പരിസ്ഥിതിയെ കുറിച്ചുള്ള കരുതല്‍: ഈ നയം മാറ്റങ്ങള്‍ നിക്ഷേപകര്‍ അറിയുന്നുണ്ടോ?

തങ്ങളുടെ നിക്ഷേപങ്ങള്‍ എങ്ങനെ, എവിടെ, എപ്പോള്‍, എന്താവശ്യത്തിന് ഉപയോഗിക്കണം എന്ന ഉപാധികളോടെയാണ് ദേശീയ അന്തര്‍ദേശീയ തലത്തില്‍ നിക്ഷേപകര്‍ ഇപ്പോള്‍ മുതല്‍ മുടക്കുകള്‍ നടക്കുന്നത്. ഈ കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇന്ത്യയിലെ ഒരു പ്രമുഖ സ്വകാര്യ ബാങ്കില്‍ ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ കോര്‍പറേഷനും (IFC) അതിന്റെ രണ്ടു അസറ്റ് മാനേജ്മന്റ് കമ്പനികളും ഓഹരികളില്‍ നിക്ഷേപം നടത്തിയത്, ബാങ്ക് നല്‍കുന്ന ലോണുകള്‍ പരിസ്ഥിതി സൗഹൃദമായിരിക്കണം, ബാങ്കിന്റെ നയങ്ങളും ദിശയും ESG യുടെ അടിസ്ഥാന തത്വങ്ങളില്‍ ഊന്നല്‍ നല്‍കികൊണ്ടായിരിക്കണം എന്ന നിബന്ധനയോടെയാണ്. പരിസ്ഥിതി സൗഹൃദ സംരംഭങ്ങള്‍ക്ക് ഏറി വരുന്ന പ്രസക്തിയാണ് ഇത് കാണിക്കുന്നത്. മാത്രമല്ല, ധനകാര്യസ്ഥാപനങ്ങളുടെ ഏറി വരുന്ന സാമൂഹിക പ്രതിബദ്ധതയും ഇവിടെ പ്രതിഫലിക്കുന്നു.

എന്താണ് ESG?
സാമൂഹിക ഉത്തരവാദിത്വത്തോടെയും പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടും മൗലികമായ ഭരണ മേന്മയോടും കൂടെ മുതല്‍ മുടക്ക് തീരുമാനങ്ങള്‍ എടുക്കുകയും ഈ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന സംരംഭങ്ങള്‍ക്കും വ്യവസായങ്ങള്‍ക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്കും മാത്രം ഉതകുന്നതും ലഭ്യമാകുന്നതും ആയ രീതിയില്‍ മുതല്‍ മുടക്കുകള്‍ നടത്തുകയുമാണ് ഇ എസ് ജി (Environmental, Social & Governance) എന്നത് കൊണ്ട് സാമാന്യമായി ഉദ്ദേശിക്കുന്നത്.

ലാഭം, വരുമാനം, ആദായം എന്നിങ്ങനെയുള്ള പതിവ് ലക്ഷ്യങ്ങളില്‍ നിന്ന് മാറി, പ്രകൃതി സൗഹൃദവും സമാധാനപൂര്‍ണവുമായ ജീവിതത്തിനായി, ഇന്നേക്കും നാളേക്കും, ഈ തലമുറക്കും വരുന്ന തലമുറകള്‍ക്കും വേണ്ടിയുള്ള നിക്ഷേപമെന്ന രീതിയിലേക്ക് മുതല്‍ മുടക്കുകള്‍ മാറുകയാണ്. ഈ ഭൂമികയില്‍ നിന്ന് കാണുമ്പോള്‍ ഗ്രീന്‍ ഇന്‍വെസ്റ്റ് മെന്റുകള്‍ മനുഷ്യകുലത്തിന്റെ നിലനില്‍പ്പിനുള്ള നിക്ഷേപങ്ങളാണെന്ന് കാണാം. ഇവിടെ സാമ്പത്തികാടിസ്ഥാനത്തിലുള്ള വിലയിരുത്തകളല്ല, സാമ്പത്തികേതര മേഖലകളിലുള്ള സ്വാധീനങ്ങളാണ് കൂടുതല്‍ അപഗ്രഥിക്കുന്നത്. ഇവ്വിധത്തിലാണ് മുതല്‍ മുടക്കിന്റെ മുഖ്യ നഷ്ട / അപായ സാധ്യതകളും അനുകൂല സാധ്യതകളും വിലയിരുത്തുക.

ESG ആദ്യമായി അന്തര്‍ദേശീയ തലത്തില്‍ ഗൗരവമായ ചര്‍ച്ചയാവുന്നതു യുണൈറ്റഡ് നാഷന്‍സിന്റെ (UN) നേതൃത്വത്തില്‍ 2004 ല്‍ തയ്യാറാക്കിയ Who Cares Wins എന്ന റിപ്പോര്‍ട്ടിലാണ്. ഈ മൂവ്‌മെന്റിനു നിയതമായ ഒരു രൂപം ലഭിക്കുന്നത് 2015 ല്‍ യുണൈറ്റഡ് നേഷന്‍സ് അംഗീകരിച്ച സുസ്ഥിരമായ വികസന ലക്ഷ്യങ്ങള്‍ (Sustainable Development Goals - SDGs) എന്ന രേഖയിലൂടെയാണ്.
റിസര്‍വ് ബാങ്ക് ഇടപെടുന്നു
ഈയൊരു പശ്ചാത്തലത്തില്‍ വേണം ജൂലൈ 27 ന് ഭാരതീയ റിസേര്‍വ് ബാങ്ക് പ്രസിദ്ധീകരിച്ച കാലാവസ്ഥ വ്യതിയാനത്തിലെ അപായവും സുസ്ഥിരമായ ധനവിനിയോഗവും ( Discussion paper on Climate Risk and Sustainable finance, July 27) എന്ന രേഖയെ സമീപിക്കുവാന്‍. യുണൈറ്റഡ് നാഷന്‍സിന്റെ മുന്‍ സെക്രട്ടറി ജനറലായിരുന്ന കോഫീ അന്നന്‍ (Kofi Annan) കാലാവസ്ഥ സമ്പന്ധിച്ച പാരീസ് കരാറില്‍ പറഞ്ഞ വാക്കുകള്‍ ഉദ്ധരിച്ചു കൊണ്ടാണ് ഈ രേഖ തുടങ്ങുന്നത്. തിരിച്ചു പോക്ക് സാധ്യമല്ലാത്ത വിധം അപകടകരമായ വിധത്തിലാണ് കാലാവസ്ഥ വ്യതിയാനങ്ങള്‍ വന്നു കൊണ്ടിരിക്കുന്നതെന്നും ഇത് മനുഷ്യകുലത്തിനാകെ വിനാശകരമാണെന്നും അദ്ദേഹം പറഞ്ഞു.. കൂടി വരുന്ന ചൂടും അനുബന്ധ അപകടങ്ങളും ഇന്ത്യയില്‍ വരള്‍ച്ച, വെള്ളപ്പൊക്കം, ചുഴലിക്കാറ്റ്, മലയിടിച്ചില്‍ മുതലായവ വഴി വലിയ തോതിലുള്ള പ്രകൃതിദുരന്തങ്ങള്‍ക്കു വെക്കുമെന്ന് നമ്മുടെ കാലാവസ്ഥ വിഭാഗം (india Mateorological Department - IMD) പറയുന്നു.

കാലാവസ്ഥ വ്യതിയാനവും അത് മൂലമുള്ള പ്രകൃതിദുരന്തങ്ങളും ലോക സമ്പത് വ്യവസ്ഥയെ തകിടം മറിക്കുവാന്‍ പര്യാപ്തമാണ്. ഇത് ബാങ്കുകളുടെയും മറ്റു സാമ്പത്തികസ്ഥാപനങ്ങളുടെയും നഷ്ട സാധ്യത (risk), സുരക്ഷ, ഉറപ്പ്, പ്രതിരോധശേഷി എന്നിവയെ പ്രതികൂലമായി ബാധിക്കും. സമ്പത് വ്യവസ്ഥയെ തകരാറിലാക്കാവുന്ന ഈ ഘടകങ്ങള്‍ അതിന്റെ ഗൗരവത്തില്‍ കണ്ട് അതിനെ ഉചിതമായ പദ്ധതികളാലും പ്രവര്‍ത്തനങ്ങളാലും നേരിടുവാന്‍ ബാങ്കുകളടക്കമുള്ള ധനകാര്യസ്ഥാപനങ്ങള്‍ മുന്നോട്ടുവരേണ്ടതുണ്ട്. മാറിവരുന്ന കാഴ്ചപ്പാടുകള്‍ക്കനുസരിച്ചു ധനകാര്യസ്ഥാപനങ്ങള്‍ സാമ്പത്തികവും തന്ത്രപ്രധാനവും യശസ്സുയര്‍ത്തുന്നതുമായ നയരൂപീകരണങ്ങള്‍ നടത്തേണ്ടതുണ്ട്. പരിസ്ഥിതി സൗഹൃദമായ ഉത്പന്നങ്ങളിലും സേവനങ്ങളിലും കൂടുതല്‍ ഊന്നല്‍ നല്‍കണം. കാലാവസ്ഥ വ്യതിയാനത്തിന്റെയും പരിസ്ഥിതി ആഘാതത്തിന്റെയും വെല്ലുവിളികള്‍ നേരിടുമ്പോള്‍ ബാങ്കുകളും മറ്റു സാമ്പത്തിക സ്ഥാപനങ്ങളും കൂടുതലായി രാജ്യത്തിന്റെ സാമൂഹ്യ വികസന ലക്ഷ്യങ്ങളെ മനസ്സില്‍ വെച്ചുകൊണ്ടുള്ള പരിസ്ഥിതി സൗഹ്ര്യദവും ഹരിതവുമായ പദ്ധതികളിലേക്കു (green finance) വായ്പാ നയങ്ങള്‍ പൊരുത്തപ്പെടുത്തേണ്ടതുണ്ട്. ഇതോടനുബന്ധിച്ചു അംഗീകരിച്ചു നടപ്പാക്കേണ്ട ക്രിയാത്മകവും ഫലവത്തുമായ നയങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും രൂപം കൊടുക്കുവാനാണ് ഭാരതീയ റിസേര്‍വ് ബാങ്ക് തുടക്കം കുറിച്ചിട്ടുള്ളത്. ബാങ്കുകളുടെ ഡയറക്ടര്‍ ബോര്‍ഡിനുള്ള ഉത്തരവാദിത്തങ്ങള്‍ മുതല്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട സംവിധാനങ്ങളുടെ ശാക്തീകരണം, പ്രവര്‍ത്തനങ്ങളുടെ ഏകോപനം, പുരോഗതി അളക്കലും അതിനുള്ള മാനദണ്ഡങ്ങളും കൂടാതെ നിയമപരമായും സ്വമേധയേയും ലക്ഷ്യമിടുന്ന വെളിപ്പെടുത്തലുകള്‍ വരെ ഈ രൂപരേഖയുടെ പരിധിയില്‍ വരും.
ഈ ഗതിമാറ്റം എളുപ്പമോ?
ആഗോളവ്യാപകമായി ആളുകളുടെ തൊഴില്‍ അവസരങ്ങളെയും ഭക്ഷ്യ സുരക്ഷയെയും ജീവിത സാഹചര്യങ്ങളെയും ബാധിക്കാത്ത വിധം കാലാവസ്ഥ വ്യതിയാനത്തെയും പരിസ്ഥിതി പ്രശ്‌നങ്ങളെയും അഭിമുഖീകരിക്കുക എന്നത് വളരെ ശ്രമകരമാണ്. 2021 ല്‍ ഗ്ലാസ്‌ഗോയില്‍ വെച്ച് നടന്ന കോണ്‍ഫറന്‍സ് (CoP26) ഇക്കാര്യം ചര്‍ച്ച ചെയ്യുകയുണ്ടായി. അതനുസരിച്ചു 2070 ആകുമ്പോഴേക്കും നെറ്റ് സീറോ എമിഷന്‍ (net zero emission) രാജ്യമാകും എന്നാണ് ഇന്ത്യയുടെ തീരുമാനം. ഇന്ത്യയുടെ ഈ തീരുമാനം നടപ്പിലാക്കുവാന്‍ കമ്പനികളും ഉല്പാദന - ബിസിനസ് സ്ഥാപനങ്ങളുമെല്ലാം തന്നെ ESG പ്രതിബദ്ധമായിരിക്കണം. ഈ കാര്യത്തില്‍ ഉപഭോക്താക്കള്‍ക്കും വലിയ ഉത്തരവാദിത്തമുണ്ട്. ESG പ്രതിബദ്ധമായ കമ്പനികളും സ്ഥാപനങ്ങളും, ബാങ്കുകളും, അവരുടെ ഉത്പന്നങ്ങളും സേവനങ്ങളും, തിരിച്ചറിയുവാനും അത്തരം സ്ഥാപനങ്ങളേയും ഉത്പന്നങ്ങളെയും സേവനങ്ങളെയും പ്രോത്സാഹിപ്പിക്കുവാനും ഉപഭോക്താക്കള്‍ക്കു കഴിയണം.
കൂടുതല്‍ വെളിപ്പെടുത്തലുകള്‍
കമ്പനി നിയമം അനുസരിച്ചും സെബി (SEB) റെഗുലേഷന്‍ അനുസരിച്ചും കമ്പനികളും സ്ഥാപനങ്ങളും ESG വെളിപ്പെടുത്തലുകള്‍ നടത്തേണ്ടതുണ്ട്. റിന്യൂവബിള്‍ ആന്‍ഡ് സസ്‌റ്റൈനബിള്‍ എനര്‍ജി, പുകയോ അന്തരീക്ഷ മലിനീകരണമോ ഇല്ലാത്ത യാത്ര സംവിധാനം, ജലത്തിന്റേയും ജലസ്രോതസ്സുകളുടെയും ഉപയോഗവും കാര്യക്ഷമമായ നടത്തിപ്പും, കാലാവസ്ഥ മാറ്റങ്ങളോടുള്ള നൈതികമായ അനുരൂപീകരണം, നൈപുണ്യപൂര്‍ണമായ ഊര്‍ജോപയോഗം, കാര്യപ്രാപ്തിയോടുകൂടിയ പാഴ്വസ്തു സംസ്‌കരണ സംവിധാനം, ഭൂമിയുടെ ഉപയോഗത്തിലുള്ള ശ്രദ്ധയും ഭാവിയിലേക്കുള്ള കരുതലും, ജൈവവൈവിധ്യത്തിന്റെ സംരക്ഷണം എന്നിവയെല്ലാം ESG യുടെ നിര്‍വചനത്തില്‍ വരും. ഇക്കാര്യങ്ങളെല്ലാം സെബിയുടെ ബിസിനസ് റെസ്‌പോണ്‍സബിലിറ്റി ആന്‍ഡ് സസ്‌റ്റൈനബിലിറ്റി റിപ്പോര്‍ട്ട് (BRSR) ഫ്രെയിംവര്‍ക് അനുസരിച്ചും നാഷണല്‍ ഗൈഡ്‌ലൈയിന്‍സ് ഫോര്‍ റെസ്‌പോണ്‌സിബിള്‍ ബിസിനസ്സ് കോണ്ടക്ടനുസരിച്ചുള്ള (NGBRC) ഒന്‍പതു മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ക്കും അനുസരണമായി വെളിപ്പെടുത്തലുകള്‍ നടത്തുവാന്‍ 2022 -23 സാമ്പത്തികവര്‍ഷം മുതല്‍ വലിയ ആയിരം ലിസ്റ്റഡ് കമ്പനികള്‍ ബാധ്യസ്ഥരാണ്.
ESG ഒരു ഉട്ടോപ്യന്‍ ചിന്തയോ?
പ്രായോഗികതലത്തില്‍, പ്രത്യേകിച്ച് ഹ്രസ്വകാലാടിസ്ഥാനത്തില്‍, ESG നിര്‍ദേശകതത്വങ്ങള്‍ നടപ്പിലാക്കുക എന്നത് ശ്രമകരം തന്നെയാണ്. അതിനര്‍ത്ഥം ESG അടിസ്ഥാനരഹിതമെന്നോ, നടപ്പിലാക്കാന്‍ കഴിയാത്ത ഒന്നാണ് എന്നോ അല്ല. ഏതൊരു പുതിയ ആശയത്തെയെന്നപോലെ ESG ഉള്‍കൊള്ളാനും പ്രായോഗികതലത്തില്‍ അത് പൂര്‍ണ രൂപത്തില്‍ നടപ്പിലാക്കാനും സമയവും സംയമനവും വേണ്ടിവരും. ഏറ്റവും പ്രധാനപ്പെട്ടത് ഇത് നമുക്ക് ഒഴിച്ചുകൂടാനാവാത്ത ഉത്തരവാദിത്തമാണ് എന്നതാണ്. മറുവാദങ്ങള്‍ നിരത്തുമ്പോഴും ഇക്കാര്യം നാം മറന്നുകൂടാ.
ESG വെറും ഒരഭിലാഷമല്ല. അത് കാണാനാവുന്ന, തൊട്ടറിയാനാവുന്ന, അനുഭവിച്ചറിയാനാവുന്ന, അളക്കാനാവുന്ന പ്രയോഗികമായി ചെന്നെത്താനാവുന്ന യാഥാര്‍ഥ്യമാണ്. അത് വൈവിധ്യങ്ങളുടെ സ്വീകാര്യത മാത്രമല്ല, കാലാവസ്ഥ വ്യതിയാന ചര്‍ച്ചയല്ല, പരിസ്ഥിതിയെകുറിച്ചുള്ള വേവലാതിയല്ല, അല്ലറ ചില്ലറ വസ്തുതകളുടെ വെളിപ്പെടുത്തലുമല്ല. ബിസിനസ്സിന്റെ ആത്മാവിലേക്കു ആഴ്ന്നിറങ്ങുന്ന തത്വശാസ്ത്രമാണത്. നയങ്ങളാണ്. പ്രവര്‍ത്തനങ്ങളാണ്. അതിനുവേണ്ടിയുള്ള മുതല്‍ മുടക്കാണ്. നിക്ഷേപമാണ്. ആര്‍ജ്ജവത്തോടെയുള്ള നവീകരണ യജ്ഞമാണ്. ഇന്നത്തെയും വരും തലമുറയുടെയും നിലനില്പിനു വേണ്ടിയുള്ള മനുഷ്യ കുലത്തിന്റെ പ്രതിബദ്ധതയാണ്. ലോകം നേരിടുന്ന വലിയ വെല്ലുവിളിയുമായി സഹാനുഭൂതിയോടുകൂടെയുള്ള സമരമാണ്. നാളെയെക്കുറിച്ചുള്ള വലിയ പ്രതീക്ഷയാണ്.

കെ എ ബാബു എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് (റിട്ട) ഫെഡറല്‍ ബാങ്ക്


Babu K A
Babu K A is a Banking and Financial Expert  

Related Articles

Next Story

Videos

Share it