നിക്ഷേപത്തട്ടിപ്പുകള്‍ തടയാന്‍ ബഡ്‌സ് നിയമം കേരളം നടപ്പാക്കുന്നു

2019ല്‍ കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ ബാനിങ് ഓഫ് അണ്‍റെഗുലേറ്റഡ് ഡെപ്പോസിറ്റ് സ്‌കീം( ബഡ്‌സ്) നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. ഇതു സംബന്ധിച്ച ചട്ടങ്ങള്‍ ആഭ്യന്തരവകുപ്പ് വിജ്ഞാപനം ചെയ്തു. കേരളത്തില്‍ നിക്ഷേപത്തട്ടിപ്പുകളുടെ വാര്‍ത്തകള്‍ ഓരോ തവണയും പുറത്തുവരുമ്പോഴും ഉയര്‍ന്ന ആവശ്യമായിരുന്നു ബഡ്‌സ് നിയമം നടപ്പിലാക്കണമെന്നത്.

സര്‍ക്കാരിന്റെ അനുമതിയില്ലാത്ത നിക്ഷേപ പദ്ധതികള്‍ നിരോധിക്കുന്നതാണ് നിയമം. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ അതോറിറ്റിയെ നിയോഗിക്കും. അനധികൃതമായി നിക്ഷേപം സ്വീകരിക്കുന്ന സ്ഥാപനങ്ങളില്‍ പരിശോധന നടത്താനും ആസ്തികള്‍ പിടിച്ചെടുക്കാനും അതോറിറ്റിക്ക് അനുമതി ലഭിക്കും. നിക്ഷേപത്തട്ടിപ്പുകള്‍ മുന്‍കൂട്ടി തടയാനും ഇരകള്‍ക്ക് നഷ്ടപരിഹാരം ലഭിക്കാനുള്ള കാലതാമസം കുറയ്ക്കാനും ബഡ്‌സ് നിയമം ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.
അതോറിറ്റിയുടെ അധികാരങ്ങള്‍
  • ഏതൊരു സ്ഥാപനത്തിലെയും നിക്ഷേപ പദ്ധതികള്‍ തുടങ്ങുമ്പോള്‍ അതോറിറ്റിക്ക് ഇടപെടാം
  • തട്ടിപ്പ് നടന്നാല്‍ സ്ഥാപനത്തിന്റെയും അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെയും നിക്ഷേപങ്ങളും ആസ്ഥികളും ഇടക്കാല ഉത്തരവിലൂടെ അതോറിറ്റിക്ക് പിടിച്ചെടുക്കാം
  • സിവില്‍ കോടതിക്ക് സമാനമായ അധികാരങ്ങളാണ് സമിതിക്ക് ഉള്ളത്. അന്വേഷണത്തിന് ഉത്തരവിടാനും പരാതികള്‍ തള്ളാനും സമന്‍സ് നല്‍കി വ്യക്തികളെ വിളിച്ചുവരുത്താനും അതോറിറ്റിക്ക് അധികാരമുണ്ട്. അന്വേഷണത്തിനായി പൊലീസിനെയോ പ്രത്യേക സംഘങ്ങളെയോ നിയോഗിക്കാം.
  • ബഡ്‌സ് ആക്ടിന് കീഴിലുള്ള കേസുകള്‍ കൈകാര്യം ചെയ്യുന്നത് ഓരോ ജില്ലയിലും അഡീഷണല്‍ സെഷന്‍സ് കോടതി ആയിരിക്കും.
ബഡ്‌സ് നിയമം; 10 വര്‍ഷം തടവും 50 കോടിവരെ പിഴയും
ബഡ്‌സ് നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ക്ക് ജാമ്യം ലഭിക്കില്ല. അനധികൃത നിക്ഷേപങ്ങള്‍ക്ക് പ്രലോഭിപ്പിക്കുന്നത് 5 വര്‍ഷം വരെ തടവും 10 ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. അനധികൃതമായി നിക്ഷേപം സ്വീകരിച്ചാല്‍ 7 വര്‍ഷം തടവും 10 ലക്ഷം രൂപവരെ പിഴയും ലഭിക്കാം. രണ്ടാം തവണ ഇതേ കുറ്റകൃത്യത്തിന് പിടികൂടിയാല്‍ 50 കോടി രൂപവരെ പിഴ ഈടാക്കാം.


Related Articles
Next Story
Videos
Share it