കേരള ഗ്രാമീണ്‍ ബാങ്കിന് 325 കോടി രൂപ ലാഭം

കേരള ഗ്രാമീണ്‍ ബാങ്ക് (Kerala Gramin Bank) കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2022-23) 162 ശതമാനം വളര്‍ച്ചയോടെ 325 കോടി രൂപ ലാഭം രേഖപ്പെടുത്തി. 2021-22ല്‍ ലാഭം 124 കോടി രൂപയായിരുന്നു. പ്രവര്‍ത്തനലാഭം 412 കോടി രൂപയില്‍ നിന്ന് 31 ശതമാനം ഉയര്‍ന്ന് 539 കോടി രൂപയായി. പ്രവര്‍ത്തനഫലത്തിലെ ഓരോ വിഭാഗത്തിലും മികവ് പുലര്‍ത്താന്‍ കഴിഞ്ഞവര്‍ഷം കഴിഞ്ഞുവെന്നത് ബാങ്കിന് നേട്ടമായി.

നിഷ്‌ക്രിയ ആസ്തി കുറവ്
ബാങ്കിന്റെ മൊത്തം നിഷ്‌ക്രിയ ആസ്തി (ജി.എന്‍.പി.എ) 2.26 ശതമാനമെന്ന സുരക്ഷിത നിലയിലാണുള്ളത്. അറ്റ നിഷ്‌ക്രിയ ആസ്തി (എന്‍.എന്‍.പി.എ) പൂജ്യം ശതമാനമാണെന്നതും നേട്ടമാണ്. മൂലധന പര്യാപ്തതാ അനുപാതം (സി.ആര്‍.എ.ആര്‍) 11.41 ശതമാനത്തില്‍ നിന്ന് 13.10 ശതമാനമായി മെച്ചപ്പെട്ടു. അറ്റ പലിശ വരുമാനം (എന്‍.ഐ.ഐ/NII - പലിശയില്‍ നിന്നുള്ള വരുമാനം) 12.31 ശതമാനം ഉയര്‍ന്നു. അറ്റ പലിശ മാര്‍ജിന്‍ (എന്‍.ഐ.എം/NIM) 3.89 ശതമാനത്തില്‍ നിന്നുയര്‍ന്ന് 4.03 ശതമാനത്തിലുമെത്തി.
ഉപഭോക്താക്കള്‍ 97.89 ലക്ഷം
ബാങ്കിന് 97.89 ലക്ഷം ഇടപാടുകാരുണ്ട്. മൊത്തം ബിസിനസ് കഴിഞ്ഞവര്‍ഷം 41,113 കോടി രൂപയില്‍ നിന്ന് 43,889 കോടി രൂപയായി മെച്ചപ്പെട്ടു. 21,954 കോടി രൂപയാണ് മൊത്തം നിക്ഷേപം. കറന്റ് അക്കൗണ്ട് സേവിംഗ്‌സ് അക്കൗണ്ട് (കാസ/CASA) നിക്ഷേപം 42.57ല്‍ നിന്ന് 44.47 ശതമാനമായി വര്‍ദ്ധിച്ചു.
വായ്പകള്‍ 21,885 കോടി രൂപ. വായ്പകളില്‍ 13.5 ശതമാനം വളര്‍ച്ചയുണ്ട്. സര്‍ക്കാര്‍ നല്‍കിയ അധിക മൂലധന പിന്തുണയാണ് നേട്ടമായത്. വായ്പകളില്‍ 94 ശതമാനവും മുന്‍ഗണനാ വിഭാഗത്തിലുള്ളവയാണ്. മൊത്തം വായ്പയുടെ 18 ശതമാനം കാര്‍ഷിക മേഖലയ്ക്കായി നീക്കിവയ്ക്കണമെന്ന് സര്‍ക്കാര്‍ മാനദണ്ഡമുണ്ട്. എന്നാല്‍, ബാങ്കിന്റെ മൊത്തം വായ്പയില്‍ 68 ശതമാനവും കാര്‍ഷിക മേഖലയിലാണ്.
കേരള ഗ്രാമീണ്‍ ബാങ്ക്
കേരളത്തിലെ റീജിയണല്‍ റൂറല്‍ ബാങ്കാണ് (ആര്‍.ആര്‍.ആര്‍) മലപ്പുറം ആസ്ഥാനമായുള്ള കേരള ഗ്രാമീണ്‍ ബാങ്ക്. നേരത്തേ നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്ക്, സൗത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്ക് എന്നിങ്ങനെ പ്രവര്‍ത്തിച്ചിരുന്ന ബാങ്കുകള്‍ ലയിച്ചാണ് കേരള ഗ്രാമീണ്‍ ബാങ്ക് ആയത്. കാര്‍ഷികം, ചെറു സംരംഭങ്ങള്‍, വിദ്യാഭ്യാസം, പിന്നാക്ക വിഭാഗം, ഹൗസിംഗ് തുടങ്ങിയ മുന്‍ഗണനാ മേഖലകള്‍ക്കുള്ള സേവനത്തിനാണ് ബാങ്ക് കൂടുതല്‍ ഊന്നല്‍ നല്‍കുന്നത്. കനറാ ബാങ്കാണ് കേരള ഗ്രാമീണ്‍ ബാങ്കിന്റെ (KGB) പ്രമോട്ടര്‍ ബാങ്ക്. കനറയ്ക്ക് പുറമേ കേരള സര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനും ബാങ്കില്‍ ഓഹരി പങ്കാളിത്തമുണ്ട്.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it