സഹകരണ ബാങ്കുകള്‍ നിക്ഷേപപ്പലിശ കൂട്ടി; നിക്ഷേപ സമാഹരണ യജ്ഞം ഉടന്‍, കൂടുതല്‍ പ്രതീക്ഷ മലപ്പുറത്ത്

സംസ്ഥാന പ്രാഥമിക സഹകരണ സംഘങ്ങള്‍, കേരള ബാങ്ക് എന്നിവ നിക്ഷേപങ്ങള്‍ക്കുള്ള പലിശനിരക്ക് വര്‍ധിപ്പിച്ചു. ഒരുവര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 0.50 ശതമാനവും ഒരുവര്‍ഷത്തിന് മുകളിലുള്ളവയ്ക്ക് 0.75 ശതമാനവും വര്‍ധിപ്പിക്കാനാണ് സഹകരണ മന്ത്രി വി.എന്‍. വാസവന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് സഹകരണ ബാങ്കുകളുടെ നിക്ഷേപ പലിശനിരക്ക് ഇതിനുമുമ്പ് കൂട്ടിയത്.

പ്രാഥമിക സഹകരണ സംഘങ്ങളിലെ പുതുക്കിയ പലിശ
(ബ്രായ്ക്കറ്റില്‍ പഴയ പലിശ)
91-179 ദിവസം - 7.50% (7%)
180-364 ദിവസം - 7.75% (7.25%)
ഒരുവര്‍ഷം - 2 വര്‍ഷം - 9% (8.25%)
2 വര്‍ഷത്തിന് മുകളില്‍ - 8.75% (8%)

കേരള ബാങ്കിലെ പുതുക്കിയ പലിശ
(ബ്രായ്ക്കറ്റില്‍ പഴയ പലിശ)
91-179 ദിവസം - 6.75% (6.25%)
180-364 ദിവസം - 7.25% (6.75%)
ഒരുവര്‍ഷം - 2 വര്‍ഷം - 8% (7.25%)
2 വര്‍ഷത്തിന് മുകളില്‍ - 7.75% (7%)

നിക്ഷേപ സമാഹരണ യജ്ഞം ജനുവരി 10 മുതല്‍
9,150 കോടി രൂപ ലക്ഷ്യമിട്ടുള്ള നിക്ഷേപ സമാഹരണ യജ്ഞത്തിന് സഹകരണമേഖല ജനുവരി 10ന് തുടക്കമിടും. പ്രാഥമിക സഹകരണ സംഘങ്ങള്‍ 7,250 കോടി രൂപ സമാഹരിക്കണം. 1,750 കോടി രൂപ സമാഹരിക്കേണ്ടത് കേരള ബാങ്കാണ്. സംസ്ഥാന കാര്‍ഷിക വികസനബാങ്ക് 150 കോടി രൂപയും സമാഹരിക്കണമെന്ന് മന്ത്രി വി.എന്‍. വാസവന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. യുവാക്കളെ ആകര്‍ഷിക്കുക, ഒരു വീട്ടില്‍ ഒരു അക്കൗണ്ട് എന്നീ ലക്ഷ്യങ്ങളും യോഗം മുന്നോട്ട് വച്ചിട്ടുണ്ട്.
യജ്ഞത്തില്‍ സമാഹരിക്കുന്ന മൊത്തം നിക്ഷേപത്തിന്റെ 30 ശതമാനം കറന്റ് അക്കൗണ്ട് സേവിംഗ്‌സ് അക്കൗണ്ട് (കാസ) വിഭാഗത്തിലായിരിക്കണമെന്നും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഏറ്റവുമധികം തുക സമാഹരിക്കേണ്ട ജില്ല മലപ്പുറമാണ് (900 കോടി രൂപ). കോഴിക്കോടാണ് രണ്ടാമത് (800 കോടി രൂപ).
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it