കടപത്രങ്ങളിലൂടെ 100 കോടി രൂപ സമാഹരിക്കാന്‍ ഇന്‍ഡെല്‍മണി, പലിശ 12.25%

കേരളം ആസ്ഥാനമായ സ്വര്‍ണ പണയ വായ്പാ രംഗത്തെ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ ഇന്‍ഡെല്‍മണി ആയിരം രൂപ വീതം മുഖവിലയുള്ള 50 കോടി രൂപയുടെ കടപ്പത്രം(Non Convertible Debentures/NCDs) ഇറക്കുന്നു. ജൂണ്‍ ആറു മുതലാണ് വിതരണം തുടങ്ങുക. ജൂണ്‍ 19 ന് അവസാനിക്കും. അതിനു മുമ്പു തന്നെ നിശ്ചിത പരിധിയിലേറെ സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടാല്‍ പബ്ലിക് ഇഷ്യു അവസാനിപ്പിക്കും. നിക്ഷേപകരുടെ താല്‍പര്യം കൂടുതലാണെങ്കില്‍ 100 കോടി രൂപ വരെയുള്ള കടപ്പത്രങ്ങള്‍ ഇറക്കും. വിവോ ഫിനാന്‍ഷ്യല്‍ സര്‍വീസസാണ് നേതൃത്വം നല്‍കുന്നത്.

കാലാവധി 72 മാസം വരെ

പുതുതായി ഇറക്കുന്ന എന്‍.സി.ഡി കടപ്പത്രങ്ങള്‍ക്ക് ട്രിപ്പിള്‍ ബി പ്ളസ് സ്റ്റേബിള്‍ ക്രിസില്‍ റേറ്റിംഗ് ഉണ്ട്. 72 മാസം കൊണ്ട് നിക്ഷേപം ഇരട്ടിയായി വര്‍ധിക്കുമെന്നു കമ്പനി അവകാശപ്പെടുന്നു. പ്രതിവര്‍ഷം 12.25 ശതമാനം പലിശ (Coupon Yield) ലഭിക്കും.400 ദിവസം മുതല്‍ 72 മാസം വരെയാണ് കടപ്പത്രങ്ങളുടെ കാലാവധി. എന്‍.സി.ഡികള്‍ക്കായി കൂറഞ്ഞത് 10,000 രൂപയുടെയെങ്കിലും അപേക്ഷ നല്‍കണം. ഡീമെറ്റീരിയലൈസ്ഡ് രൂപത്തില്‍ ട്രേഡിംഗ് നടത്തുന്ന ഈ എന്‍.സി.ഡികള്‍ മുംബൈ സ്റ്റോക് എക്സ്ചേഞ്ചില്‍ ലിസ്റ്റു ചെയ്യാനും ഉദ്ദേശിക്കുന്നുണ്ട്. പബ്ളിക് ഇഷ്യൂവിലൂടെ സ്വരൂപിക്കുന്ന പണത്തിന്റെ 75 ശതമാനം തുടര്‍ന്നുള്ള വായ്പകള്‍ക്കും കമ്പനി വായ്പകളുടെ മൂതലിലേക്കും പലിശയിലേക്കും ബാക്കിയുള്ള 25 ശതമാനം കമ്പനിയുടെ പൊതുവായ ആവശ്യങ്ങൾക്കുമാണ് ഉപയോഗിക്കുക.

300 കോടി രൂപ സമാഹരിക്കും
2023 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ 1154 കോടി രൂപയുടെ സ്വര്‍ണ ആസ്തിയാണ് ഇന്‍ഡെല്‍ കൈകാര്യം ചെയ്തത്. 2022 സാമ്പത്തിക വര്‍ഷം ഇത് 669 കോടി രൂപയായിരുന്നു. നടപ്പു വര്‍ഷം 81 ശതമാനം വളര്‍ച്ചയോടെ 2100 കോടി രൂപയാണ് കമ്പനിയുടെ ലക്ഷ്യം. കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തിയുടെ 90 ശതമാനം സ്വര്‍ണ വായ്പ ആക്കാനാണ് ശ്രമിക്കുന്നത്. 2022 ഡിസമ്പര്‍ 31 ലെ കണക്കുകളനുസരിച്ച് ഇത് 80.62 ശതമാനമായിരുന്നു.
2024 സാമ്പത്തിക വര്‍ഷം കടപ്പത്രങ്ങളിലൂടെ 300 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. സ്വര്‍ണ വായ്പകള്‍ക്കാണ് ഈ പണം ഉപയോഗിക്കുക. 2023-24 സാമ്പത്തിക വര്‍ഷം സ്വകാര്യ ഓഹരികള്‍ (പ്രൈവറ്റ് ഇക്വിറ്റി /പി.ഇ) സംഭരിക്കാനും പദ്ധതിയുണ്ട്. 2025 സാമ്പത്തിക വര്‍ഷത്തോടെ 11 ഇന്ത്യന്‍ സംസ്ഥാനങ്ങളിലായി 405 ശാഖകളാണ് കമ്പനിയുടെ ലക്ഷ്യം.
Related Articles
Next Story
Videos
Share it