കേരള ബാങ്കിനെ 'സി' ക്ലാസിലേക്ക് തരംതാഴ്ത്തി; ബാങ്കിന് തിരിച്ചടിയെന്ന് വിദഗ്ധര്‍

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് അഥവാ കേരള ബാങ്കിനെ സി ക്ലാസ് പട്ടികയിലേക്ക് തരം താഴ്ത്തി. 25 ലക്ഷം രൂപക്ക് മുകളില്‍ വ്യക്തിഗത വായ്പ നല്‍കാന്‍ പാടില്ലെന്ന കര്‍ശന നിയന്ത്രണത്തോടെയാണ് കേരള ബാങ്കിനെതിരെ നടപടി സ്വീകരിച്ചത്. ഇതിനോടകം വിതരണം ചെയ്ത വായ്പകള്‍ ഘട്ടം ഘട്ടമായി തിരിച്ചു പിടിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
പുതിയ പട്ടിക അനുസരിച്ച് കേരള ബാങ്ക് സി ക്ലാസിലാണെന്ന് കാട്ടി ബാങ്കിന്റെ വിവിധ ശാഖകളിലേക്ക് കത്തും അയച്ചിട്ടുണ്ട്. ഏഴ് ശതമാനത്തില്‍ കുറവായിരിക്കേണ്ട നിഷ്‌ക്രിയ ആസ്തി 11 ശതമാനത്തില്‍ കൂടുതലായതാണ് കേരള ബാങ്കിന് തിരിച്ചടിയായത്. വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് അനുവദിച്ച വായ്പാ കിട്ടാക്കടം വര്‍ധിച്ചതും വിനയായി.
ഇതിന് പിന്നാലെയാണ് സംഭവത്തില്‍ വിശദീകരണവുമായി കേരള ബാങ്ക് വൃത്തങ്ങള്‍ രംഗത്തുവന്നത്. സഹകരണ ബാങ്കുകളുടെ മേല്‍നോട്ടച്ചുമതലയുള്ള നബാര്‍ഡ്, പരിശോധനകളുടെ ഭാഗമായി കേരള ബാങ്കിനെ സി ക്ലാസില്‍ ഉള്‍പ്പെടുത്തിയെന്നാണ് വിശദീകരണം.
രാജ്യത്തെ പല സഹകരണ ബാങ്കുകളും സി ക്ലാസിലാണെന്നും ബാങ്ക് വിതരണം ചെയ്ത 48,000 കോടി രൂപയുടെ വായ്പയില്‍ 1500 കോടി മാത്രമാണ് വ്യക്തിഗത വായ്പകളെന്നും വിശദീകരണം തുടരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ബാങ്കിന്റെ ഔദ്യോഗിക വിശദീകരണം എത്തിയിട്ടില്ല.

Related Articles

Next Story

Videos

Share it