സഹകരണ ബാങ്കുകളിലെ നിക്ഷേപം സുരക്ഷിതമോ?

കേരളത്തിലെ സഹകരണ ബാങ്കുകള്‍ അടുത്ത കാലത്തൊന്നും ഇത്തരത്തിലൊരു പ്രതിസന്ധിയിലൂടെ കടന്നുപോയിട്ടുണ്ടാവില്ല. ഒന്നിനു പിന്നാലെ മറ്റൊന്ന് എന്ന തരത്തില്‍ കേരളത്തിലെ സഹകരണ ബാങ്കുകളിലെ ക്രമക്കേടുകള്‍ വാര്‍ത്തകളാകുമ്പോള്‍ നിക്ഷേപകരും പരിഭ്രാന്തിയിലാണ്. കരുവന്നൂരിലെ വന്‍ തട്ടിപ്പിനു പിന്നാലെ അയ്യന്തോള്‍, കണ്ടല, കണ്ണമ്പ്ര, അയിരൂപ്പാറ, ഷൊര്‍ണൂര്‍, കടമ്പനാട്, കോട്ടച്ചേരി, താമരക്കുടി, കാറളം, വെള്ളൂര്‍, മൈലപ്ര, പുല്‍പ്പള്ളി, തഴക്കര, പുത്തൂര്‍, അടാട്ട്, കാടാച്ചിറ, വളപ്പട്ടണം തുടങ്ങി നിരവധി സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ടും വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു.

തിരിമറി ജീവനക്കാരുടെ അറിവോടെയും
നൂറുകോടി രൂപയ്ക്ക് മുകളിലുള്ളക്രമക്കേടാണ് പല ബാങ്കുകളിലും നടന്നിട്ടുള്ളത്. വ്യാജ വായ്പ, ബിനാമി വായ്പ, അനധികൃത ഭൂമി വായ്പ, സ്വര്‍ണപ്പണയ വായ്പ, മുക്കുപണ്ട പണയം, കള്ളപ്പണം, പണയം വെച്ച സ്വര്‍ണം കാണാതാകല്‍, ജീവനക്കാരുടെ അറിവോടെ പണം തിരിമറി നടത്തുക തുടങ്ങി നിരവധി തരത്തിലാണ് തട്ടിപ്പുകള്‍ അരങ്ങേറുന്നത്. പല സഹകരണ സംഘങ്ങളും തകരുന്നത് അവര്‍ക്ക് പരിചിതമല്ലാത്ത ബിസിനസുകള്‍ക്ക് പണം മുടക്കുന്നതിലൂടെയാണ്.
സഹകരണ ബാങ്കുകളിലെ നിക്ഷേപകരില്‍ ഏറിയ പങ്കും 60 വയസിന് മുകളില്‍ പ്രായമുള്ള റിട്ടയേര്‍ഡ് ഉദ്യോഗസ്ഥരോ കര്‍ഷകരോ ഒക്കെയാകും. സാധാരണക്കാര്‍ മാത്രമല്ല, സമ്പന്നരില്‍ പലരും സഹകരണ ബാങ്കുകളില്‍ പണം നിക്ഷേപിക്കുന്നവരില്‍ ഉണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്.
എല്ലാവരും തട്ടിപ്പുകാരല്ല
കേരളത്തില്‍ 1,650 ഓളം പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളുണ്ടെന്നാണ് കണക്ക്. വനിതാ സൊസൈറ്റികളടക്കമുള്ള മറ്റു സൊസൈറ്റികളും കൂടിയാകുമ്പോള്‍ അത് 8,000ത്തിന് മുകളില്‍ വരും. ഇവയിലെല്ലാം കൂടി പതിനായിരക്കണക്കിന് കോടി രൂപയാണ് നിക്ഷേപമായി ഉള്ളത്. കേരളത്തില്‍ സര്‍ക്കാര്‍ ജോലി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പേര്‍ ജോലി ചെയ്യുന്നതും സഹകരണ മേഖലയിലാകും.
നല്ല നിലയില്‍ മാതൃകാ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്ന സ്ഥാപനങ്ങളാണ് മിക്കതും. എന്നാല്‍ വിരലില്‍ എണ്ണാവുന്ന ആളുകളുടെ തെറ്റായ നടപടികള്‍ മതി സ്ഥാപനം തന്നെ തകരാന്‍. മിക്ക സഹകരണ ബാങ്കുകളും മികച്ച ശമ്പള നിരക്കാണ് നല്‍കിവരുന്നത്. എന്നിട്ടും അധിക വരുമാനം തേടി പോകുന്ന ജീവനക്കാരും ബാങ്കുകളുടെ പതനത്തിന് കാരണമാകുന്നു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ക്രമക്കേടുകളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അതില്‍ സഹകരണ മേഖല ഉലഞ്ഞിട്ടുണ്ട്. തെക്കന്‍-മധ്യ കേരളത്തില്‍ നിക്ഷേപകര്‍ വ്യാപകമായി നിക്ഷേപം തിരിച്ചെടുക്കാന്‍ ബാങ്കുകളെ സമീപിക്കുന്നുണ്ട്. എന്നാല്‍ താരതമ്യേന ക്രമക്കേടുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ അധികം കേള്‍ക്കാത്ത മലബാര്‍ മേഖലയില്‍ പ്രത്യേകിച്ച് കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ സ്ഥാപനങ്ങള്‍ക്ക് അങ്ങനെയൊരു അനുഭവമില്ലെന്നാണ് ഈ മേഖലയിലുള്ളവര്‍ പറയുന്നത്. തട്ടിപ്പുകളെ കുറിച്ചുള്ള പുതിയ വാര്‍ത്തകള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ നിലനില്‍പ്പ് തന്നെ അവതാളത്തിലാകുമോ എന്ന് ഭയന്ന് പല ബാങ്കുകളും വലിയ ജാഗ്രത പുലര്‍ത്തി വരുന്നുണ്ട്.
സര്‍ക്കാരിന്റെ ഉറപ്പ്
വാണിജ്യ ബാങ്കുകള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ഒരുക്കിയ ഡെപ്പൊസിറ്റ് ഇന്‍ഷ്വറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരന്റി കോര്‍പ്പറേഷന്‍ (ഡി.ഐ.സി.ജി.സി) മാതൃകയില്‍ അടുത്തിടെ സംസ്ഥാന സര്‍ക്കാരും സഹകരണ ബാങ്ക് നിക്ഷേപങ്ങള്‍ക്കായി ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ട്. കേരള കോ-ഓപ്പറേറ്റീവ് ഡെപ്പൊസിറ്റ് ഗ്യാരന്റി ഫണ്ട് ബോര്‍ഡ് എന്ന ഈ സ്ഥാപനത്തിലൂടെ, തകരുന്ന സഹകരണ ബാങ്കുകളുടെ നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കുകയാണ് ലക്ഷ്യം. ബാങ്കുകളില്‍ നിന്ന് നിശ്ചിത തുക പിരിച്ചെടുത്താണ് ഇതിന്റെ പ്രവര്‍ത്തനം. നൂറു രൂപ നിക്ഷേപമായി സ്വീകരിക്കുമ്പോള്‍ ബാങ്ക് പത്തു പൈസ ബോര്‍ഡിലേക്ക്
ടയ്ക്കണമെന്നാണ് നിയമമെന്ന് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ.പി സതീഷ് ചന്ദ്രന്‍ പറയുന്നു.
ഇത്തരത്തില്‍ സ്വരൂപിച്ച 200-300 കോടി രൂപ ബോര്‍ഡിന്റെ കൈവശമുണ്ട്. ബോര്‍ഡ് രൂപീകൃതമായതിനുശേഷം ബാങ്കുകള്‍ തകര്‍ന്നിട്ടില്ല എന്നതിനാല്‍ ഈ പണംവിതരണം ചെയ്യേണ്ടി വന്നില്ല. കരുവന്നൂര്‍ ബാങ്ക്തട്ടിപ്പ് ബോര്‍ഡ് രൂപീകരണത്തിന് മുമ്പ് നടന്നതായതിനാല്‍ ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കില്ല. എന്നാല്‍ സമീപകാല സംഭവങ്ങളോടെ സര്‍ക്കാരിന്റെ ഉറപ്പിലും നിക്ഷേപകര്‍ക്ക് വിശ്വാസമില്ലാതായിട്ടുണ്ട്. അടുത്തിടെയാണ് കേരള ട്രാന്‍സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷനുമായി (കെ.ടി.ഡി.എഫ്.സി) ബന്ധപ്പെട്ട വിവാദം തലപൊക്കിയത്. കൊല്‍ക്കത്ത ആസ്ഥാനമായുള്ള ശ്രീരാമകൃഷ്ണ മിഷനില്‍ നിന്ന് 130 കോടി രൂപ സ്ഥിരനിക്ഷേപമായി സ്വീകരിച്ച കെ.ടി.ഡി.എഫ്.സിക്ക് കാലാവധി കഴിഞ്ഞിട്ടും തുക തിരിച്ചു നല്‍കാനായിരുന്നില്ല. സംസ്ഥാന സര്‍ക്കാരിന്റെ ഗ്യാരന്റിയോട് കൂടിയാണ് ഈ സ്ഥാപനം നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നത്.
അതുകൊണ്ടു തന്നെ കെ.ടി.ഡി.എഫ്.സിക്കു പണംനല്‍കാനായില്ലെങ്കില്‍ ആ പണം നല്‍കേണ്ട ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനായിരുന്നു. എന്നാല്‍ സര്‍ക്കാരിനും അത് നല്‍കാനായില്ല. ഇതോടെ സ്ഥാപനത്തിന്റെ ബാങ്കിതര സ്ഥാപനമെന്ന ലൈസന്‍സ് റിസര്‍വ് ബാങ്ക് റദ്ദു ചെയ്യാന്‍ ഒരുങ്ങുകയാണ്.
നിക്ഷേപകര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സഹകരണ ബാങ്കുകളെല്ലാം തട്ടിപ്പുകാരല്ല എന്ന് നിക്ഷേപകര്‍ മനസ്സിലാക്കണം. എന്നാല്‍ പുതിയ സാഹചര്യത്തില്‍ സ്ഥാപനത്തെ കുറിച്ച് വ്യക്തമായി അറിഞ്ഞു മാത്രം നിക്ഷേപം നടത്തിയാല്‍ മതി. നിക്ഷേപകര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്.

1. ബാങ്കിനെ മനസ്സിലാക്കുക:- സഹകരണ ബാങ്കുകളുടെ ഭരണസമിതി അംഗങ്ങള്‍ ചുറ്റുപാടും ഉള്ളവര്‍ തന്നെയായിരിക്കും. അവരുടെ ബാക്ക് ഗ്രൗണ്ട് അറിയാന്‍ വലിയ പ്രയാസം ഉണ്ടാകില്ല. അതുപോലെ എത്രകാലം ബാങ്ക് പ്രവര്‍ത്തിച്ചു എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. അസാധാരണ ബാങ്കിതര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ബാങ്കുകള്‍, നിക്ഷേപങ്ങള്‍ക്ക് വലിയ പലിശ വാഗ്ദാനം ചെയ്യുന്നവര്‍ തുടങ്ങിയവയെ ശ്രദ്ധിക്കുക.

2. ഇന്‍ഷുറന്‍സ് ഉണ്ടോ:- സംസ്ഥാന സര്‍ക്കാരിന്റെ കേരള കോ ഓപ്പറേറ്റീവ് ഡിപ്പോസിറ്റ് ഗാരന്റി ഫണ്ട് ബോര്‍ഡില്‍ അംഗമായ സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങള്‍ക്ക് മാത്രമേ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുകയുള്ളൂ. മള്‍ട്ടി സ്റ്റേറ്റ് കോ ഓപറേറ്റീവ് സൊസൈറ്റികള്‍ അടക്കമുള്ളവ ഇതില്‍ അംഗങ്ങളല്ല. സഹകരണ ബാങ്കുകളിലും ഇതിന്റെ ഭാഗമല്ലാത്തവരുണ്ട്.

3. എല്ലാ പണത്തിനും പരിരക്ഷയില്ല:- തകര്‍ന്ന ബാങ്കില്‍ എത്ര രൂപ നിക്ഷേപിച്ചിട്ടുണ്ടെങ്കിലും പരമാവധി അഞ്ചു ലക്ഷം രൂപ മാത്രമേ ഈ പദ്ധതി പ്രകാരം തിരികെ ലഭിക്കുകയുള്ളൂ. ഒരു ബാങ്കിലെ ഒരാളുടെ പേരിലുള്ള എല്ലാ എക്കൗണ്ടുകളും പരിഗണിച്ച് അതിന്മേലാണ് അഞ്ചു ലക്ഷം രൂപ നല്‍കുക. എന്നാല്‍ മറ്റു കുടുംബാംഗങ്ങളുടെ പേരിലുള്ള നിക്ഷേപത്തിനും ഇതേ വ്യക്തിയുടെ മറ്റൊരു ബാങ്കിലുള്ള നിക്ഷേപത്തിനും വെറെ പരിരക്ഷ ലഭിക്കും.

4. എല്ലാ പണവും ഒരിടത്ത് വേണ്ട:- കൈയിലുള്ള പണം എല്ലാം ഒരേ ബാങ്കില്‍ അല്ലെങ്കില്‍ ഒരേ ഉല്‍പ്പന്നത്തില്‍ നിക്ഷേപിക്കുന്നത് നല്ലതല്ല. നിക്ഷേപത്തിനുള്ള പോര്‍ട്ട്‌ഫോളിയോ തയാറാക്കുമ്പോള്‍ സ്ഥിരനിക്ഷേപം, മ്യൂച്വല്‍ ഫണ്ട്, സ്വര്‍ണം തുടങ്ങിയ വൈവിധ്യമാര്‍ന്ന മേഖലകള്‍ തെരഞ്ഞെടുക്കുക.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it