തങ്ങളുടെ അറിവോ സമ്മതമോ കൂടാതെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെടുന്ന ദൗര്‍ഭാഗ്യകരമായ അവസരങ്ങള്‍ അപൂര്‍വമായെങ്കിലും ഉണ്ടാവാറുണ്ട്. ഇത് ഓണ്‍ലൈന്‍ ബാങ്കിംഗ്, ഡിജിറ്റല്‍ ബാങ്കിംഗ് മുതലായ ഇലക്ട്രോണിക് ബാങ്കിംഗ് സംവിധാനങ്ങള്‍ വന്നതിനുശേഷം ഉണ്ടായ പ്രതിഭാസമൊന്നുമല്ല. പ്രധാനമായും ചെക്ക് മുഖാന്തിരം പണം കൈമാറിയിരുന്ന സമയത്തു എഴുതി ഒപ്പിട്ടു കൊടുത്ത ചെക്കില്‍ തിരുത്തലുകള്‍ വരുത്തി കൂടുതല്‍ തുക അക്കൗണ്ടില്‍ നിന്നും മാറിയെടുക്കുന്ന കള്ളത്തരങ്ങള്‍ നടന്നിട്ടുണ്ട്. തീയതി മാറ്റി എഴുതി തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ട്. ഇനിയും അതൊന്നും നടക്കില്ല എന്ന് ഉറപ്പൊന്നും ഇല്ല. അല്ലെങ്കില്‍ ചെക്ക് ലീഫ് അടിച്ചെടുത്തു ഇടപാടുകാരുടെ കള്ള ഒപ്പിട്ടു പണം മാറിയെടുത്ത സംഭവങ്ങള്‍. ഇത്തരം അവസരങ്ങളില്‍ ഈ തട്ടിപ്പു മൂലം ഇടപാടുകാര്‍ക്ക് ഉണ്ടാകുന്ന നഷ്ടത്തിനു ആരാണ് ഉത്തരവാദിയെന്നും ആ നഷ്ടം ആര്, ഏതു വിധേനയാണ് നികത്തേണ്ടത് എന്നെല്ലാം ഇതുമായി ബന്ധപ്പെട്ട നിയമത്തില്‍ (Negotiable Instruments Act, 1881) പറയുന്നുണ്ട്. എന്നാല്‍ ഓണ്‍ലൈന്‍ ബാങ്കിംഗ്, ഡിജിറ്റല്‍ ബാങ്കിംഗ് എന്നീ സൗകര്യപ്രദമായ ഇലക്ട്രോണിക് ബാങ്കിംഗ് രീതികള്‍ ബാങ്ക് ഇടപാടുകള്‍ കൂടുതല്‍ വേഗത്തിലാക്കിയപ്പോള്‍ അതിനോടുകൂടെ വന്നു ചേര്‍ന്ന തട്ടിപ്പുകളുടെ നഷ്ടം സംബന്ധിച്ച കാര്യങ്ങളില്‍ തീര്‍പ്പു കല്‍പ്പിക്കുവാന്‍ പഴയ നിയമം മതിയാവാതെ വന്നു. ഈ ആവശ്യം പരിഹരിക്കാന്‍ ഭാരതീയ
റിസര്‍വ് ബാങ്ക് കൊണ്ട് വന്നിട്ടുള്ള നിയമങ്ങളാണ് അനധികൃതമായ ഇലക്ട്രോണിക് ഇടപാടുകളിന്‍മേല്‍ ഇടപാടുകാരുടെ ബാധ്യത നിജപ്പെടുത്തല്‍ എന്ന സര്‍ക്കുലറില്‍ ഉള്ളത്. (Customer Protection – Limiting Liability of Customers in Unauthorised Electronic Banking Transactions).
തന്റേതല്ലാത്ത കാരണത്താല്‍
സംഭവിച്ചിരിക്കുന്ന തട്ടിപ്പിന് ഏതെങ്കിലും കാരണവശാല്‍ ഏറിയോ കുറഞ്ഞോ ബാങ്ക് ഉത്തരവാദിയാണോ എന്നതാണ് പ്രധാന കാര്യം. അങ്ങനെയെങ്കില്‍ ഈ കാര്യത്തില്‍ ഇടപാടുകാരന് യാതൊരു വിധ ഉത്തരവാദിത്വമോ ബാധ്യതയോ ഇല്ല. ഇടപാടുകാരന് ഉണ്ടായിരിക്കുന്ന നഷ്ടം മുഴുവനായും നികത്തിക്കൊടുക്കുവാന്‍ ബാങ്കിന് ബാധ്യതയുണ്ട്. ഇവിടെ ഇടപാടുകാരന് ഏതെങ്കിലും അബദ്ധം പറ്റിയിട്ടുണ്ടോ ഇല്ലയോ എന്നത് പ്രസക്തമല്ല. ബാങ്കിന്റെ ഭാഗത്തു എന്തെങ്കിലും വീഴ്ചയുണ്ടോ എന്നാണ് നോക്കുക. ഇത്തരം തട്ടിപ്പുകള്‍ നടന്നാല്‍ അത് ഇടപാടുകാര്‍ ബാങ്കിനെ അറിയിച്ചാല്‍ മാത്രമേ നഷ്ടം നികത്തുകയുള്ളൂ എന്നില്ല. ഇടപാടുകാര്‍ ഈ കാര്യം ബാങ്കിനെ അറിയിച്ചാലും ഇല്ലെങ്കിലും ഇടപാടുകാര്‍ക്ക് വന്നിരിക്കുന്ന നഷ്ടം നികത്താന്‍ ബാങ്കിന് ഉത്തരവാദിത്തമുണ്ട്.
ബാങ്കിന്റെ ഭാഗത്തും ഇടപാടുകാരന്റെ ഭാഗത്തും തെറ്റില്ല, എന്നാല്‍ തട്ടിപ്പു നടന്നിട്ടുണ്ട് താനും
ഓണ്‍ലൈന്‍ / ഡിജിറ്റല്‍ ബാങ്ക് ഇടപാടുകള്‍ പൂര്‍ണമാക്കുന്നത് ബാങ്കും ഇടപാടുകാരനും കൂടാതെ മറ്റു ചില മധ്യവര്‍ത്തികളും ചേര്‍ന്നാണ്. ഈ കമ്പ്യൂട്ടര്‍ സംവിധാനങ്ങളിലേക്കെല്ലാം ഈ ഇടപാട് സംബന്ധിച്ച വിവരങ്ങള്‍ ഇന്റര്‍നെറ്റിലൂടെ സഞ്ചരിക്കും. വിവരങ്ങളുടെ ഈ സഞ്ചാരത്തിനിടയില്‍ എവിടെയെങ്കിലും വെച്ച് തട്ടിപ്പുകള്‍ നടക്കാന്‍ ഇടയുണ്ട്. ബാങ്കും ഇടപാടുകാരനും അറിയാതെയും തങ്ങളുടെ വശത്തു വീഴ്ചകളൊന്നും ഇല്ലാതെയും നടക്കുന്ന ഇത്തരം തട്ടിപ്പുകള്‍ വഴി ഇടപാടുകാരന് ഉണ്ടായേക്കാവുന്ന നഷ്ടവും പൂര്‍ണമായും നികത്തുവാന്‍ ബാങ്കിന് തന്നെയാണ് ഉത്തരവാദിത്തം. ഇവിടെ ആകെയുള്ള വിത്യാസം ഇടപാട് നടന്ന വിവരം ബാങ്ക് ഇടപാടുകാരനെ അറിയിച്ചുകഴിഞ്ഞാല്‍, ഇടപാട് തന്റെ അറിവോ സമ്മതമോ കൂടാതെ നടന്നതാണെങ്കില്‍, ഇടപാട് അനധികൃതമാണെങ്കില്‍, അത് മൂന്ന് ദിവസത്തിനുള്ളില്‍ ബാങ്കിനെ അറിയിക്കണമെന്ന നിബന്ധനയാണ്.
നാല് മുതല്‍ ഏഴു വരെ ദിവസങ്ങള്‍
ബാങ്കില്‍ നിന്നും ഇടപാടിന്റെ വിവരം അറിഞ്ഞുകഴിഞ്ഞു മൂന്ന് ദിവസം എന്നുള്ളത് വളരെ പ്രധാനപ്പെട്ടതാണ്. ഈ മൂന്ന് ദിവസത്തിനുള്ളില്‍ ബാങ്കിനെ അനധികൃതമായ ഇടപാടിനെക്കുറിച്ചു അറിയിച്ചില്ലെങ്കില്‍, ഇടപാടുകാരനും ഭാഗികമായി നഷ്ടം സഹിക്കേണ്ടിവരും. ഇങ്ങനെ നഷ്ടം ഭാഗികമായി മാത്രം നിജപ്പെടുത്തണമെങ്കില്‍, ഇടപാടുകാരന്‍ അനധികൃത ഇടപാടിനെകുറിച്ചുള്ള വിവരം നാല് മുതല്‍ ഏഴു ദിവസത്തിനുള്ളില്‍ ബാങ്കിനെ അറിയിച്ചിരിക്കണം. ഈ വിധം സഹിക്കേണ്ടിവരുന്ന നഷ്ടം, ബാങ്ക് അക്കൗണ്ടിന്റെ സ്വഭാവം, ബാങ്ക് അക്കൗണ്ട് വഴി നടത്തുന്ന ഇടപാടിന്റെ വലിപ്പച്ചെറുപ്പം എന്നിവയെല്ലാം അനുസരിച്ചു 5000 രൂപ മുതല്‍ 25000 രൂപ വരെ ആകാം. എന്നാല്‍ തട്ടിപ്പു വഴി സംഭവിച്ച നഷ്ടം ഇതിനേക്കാള്‍ കുറവാണെങ്കില്‍ അതായിരിക്കും ഇടപാടുകാരന്‍ സഹിക്കേണ്ട പരമാവധി തുക.
മുകളില്‍ സൂചിപ്പിച്ച ഏഴു ദിവസവും കഴിഞ്ഞാണ് ബാങ്കിനെ വിവരം അറിയിക്കുന്നതെങ്കില്‍ ഇടപാടുകാരന്‍ സഹിക്കേണ്ട നഷ്ടത്തുക എത്രയെന്ന് റിസര്‍വ് ബാങ്ക് പറയുന്നില്ല. അത് ഓരോ ബാങ്കും അവരുടെ ഡയറക്ടര്‍ ബോർഡ് അംഗീകരിക്കുന്ന നയമനുസരിച്ചായിരിക്കും തീരുമാനിക്കുക.
ഇടപാടുകാരന്റെ മാത്രം അശ്രദ്ധയോ വീഴ്ചയോ കൊണ്ട് നഷ്ടം സംഭവിച്ചാല്‍
തട്ടിപ്പു നടന്നത് ഇടപാടുകാരന്റെ മാത്രം അശ്രദ്ധയോ വീഴ്ചയോ കൊണ്ടാണെങ്കില്‍ ആ നഷ്ടം ഇടപാടുകാരന്‍ തന്നെ സഹിക്കണം. അറിയാത്ത ആളുകള്‍ക്ക് ഫോണ്‍ വിളികള്‍ വഴിയോ അല്ലാതെയോ മറ്റോ പാസ്‌വേര്‍ഡ് പറഞ്ഞു കൊടുക്കുക, ഒടിപി പറഞ്ഞു കൊടുക്കുക മുതലായ വീഴ്ചകള്‍ ഈ വിഭാഗത്തില്‍ വരും. അല്ലെങ്കില്‍ ഓണ്‍ലൈന്‍/ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുമ്പോള്‍ തെറ്റായ വിവിരങ്ങള്‍ നല്‍കിയാല്‍ വന്നേക്കാവുന്ന നഷ്ടവും ഈ ഗണത്തില്‍ വരും. ഇത്തരം ഇടപാടുകളില്‍ അശ്രദ്ധയോ വീഴ്ചയോ ഉണ്ടായത് ഇടപാടുകാരെന്റെ ഭാഗത്താണ് എന്ന് തെളിയിക്കേണ്ട ഉത്തരവാദിത്തം ബാങ്കിനാണ്. എന്നാല്‍ തട്ടിപ്പു വിവരം ബാങ്കിനെ അറിയിച്ചുകഴിഞ്ഞാല്‍ ഈ വീഴ്ചകൊണ്ട് പിന്നീടുള്ള ഇടപാടുകള്‍ക്കോ നഷ്ടങ്ങള്‍ക്കോ ഇടപാടുകാരന്‍ ഉത്തരവാദിയല്ല. അത് ബാങ്ക് നോക്കിക്കൊള്ളും.
ഉടനടി ബാങ്കുമായി ബന്ധപ്പെടുക
അതിനാല്‍ സ്വന്തം ബാങ്ക് അക്കൗണ്ടില്‍ ഏതെങ്കിലും രീതിയിലുള്ള തട്ടിപ്പു നടന്നതായി അറിഞ്ഞാല്‍ ഉടനെ തന്നെ ഫോണ്‍ വഴിയോ, മെസേജ് വഴിയോ, ഇ മെയില്‍ വഴിയോ, വെബ്‌സൈറ്റ് വഴിയോ, കത്തയച്ചോ, ബാങ്കില്‍ നേരിട്ടോ, സൗകര്യപ്രദമായ ഏതു രീതിയിലായാലും ബാങ്കിനെ അറിയിച്ചാല്‍ നഷ്ടം പൂര്‍ണമായോ ഭാഗികമായോ ഒഴിവാക്കാന്‍ സാധിക്കും. ഇത്തരം സന്ദര്‍ഭങ്ങളില്‍ പേടിയോ വിഷമമോ അല്ല, ഉടനടി ഉചിതമായ നടപടിയാണ് വേണ്ടത്.
നഷ്ടപ്പെട്ട തുക ബാങ്ക് എപ്പോള്‍ തിരികെ നല്‍കും?
അനധികൃത ഇടപാടുവിവരം ബാങ്കിനെ അറിയിച്ചാല്‍ അവിടെനിന്നു പത്തു ദിവസത്തിനുള്ളില്‍ ബാങ്ക് തട്ടിപ്പു തുക ഇടപാടുകാരന്റെ അക്കൗണ്ടില്‍ ഇട്ടുകൊടുക്കും. ഈ തുക തട്ടിപ്പു നടന്ന അന്ന് തന്നെ അക്കൗണ്ടില്‍ വന്നു എന്ന രീതിയിലാണ് കണക്കാക്കുക (Shadow reversal with Value dated).
അതനുസരിച്ചുള്ള പലിശയും മറ്റും പതിവുപോലെ കണക്കാക്കും. പരാതിയുടെ വിശദ വിവരങ്ങള്‍ പരിശോധിച്ചു മനസിലാക്കാനും ഇടപാടിന്റെ ഉത്തരവാദിത്തവും നഷ്ടപരിഹാരവും നിശ്ചയിച്ചു നഷ്ടപരിഹാരം നല്‍കി പരാതി പൂര്‍ണമായും പരിഹരിക്കുവാന്‍ ബാങ്കിന് പരാതി ലഭിച്ചതുമുതല്‍ 90 ദിവസം വരെ സാവകാശമുണ്ട്. ഓരോ ബാങ്കിനും ഈ കാലാവധി കുറച്ചുകൊണ്ടുള്ള നയരൂപീകരണം ചെയ്യാവുന്നതാണ്. അങ്ങനെയെങ്കില്‍ ആ നയമനുസരിച്ചുള്ള കാലാവധിക്കുള്ളില്‍ പരാതിക്ക് പരിഹാരം കാണുന്നതാണ്. ഏതെങ്കിലും കാരണവശാല്‍ 90 ദിവസത്തിനുള്ളില്‍ പരാതി പരിശോധനയും മറ്റും പൂര്‍ണമായില്ലെങ്കില്‍ കൂടിയും, ഇടപാടുകാരന് നിയമാനുസൃതമായ നഷ്ടപരിഹാരം 90 ദിവസത്തിനുള്ളില്‍ തന്നെ നല്‍കി പരാതി പരിഹരിക്കുവാന്‍ ബാങ്ക് ബാധ്യസ്ഥരാണ്.
പ്രതിരോധമാണ് പ്രതിവിധിയേക്കാള്‍ നല്ലത്
ഇങ്ങനെയെല്ലാമാണെങ്കിലും മറ്റെല്ലാ കാര്യത്തിലുമെന്നപോലെ ഇവിടെയും പ്രതിരോധമാണ് നല്ലത്. ഓണ്‍ലൈന്‍ / ഡിജിറ്റല്‍ ഇടപാടുകള്‍ ചെയ്യുമ്പോള്‍ ശ്രദ്ധയോടെ ചെയ്യുക. ഇടപാടുകള്‍ ചെയ്യുന്ന വെബ് സൈറ്റുകള്‍ മൗലികമെന്നും (original) നല്‍കുന്ന വിവരങ്ങള്‍ ശരി തന്നെയെന്നും വീണ്ടും ഉറപ്പു വരുത്തുക. ബാങ്കുകളില്‍ നിന്ന് ഇത് സംബന്ധിച്ചു ലഭിക്കുന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക. പരിചയമില്ലാത്ത ഫോണ്‍ വിളികള്‍ കേട്ട് ബാങ്ക് അക്കൗണ്ടോ ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താന്‍ ഉപയോഗിക്കുന്ന പാസ്‌വേര്‍ഡോ ഒടിപിയോ അപരിചിതര്‍ക്ക് കൈമാറാതിരിക്കുക എന്നതെല്ലാം ഇലക്ട്രോണിക് ബാങ്കിംഗിന്റെ സൗകര്യങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അതോടൊപ്പം നിര്‍ബന്ധമായും പാലിക്കേണ്ട ശീലങ്ങളാണ്. ഇടപാടുകാരുടെ താല്‍പ്പര്യം ഏറ്റവും ഭംഗിയായി സംരക്ഷിക്കുവാന്‍ ഭാരതീയ റിസര്‍വ് ബാങ്കും നമ്മുടെ വാണിജ്യബാങ്കുകളും പ്രതിജ്ഞാബദ്ധരാണ്. അതിനാല്‍ സധൈര്യം, സസന്തോഷം ഓണ്‍ലൈന്‍ / ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുക. പുതിയ കാലത്തിന്റെ സൗകര്യങ്ങള്‍ അവധാനതയോടെ ആസ്വദിക്കുക.