കമീഷന്‍ തുകയും ചേര്‍ത്ത് വാഹന ഇന്‍ഷുറന്‍സ് പ്രീമിയം, തടയിടാന്‍ ഓണ്‍ലൈന്‍ സംവിധാനം വരുന്നു

വാഹന ഇന്‍ഷറന്‍സ് മേഖലയിലെ ഉയര്‍ന്ന കമ്മീഷന് തടയിടാന്‍ ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്റ് ഡവലപ്‌മെന്റ് ആതോറിറ്റി ഓഫ് ഇന്ത്യ (irdai) മുന്നോട്ടു വരുന്നു. സേവനദാതാക്കള്‍ക്ക് ഇന്‍ഷുറന്‍സ് കമ്പനി കൂടിയ കമ്മീഷന്‍ നല്‍കുന്നത് പ്രീമിയം തുക വര്‍ധിക്കാന്‍ പ്രധാന കാരണമാകുന്നുണ്ടെന്നാണ് അതോരിറ്റിയുടെ കണ്ടെത്തല്‍. വാഹനങ്ങളുടെ ഓണ്‍ ഡാമേജ് പരിരക്ഷക്ക് 57 ശതമാനം വരെ കമ്മീഷന്‍ നല്‍കുന്നതായി അതോരിറ്റിയുടെ യോഗത്തില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ തന്നെയാണ് വ്യക്തമാക്കിയത്. ഇത് പ്രീമിയം തുക കൂടാന്‍ കാരണമാകുന്നുണ്ടെന്നാണ് അതോരിറ്റിയുടെ വിലയിരുത്തല്‍. നിയന്ത്രിക്കാന്‍ പുതിയ ഓണ്‍ലൈന്‍ സംവിധാനമാണ് റഗുലേറ്ററി അതോറിറ്റി നടപ്പാക്കുന്നത്. കമ്മീഷന്‍ ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ കൂറക്കുന്നതിലൂടെ വാഹന ഉടമകള്‍ക്ക് നേട്ടമുണ്ടാക്കാനാകുമെന്നാണ് കണക്കു കൂട്ടല്‍.

'ബീമാ സുഗം' പോര്‍ട്ടല്‍

റെഗുലേറ്ററി അതോറിറ്റിയുടെ നിയന്ത്രണത്തില്‍ ബീമാ സുഗം എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ അടുത്ത വര്‍ഷം ഏപ്രിലില്‍ നിലവില്‍ വരും. കമ്മീഷന്‍ ഏജന്റുമാര്‍ ഇല്ലാതെ വാഹന ഉടമകള്‍ക്ക് നേരിട്ട് ഇതുവഴി പോളികള്‍ എടുക്കാനാകും. വിവിധ ഇന്‍ഷുറന്‍സ് കമ്പനികളുടെ പ്ലാനുകളും ഓഫറുകളും പുതിയ ഇ കോമേഴ്‌സ് പ്ലാറ്റ്‌ഫോമിലൂടെ ലഭിക്കും. ജനറല്‍ ഇന്‍ഷുറന്‍സ് മേഖലയിലെ സമഗ്രമായ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമാണ് ഇതുവഴി അതോറിറ്റി ലക്ഷ്യമിടുന്നത്.

വാഹന ഡീലര്‍മാരെ നിയന്ത്രിക്കും

ഇന്‍ഷുറന്‍സ് വിപണിയില്‍ വാഹന ഡീലര്‍മാര്‍ നടത്തുന്ന അനധികൃത ഇടപെടലുകളെ ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി ഗൗരവമായാണ് കാണുന്നത്. വാഹനം വാങ്ങുമ്പോള്‍ ഒരു പ്രത്യേക കമ്പനിയുടെ ഇന്‍ഷുറന്‍സ് തന്നെ എടുക്കാന്‍ ഡീലര്‍മാര്‍ വാഹന ഉടകളെ നിര്‍ബന്ധിക്കുന്നുണ്ട്. ഇത് മൂലം ചിലവുകുറഞ്ഞ പോളിസികള്‍ എടുക്കാന്‍ ഉടകള്‍ക്ക് കഴിയാറില്ല. മറ്റു കമ്പനികളുടെ ഇന്‍ഷുറന്‍സ് എടുക്കുന്നവര്‍ക്ക് ക്ലെയിം നല്‍കാന്‍ ഡീലര്‍മാര്‍ ഡീലര്‍മാര്‍ വിമുഖത കാട്ടുന്നതായും അതോറിറ്റിക്ക് പരാതികള്‍ ലഭിച്ചിരുന്നു. ഈ വിഷയം പരിഹരിക്കാന്‍ 2019 ല്‍ ഒരു സമിതി രൂപീകരിച്ചിരുന്നെങ്കിലും കാര്യമായ മാറ്റങ്ങള്‍ ഉണ്ടായിട്ടില്ല. വ്യത്യസ്ത ഇന്‍ഷുറന്‍സ് കമ്പനികളുടെ പോളിസികള്‍ വാഹന ഉടകള്‍ക്ക് ലഭ്യമാക്കാന്‍ ഡീസര്‍മാര്‍ക്ക് റെഗുലേറ്ററി അതോറിറ്റി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Related Articles
Next Story
Videos
Share it