Begin typing your search above and press return to search.
ഐ.സി.ഐ.സി.ഐ ബാങ്കില്‍ ജീവനക്കാരന്റെ തട്ടിപ്പ്, പ്രവാസി വനിതയ്ക്ക് നഷ്ടമായത് ₹16 കോടി
പ്രവാസി ഇന്ത്യക്കാരിയുടെ അക്കൗണ്ടുകള്‍ വഴി കോടികള്‍ തട്ടിയെടുത്ത് ഐ.സി.ഐ.സി.ഐ ബാങ്ക് ജീവനക്കാരന്‍. ദീര്‍ഘകാലമായി യു.എസിലും ഹോങ്കോംഗിലുമായി താമസിച്ചു വരുന്ന ശ്വേത ശര്‍മയെന്ന വനിതയുടെ പരാതിക്ക് പിന്നാലെ ജീവനക്കാരനെ ബാങ്ക് സസ്‌പെന്‍ഡ് ചെയ്തു.
യു.എസ് അക്കൗണ്ടില്‍ നിന്ന് സ്ഥിര നിക്ഷേപത്തിനായാണ് ശ്വേത ഐ.സി.ഐ.സി.ഐ ബാങ്കിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്തത്. ന്യൂഡല്‍ഹിയില്‍ ഓള്‍ഡ് ഗുരുഗ്രാം ശാഖയിലാണ് ഇതിനായി എന്‍.ആര്‍.ഇ അക്കൗണ്ട് തുറന്നത്. 2019 സെപ്റ്റംബര്‍ മുതല്‍ 2023 ഡിസംബര്‍ വരെയുള്ള നാല് വര്‍ഷക്കാലയളവില്‍ 13.5 കോടി രൂപ ഇതില്‍ നിക്ഷേപിച്ചു. പലിശ സഹിതം മൊത്തം നിക്ഷേപം 16 കോടി രൂപയായിരുന്നു.
തട്ടിപ്പ് പുറത്തായത് ജനുവരിയില്‍
ജനുവരിയില്‍ ഇതേ ശാഖയില്‍ നിന്ന് തന്നെ മറ്റൊരു ജീവനക്കാരന്‍ സ്ഥിര നിക്ഷേപത്തിന് ഉയര്‍ന്ന നിരക്ക് നല്‍കാമെന്ന് പറഞ്ഞ് സമീപിച്ചതോടെയാണ് തട്ടിപ്പ് ശ്രദ്ധയില്‍പെടുന്നത്. അപ്പോഴേക്കും അക്കൗണ്ടിലുണ്ടായിരുന്ന പണമെല്ലാം പിന്‍വലിക്കപ്പെട്ടിരുന്നു. മാത്രമല്ല ഒരു സ്ഥിര നിക്ഷേപത്തിന്‍മേല്‍ 2.5 കോടി രൂപയുടെ ഓവര്‍ഡ്രാഫ്റ്റ് എടുക്കുകയും ചെയ്തു. കൃത്യമായി നിക്ഷേപ രസീപ്റ്റും ഇ-മെയില്‍ സ്റ്റേറ്റ്‌മെന്റുകളും ലഭിച്ചിരുന്നതിനാല്‍ സംശയം ഒന്നു തോന്നിയിരുന്നില്ലെന്ന് ശ്വേത പറയുന്നു.
ബാങ്കിന്റെ പേരില്‍ വ്യാജ സ്റ്റേറ്റ്‌മെന്റുകള്‍ നല്‍കിയാണ് ജീവനക്കാരന്‍ തട്ടിപ്പ് നടത്തിയത്. ശ്വേതയുടെ ഇ-മെയില്‍ ഐ.ഡിയും മൊബൈല്‍ നമ്പറുമെല്ലാം കൃത്രിമമായി ഉണ്ടാക്കി ബാങ്കില്‍ രേഖപ്പെടുത്തുകയായിരുന്നു ജീവനക്കാരനെന്നും അതിനാൽ ബാങ്കില്‍ നിന്ന് പിന്‍വലിക്കല്‍ സന്ദേശങ്ങളൊന്നും ലഭിച്ചില്ലെന്നും പരാതിക്കാരി ആരോപിക്കുന്നു. തന്റെ ആയുഷ്‌കാല സമ്പാദ്യം ഒറ്റയടിക്ക് നഷ്ടപ്പെട്ട വേദനയില്‍ ഒരാഴ്ച കിടക്കയില്‍ നിന്നു പോലും എഴുന്നേല്‍ക്കാനായില്ലെന്നാണ് ശ്വേത ബി.ബി.സിയോട് വ്യക്തമാക്കിയത്.
ബാങ്ക് പറയുന്നത്
ഉപയോക്താക്കള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്നും അവരുടെ താത്പര്യം സംരക്ഷിക്കുന്നതിന് പൂര്‍ണമനസോടെ നിലകൊള്ളുമെന്നും ഐ.സി.ഐ.സി.ഐ ബാങ്ക് വിശദീകരിച്ചിട്ടുണ്ട്. പരാതിക്കാരിയുമായി സംസാരിച്ചെന്നും നിക്ഷേപിച്ച 9.27 കോടി രൂപ അന്വേഷണം തീരുന്ന മുറയ്ക്ക് അക്കൗണ്ടിലേക്ക് കൈമാറാന്‍ ഒരുക്കമാണെന്നും ബാങ്ക് അറിയിച്ചു. ബാങ്കിന്റെ ഭാഗത്ത് നിന്ന് നിരന്തരമായ ആശയവിനിമയം നടന്നിരുന്നെന്നും അവരുടെ രജിസ്‌ട്രേഡ് മൊബൈല്‍ നമ്പറിലേക്കും ഇ-മെയില്‍ ഐ.ഡിയിലേക്കും അക്കൗണ്ട് തുറന്നതു മുതല്‍ ഇടപാടു വിവരങ്ങളെ കുറിച്ചുള്ള സന്ദേശങ്ങള്‍ അയച്ചു വരുന്നുണ്ടെന്നും ഐ.സി.സി.ഐ.സി ഐ ബാങ്ക് വ്യക്തമാക്കി.
അതേസമയം, കഴിഞ്ഞ മൂന്ന് വര്‍ഷമായി തന്റെ അക്കൗണ്ടിലെ ഈ ഇടപാടുകളെയും ബാലന്‍സുകളെയും കുറിച്ച് ഉപഭോക്താവിന് അറിവില്ലെന്ന് അവകാശപ്പെടുന്നത് അമ്പരപ്പിക്കുന്നതാണെന്നും ആദായനികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യുമ്പോള്‍ ഈ പൊരുത്തക്കേട് ഉപഭോക്താവിന്റെ ശ്രദ്ധയില്‍പെടേണ്ടതായിരുന്നെന്നും ബാങ്ക് വിശദീകരണക്കുറിപ്പില്‍ പറയുന്നു.
മൊബൈല്‍ നമ്പറും ഇ-മെയില്‍ ഐഡിയും മാറ്റിയതായി ഇടപാടുകാരി ആരോപിക്കുന്നുണ്ടെങ്കിലും ഈ മാറ്റത്തെ കുറിച്ച് അവരുടെ യഥാര്‍ത്ഥ മൊബൈല്‍ നമ്പറിലേക്കും ഇ-മെയില്‍ ഐ.ഡിയിലേക്കും സന്ദേശം അയച്ചതായും ബാങ്ക് പറയുന്നു. കൂടുതല്‍ അന്വേഷണത്തിനായി ഡല്‍ഹി പോലീസിന്റെ ഇക്കണോമിക് ഒഫെന്‍സസ് വിംഗിന് (EoW) ബാങ്ക് പരാതി നല്‍കിയിട്ടുണ്ട്. അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്നും ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.
Next Story
Videos