍കുക.

5. ഇപ്പോള്‍ നിങ്ങളുടെ ടോക്കണ്‍ സേവ് ആയിട്ടുണ്ടാകും. കാര്‍ഡ് വിവരങ്ങള്‍ നേരിട്ട് സേവ് ചെയ്യുന്നതിന് പകരമാണിത്.

6. അടുത്ത പേമെന്റ് നടത്തുന്ന സമയത്ത് നിങ്ങളുടെ കാര്‍ഡിന്റെ അവസാന നാല് നമ്പര്‍ മാത്രം സേവ് ആകുകയും നിങ്ങള്‍ക്ക് ഈ കാര്‍ഡ് വിവരങ്ങള്‍ നിങ്ങളുടേതെന്ന് മനസ്സിലാക്കാന്‍ കഴിയുകയും ചെയ്യുന്നതാണ്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it