ലക്ഷങ്ങള്‍ നേടാം, ലാഭിക്കാം; നേരായ മാര്‍ഗങ്ങളിലൂടെ
ജോസഫ് ഒരു ഉത്സാഹിയായിരുന്നു. റബര്‍ വെട്ടിയ ശേഷം സ്വന്തമായുള്ള ഓട്ടോറിക്ഷയും ഓടിക്കും. ജീവിതം വളരെ സന്തോഷമായി പോകുന്നു. എല്ലാം മാറിമറിഞ്ഞത് പെട്ടന്നാണ്. ഓട്ടോ അപകടത്തില്‍ ജോസഫ് തല്‍ക്ഷണം മരിച്ചു. അതോടെ രണ്ട് പെണ്‍മക്കളും ഭാര്യയും അനാഥരായി. കുടുംബത്തിന്റെ ഏക വരുമാനം നിലച്ചു.
ജോസഫിന് പറയത്തക്ക നീക്കിയിരുപ്പൊന്നും ഇല്ലായിരുന്നു. പക്ഷേ ഓട്ടോറിക്ഷ തൊഴിലാളികള്‍ക്കിടയില്‍ സാമ്പത്തിക സാക്ഷരത വളര്‍ത്താനുള്ള ബോധവല്‍ക്കരണ പരിപാടികളില്‍ പങ്കെടുത്തിരുന്ന ജോസഫ് പ്രതിവര്‍ഷം 12 രൂപ പ്രീമിയം (ഇപ്പോള്‍ 20 രൂപ) അടയ്ക്കുന്ന പ്രധാന്‍മന്ത്രി സുരക്ഷ ബീമ യോജനയില്‍ ചേര്‍ന്നിരുന്നു. പ്രീമിയം കൃത്യമായി അടയ്ക്കുകയും ചെയ്തിരുന്നു. ബാങ്കില്‍ ചെന്ന് മതിയായ രേഖകള്‍ സമര്‍പ്പിച്ചപ്പോള്‍ ജോസഫിന്റെ (പേര് സാങ്കല്‍പ്പികം) കുടുംബത്തിന് രണ്ട് ലക്ഷം രൂപ ഇന്‍ഷുറന്‍സ് തുകയായി ലഭിച്ചു. ആ കുടുംബത്തെ സംബന്ധിച്ച് അതൊരു വലിയ തുക തന്നെയായിരുന്നു.
രാജ്യത്തെ ഏതൊരു പൗരനും ലഭിക്കുന്ന, എന്നാല്‍ അധികമാര്‍ക്കും അറിയാത്ത, അറിഞ്ഞാല്‍ തന്നെ പലരും ഉപയോഗപ്പെടുത്താത്ത പദ്ധതികളില്‍ പലതുണ്ട്. പണം സമ്പാദിച്ചാല്‍ മാത്രം പോര. അതിനായി കഠിനാധ്വാനം ചെയ്താല്‍ മാത്രം പോര. നിയമാനുസൃതമായി ലഭിക്കുന്ന ആനുകൂല്യങ്ങളും പദ്ധതികളും ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുകയും വേണം. അങ്ങനെയുള്ള ചില കാര്യങ്ങള്‍ ഇതാ.
പ്രധാന്‍മന്ത്രി ജീവന്‍ ജ്യോതി ബീമാ യോജന (PMJJBY)
18നും 50നുമിടയില്‍ പ്രായമുള്ളവര്‍ക്ക് ചേരാവുന്ന ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയാണിത്. നിങ്ങളുടെ അക്കൗണ്ടുള്ള ബാങ്കില്‍, കെ.വൈ.സി രേഖകള്‍, പ്രധാനമായും ആധാറുമായെത്തിയാല്‍ ഈ പോളിസിയില്‍ ചേരാം. പ്രതിവര്‍ഷ പ്രീമിയം 436 രൂപയാണ്. ഓട്ടോ ഡെബിറ്റിനുള്ള അനുമതി നല്‍കിയാല്‍ എല്ലാ വര്‍ഷവും മെയ് 31ന് പ്രീമിയം തുക അക്കൗണ്ടില്‍ നിന്ന് ഡെബിറ്റ് ചെയ്യപ്പെടും. പോളിസി ഉടമ അപകടമോ അസുഖം മൂലമോ മരിച്ചാല്‍ രണ്ട് ലക്ഷം രൂപ ഇതിലൂടെ നോമിനിക്ക് ലഭിക്കും.
പ്രധാന്‍മന്ത്രി സുരക്ഷ ബീമ യോജന (PMSBY)
18 വയസിനും 70 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഈ പദ്ധതിയില്‍ അംഗമാകാം. ഇപ്പോള്‍ ഈ പദ്ധതിയുടെ പ്രതിവര്‍ഷ പ്രീമിയം തുക 20 രൂപയാണ്. നിങ്ങള്‍ക്ക് അക്കൗണ്ടുള്ള ബാങ്കില്‍ ചെന്ന് ഇതിനുള്ള അപേക്ഷ ഫോം പൂരിപ്പിച്ച് നല്‍കണം. അക്കൗണ്ടില്‍ നിന്ന് പ്രതിവര്‍ഷം പ്രീമിയം തുക ഓട്ടോ ഡെബിറ്റാവാനുള്ള അനുമതി കൂടി നല്‍കിയാല്‍ എല്ലാ വര്‍ഷവും മെയ് 31ന് മുമ്പ് അക്കൗണ്ടില്‍ നിന്ന് പ്രീമിയം തുക കൃത്യമായി അടച്ചിരിക്കും. ജൂണ്‍ ഒന്നുമുതല്‍ മെയ് 31 വരെയാണ് കവറേജ് കാലാവധി. അപകട മരണമോ പൂര്‍ണമായ അംഗവൈകല്യമോ സംഭവിച്ചാല്‍ രണ്ട് ലക്ഷം രൂപ കവറേജ് ലഭിക്കും. ഭാഗികമായ അംഗവൈകല്യത്തിന് ഒരു ലക്ഷം രൂപയാണ് ലഭിക്കുക.
നോമിനിക്ക് എല്ലാ അവകാശവുമില്ല
നോമിനിയും നിയമപരമായുള്ള അവകാശിയും തമ്മില്‍ വ്യത്യാസമുണ്ട്. ബാങ്ക് നിക്ഷേപത്തിലും മറ്റും നോമിനിയായി ഒരാളെ വെച്ചിട്ടുണ്ടെങ്കില്‍ പോലും അക്കൗണ്ട് ഉടമ മരിച്ചാല്‍ നോമിനിക്ക് ആ നിക്ഷേപം പിന്‍വലിച്ച് സ്വന്തം ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ പറ്റില്ല. നോമിനിയെന്നാല്‍ അക്കൗണ്ട് ഉടമ മരിച്ചാല്‍ അയാളുടെ നിക്ഷേപത്തിന്റെ ട്രസ്റ്റി എന്നത് മാത്രമാണ്. അക്കൗണ്ട് ഉടമയുടെ സ്വത്തിന്റെ നിയമപരമായ അവകാശികള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് നോമിനി സ്വത്ത് കൈമാറേണ്ടി വരും.
വില്‍പ്പത്രത്തില്‍ അവകാശികളെ നിശ്ചയിച്ചിട്ടുണ്ടെങ്കില്‍ നോമിനിയാണ് എന്നതിന്റെ പേരില്‍ സ്വത്ത് കിട്ടണമെന്നില്ല. വില്‍പ്പത്രത്തിലെ അവകാശിക്ക് സ്വത്ത് കൈമാറും. ഇനി വില്‍പ്പത്രം എഴുതിയിട്ടില്ലെങ്കില്‍ ഓരോ വിഭാഗത്തിലെയും പിന്തുടര്‍ച്ചാവകാശ പ്രകാരമുള്ള അവകാശിക്ക് സ്വത്തില്‍ നിയമപരമായ അവകാശം കാണും.
എ.ടി.എം കാര്‍ഡില്‍ ലഭിക്കും സൗജന്യ ഇന്‍ഷുറന്‍സ്
നമ്മള്‍ ഉപയോഗിക്കുന്ന ഡെബിറ്റ് കാര്‍ഡ് അഥവാ എ.ടി.എം കാര്‍ഡിലും സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ട്. എ.ടി.എം കാര്‍ഡ് ഉടമയ്ക്ക് അപകടത്തില്‍ ഗുരുതരമായി പരുക്കേല്‍ക്കുകയോ മരണം വരെ സംഭവിക്കുകയോ ചെയ്താല്‍ വിവിധ ബാങ്കുകളുടെ വിവിധ തരം കാര്‍ഡുകളെ ആശ്രയിച്ച് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. അപകടം സംഭവിക്കുന്നതിന് മുന്‍പുള്ള 45/90 ദിവസത്തിനിടെയെങ്കിലും ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചിരിക്കണം എന്നതാണ് പല ബാങ്കുകളുടെയും പ്രധാന നിബന്ധന.
പല ബാങ്കുകളുടെയും ചില കാര്‍ഡുകള്‍ക്ക് മാത്രമേ ഈ സൗകര്യമുള്ളൂ. ചില ബാങ്കുകളുടെ എ.ടി.എം കാര്‍ഡുകള്‍ ബഗേജ് ലോസ് ഇന്‍ഷുറന്‍സ്, സാധനങ്ങള്‍ വാങ്ങുമ്പോള്‍ ലഭിക്കുന്ന ഇന്‍ഷുറന്‍സ് പരിരക്ഷ എന്നിവയെല്ലാം നല്‍കുന്നുണ്ട്. ഇവയെല്ലാം സൗജന്യമാണ്. നിങ്ങളുടെ കൈവശമുള്ള ഡെബിറ്റ് കാര്‍ഡ് നല്‍കുന്ന ഇത്തരം സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷയെ കുറിച്ച് അറിയാന്‍ ബാങ്കുകളെ സമീപിച്ചാല്‍ മതി.
പഴയ അക്കൗണ്ടിലെ പണം തിരിച്ചുപിടിക്കാം
പലരും പല ആവശ്യങ്ങള്‍ക്കായി ബാങ്ക് അക്കൗണ്ടുകള്‍ തുറന്നിട്ടുണ്ടാകും. ഇതില്‍ ഒന്നോ രണ്ടോ അല്ലെങ്കില്‍ മൂന്നോ അക്കൗണ്ടുകള്‍ നിത്യം പരിപാലിക്കുന്നുമുണ്ടാകും. എന്നാല്‍ ചില അക്കൗണ്ടുകളിലേക്ക് വര്‍ഷങ്ങളായി തിരിഞ്ഞുപോലും നോക്കിക്കാണില്ല. ഇത്തരം അക്കൗണ്ടുകളില്‍ കിടക്കുന്ന തുക നഷ്ടമായെന്ന് കരുതുന്നവരുണ്ട്. ഒരു അക്കൗണ്ട് ഒരു വര്‍ഷത്തോളമേ ആയുള്ളൂ പരിപാലിക്കാത്തതെങ്കില്‍ അത് 'Inactive' ആയിട്ടുണ്ടാകും. അതിലേക്ക് പണമിടുകയോ പിന്‍വലിക്കുകയോ ചെയ്താല്‍ അക്കൗണ്ട് ആക്ടിവേറ്റ് ആകും.
ഒരു വര്‍ഷവും കഴിഞ്ഞുള്ള കാലയളവായി ഉപയോഗിക്കാത്ത അക്കൗണ്ടാണെങ്കില്‍ അത് 'Dormant' ആയിക്കാണും. വീണ്ടും കെ.വൈ.സി രേഖകളുമായി ബാങ്ക് ബ്രാഞ്ചിനെ സമീപിച്ചാല്‍ ഈ അക്കൗണ്ടും പുനരുജ്ജീവിപ്പിക്കാം. എന്നാല്‍ പത്തുവര്‍ഷത്തിലേറെക്കാലമായി തിരിഞ്ഞുനോക്കാത്ത അക്കൗണ്ടാണെങ്കില്‍ അതിലെ തുക അവകാശികളില്ലാത്ത തുകയായി പരിഗണിച്ച് റിസര്‍വ് ബാങ്കിലേക്ക് പോകും. എന്നാല്‍ ഈ തുക നമുക്ക് തിരികെ ലഭിക്കാന്‍ അക്കൗണ്ടുള്ള ബാങ്കിനെ സമീപിച്ച് അപേക്ഷയും മതിയായ രേഖകളും സമര്‍പ്പിച്ചാല്‍ മതി.
ഇനി ഏതെങ്കിലും ബാങ്കില്‍ നിങ്ങളുടെ പേരിലോ കുടുംബത്തിന്റെ പേരിലോ അവകാശികളില്ലാത്ത നിക്ഷേപം കിടക്കുന്നുണ്ടോയെന്നറിയാന്‍ ആ ബാങ്കിന്റെ വെബ്സൈറ്റില്‍ കയറി Unclaimed deposit കളെ സംബന്ധിച്ചുള്ള വിന്‍ഡോയില്‍ വിവരങ്ങള്‍ നല്‍കിയാല്‍ മതി. പത്തുവര്‍ഷമായി ഓപ്പറേറ്റ് ചെയ്യാത്ത, അല്ലെങ്കില്‍ കാലാവധി എത്തിയിട്ടും പത്തുവര്‍ഷമായി ക്ലെയിം ചെയ്യാത്ത തുകകള്‍ റിസര്‍വ് ബാങ്കിന്റെ ഡെപ്പോസിറ്റര്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് അവയര്‍നെസ് ഫണ്ടിലേക്കാണ് പോകുന്നത്. എന്നാല്‍ അതത് ബാങ്കുകളെ സമീപിച്ചാല്‍ ഈ തുക അക്കൗണ്ട്് ഉടമയ്ക്കോ ഉടമ മരിച്ചുപോയെങ്കില്‍ നോമിനിക്കോ/ അവകാശിക്കോ ലഭിക്കും.
മുഴുവന്‍ ബാങ്ക് നിക്ഷേപത്തിന് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കാന്‍
ബാങ്കില്‍ എത്ര തുക നിക്ഷേപിച്ചാലും ബാങ്ക് തകരുകയോ ലിക്വിഡേഷന്‍ നടപടികള്‍ക്ക് വിധേയമാവുകയോ ചെയ്താല്‍ പരമാവധി എത്ര തുക ലഭിക്കുമെന്നറിയാമോ? അഞ്ചു ലക്ഷം രൂപ. അതായത് ഒരുകോടി രൂപ നിക്ഷേപിച്ച വ്യക്തിക്കും തിരികെ കിട്ടുമെന്ന് ഉറപ്പുള്ളത് അഞ്ചുലക്ഷം രൂപയാണ്. ഡെപ്പൊസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്റെ പരിധിയില്‍ വരുന്ന ബാങ്കുകളിലെ നിക്ഷേപത്തിനാണ് ഇത്രയെങ്കിലും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നത്. പ്രാഥമിക സഹകരണ ബാങ്കുകള്‍ ഇതിന്റെ പരിധിയില്‍ വരില്ല.
ഒരു ബാങ്കിന്റെ തന്നെ പല ശാഖകളില്‍ ഒരു വ്യക്തി വിവിധ അക്കൗണ്ടുകളിലായി പണം നിക്ഷേപിച്ചാലും പരമാവധി അഞ്ചു ലക്ഷം രൂപയ്ക്ക് മാത്രമേ ഇന്‍ഷുറന്‍സ് പരിരക്ഷ ഉള്ളൂ. എന്നാല്‍ ഇതേ വ്യക്തി തന്നെ ഭാര്യയുടെയോ മക്കളുടെയോ പേരില്‍ ജോയ്ന്റ് അക്കൗണ്ടായി, അതും പേരുകളുടെ ഓര്‍ഡറില്‍ മാറ്റം വരുത്തി നിക്ഷേപം നടത്തിയാല്‍ ഓരോ അക്കൗണ്ടും വ്യത്യസ്തമായി പരിഗണിച്ച് ഇന്‍ഷുറന്‍സ് പരിരക്ഷ കിട്ടും.
ഉദാഹരണത്തിന് A,B,C എന്നിങ്ങനെ മൂന്ന് പേരുടെ ജോയ്ന്റ് അക്കൗണ്ടുകള്‍ ഒന്ന് A,B,C എന്ന ഓര്‍ഡറില്‍ പേര് നല്‍കാം. രണ്ടാമത്തേതില്‍ B,C,A എന്ന ഓര്‍ഡറാകാം. മൂന്നാമത്തേതില്‍ C,B,A എന്ന ഓര്‍ഡറില്‍ പേര് നല്‍കാം. അങ്ങനെയെങ്കില്‍ ഇവയെല്ലാം വ്യത്യസ്ത അക്കൗണ്ടുകളായി പരിഗണിക്കും.അതല്ല ഒരു വ്യക്തി പല ബാങ്കുകളിലായി പണം നിക്ഷേപിച്ചാലും കൂടുതല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കാനാവും. അതായത് ഒരാള്‍ 10 ലക്ഷം രൂപ നിക്ഷേപം നടത്തുന്നുണ്ടെങ്കില്‍ രണ്ട് ബാങ്കുകളിലായാണ് അത് നിക്ഷേപിക്കുന്നതെങ്കില്‍ രണ്ടിടത്തുനിന്നും പരമാവധി ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും.
പരാതികളുണ്ടെങ്കില്‍ പറയാം, പരിഹാരം ലഭിക്കും
ബാങ്കിംഗ് സേവനങ്ങളില്‍ പരാതികളുണ്ടെങ്കില്‍ അത് അറിയിക്കാനും പരിഹാരം കാണാനുമുള്ള നിയമാനുസൃത വഴികളുണ്ട്. ബാങ്ക് ശാഖകളില്‍ അതത് മാനേജര്‍മാരോട് നേരിട്ട് സംസാരിക്കാം. അതില്‍ തൃപ്തികരമായ പരിഹാരം കണ്ടില്ലെങ്കില്‍ എഴുതി നല്‍കാം. 30 ദിവസത്തിനുള്ളില്‍ മറുപടി ലഭിച്ചില്ലെങ്കില്‍ സോണല്‍ മാനേജര്‍ക്ക് പരാതി നല്‍കാം. ബാങ്കിംഗ് ഓംബുംഡ്സ്മാനും പരാതി ഓണ്‍ലൈനായും ഓഫ്ലൈനായും ടോള്‍ ഫ്രീ നമ്പര്‍ വഴിയും നല്‍കാം. മലയാളം അടക്കമുള്ള പ്രാദേശിക ഭാഷകളില്‍ ഓംബുഡ്സ്മാന് പരാതി നല്‍കാനുള്ള സംവിധാനം ഇന്നുണ്ട്. ടോള്‍ ഫ്രീ നമ്പര്‍: 14448
സിബില്‍ സ്‌കോര്‍ കൂട്ടാന്‍ സൂത്രപ്പണികളില്ല
വായ്പകള്‍ക്കായി ബാങ്കുകളെ സമീപിക്കുമ്പോള്‍ എല്ലാ ബാങ്കുകളും അയാളുടെ തിരിച്ചടവ് ശേഷി നോക്കും. നിങ്ങളുടെ ബാങ്ക് നിക്ഷേപമോ വരുമാനമോ പരിഗണിക്കുന്നതിന് മുമ്പ് ബാങ്കുകള്‍ നിങ്ങളുടെ സിബില്‍ സ്‌കോറാണ് നോക്കുക. ഓരോ വ്യക്തിയുടെയും വായ്പാ തിരിച്ചടവ് സ്വഭാവത്തിനനുസരിച്ചാണ് സിബില്‍ സ്‌കോറും ഉണ്ടാവുക. വായ്പ കൃത്യമായി, സമയബന്ധിതമായി തിരിച്ചടയ്ക്കുന്ന ആളാണെങ്കില്‍ മെച്ചപ്പെട്ട സിബില്‍ സ്‌കോര്‍ ഉണ്ടാവും. വാരിവലിച്ച് വായ്പ എടുക്കുന്ന വ്യക്തിയാണെങ്കില്‍ അത് സിബില്‍ സ്‌കോറിലും പ്രതിഫലിക്കും.
സിബില്‍ സ്‌കോര്‍ 750ന് താഴെയാണെങ്കില്‍ ലോണ്‍ ലഭിക്കാന്‍ ബുദ്ധിമുട്ടാണ്. അതേസമയം 800ന് മുകളിലാണെങ്കില്‍ ഏറ്റവും കുറഞ്ഞ പലിശയ്ക്ക് ലോണ്‍ ലഭിക്കും. വായ്പാ തിരിച്ചടവ് സ്വഭാവത്തില്‍ നല്ല മാറ്റം കൊണ്ടുവന്നാല്‍, വായ്പകള്‍ തിരിച്ചടവ് നടത്തുന്നതിന് ബോധപൂര്‍വം ശ്രമങ്ങള്‍ നടത്തിയാല്‍ സിബില്‍ സ്‌കോറും മെച്ചപ്പെടും. ഇതിന് സൂത്രപ്പണികളില്ല.
എന്തിനും ഏതിനും വായ്പ എടുക്കേണ്ട, പലിശയുടെ കാര്യത്തില്‍ വിലപേശലുമാകാം
എന്തുകാര്യവും വായ്പയെടുത്ത് ചെയ്യുന്ന ശീലം പരമാവധി ഒഴിവാക്കുക. മാസവരുമാനം മുഴുവന്‍ വായ്പകളുടെ പ്രതിമാസ തിരിച്ചടവിനായി വിനിയോഗിക്കേണ്ട സ്ഥിതി വന്നാല്‍ തിരിച്ചടവുകള്‍ മുടങ്ങും. ജീവിതം ദുസ്സഹമാകും. ആവശ്യം, അത്യാവശ്യം, അനാവശ്യം, കുറേക്കാലം കഴിഞ്ഞ് വേണ്ടവ എന്നിങ്ങനെയുള്ള കള്ളികളില്‍ സ്വന്തം കാര്യങ്ങള്‍ എഴുതി അതിനായി പണം ചെലവിടുക. ആസ്തി സൃഷ്ടിക്കാന്‍ വേണ്ടി വായ്പ എടുക്കുന്നത് തെറ്റല്ല. ഉദാഹരണത്തിന് വീട് പണിയാന്‍. വീട് അത്യാവശ്യമാണ്.
അതേസമയം നല്ല ക്രെഡിറ്റ് സ്‌കോര്‍ ഉള്ള വ്യക്തിയാണെങ്കില്‍ ബാങ്കുമായി സംസാരിച്ച് ഏറ്റവും കുറഞ്ഞ പലിശ നിരക്ക് തന്നെ നേടിയെടുക്കാനും സാധിക്കും. വായ്പയുടെ പലിശ നിരക്കുകള്‍ കുറയുമ്പോള്‍ പലപ്പോഴും ഓട്ടോമാറ്റിക്കായി അത് കുറയണമെന്നില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ ബാങ്കുമായി ബന്ധപ്പെട്ട് നിങ്ങളുടെ ഭവന വായ്പയുടെയൊക്കെ പലിശ നിരക്കുകളില്‍ കുറവ് പ്രതിഫലിക്കുന്നില്ലേയെന്ന് തിരക്കണം. പലിശ ഉയരുന്ന ഘട്ടത്തിലാണെങ്കില്‍ പ്രതിമാസ തിരിച്ചടവ് തുക ഉയര്‍ത്തുകയോ കാലാവധി ദീര്‍ഘിപ്പിക്കുകയോ വേണ്ടിവരും. ഇക്കാര്യത്തെ കുറിച്ചും ധാരണയുണ്ടാകാന്‍ ബാങ്കുമായി ബന്ധപ്പെടുക.
വിദ്യാഭ്യാസ വായ്പകള്‍ എഴുതി തള്ളില്ല, അദാലത്തുകളിലേക്കു വരെ എത്തിക്കണമെന്നുമില്ല
വിദ്യാഭ്യാസ വായ്പകള്‍ ബാങ്കുകള്‍ എഴുതി തള്ളുകയൊന്നുമില്ല. തിരിച്ചടവ് മുടങ്ങിയവരില്‍ നിന്ന് തിരിച്ചുപിടിക്കാന്‍ വേണ്ടി അദാലത്തുകള്‍ ബാങ്കുകള്‍ സംഘടിപ്പിച്ചേക്കും. പക്ഷേ വായ്പകളുടെ തിരിച്ചടവ് മുടങ്ങിയാല്‍ അതെല്ലാം സിബില്‍ സ്‌കോറിനെ പ്രതികൂലമായി ബാധിക്കും. വിദ്യാഭ്യാസ വായ്പ എടുത്താല്‍ വരുമാനം ലഭിച്ചു തുടങ്ങുമ്പോള്‍ തന്നെ അത് തിരിച്ചടയ്ക്കാന്‍ പ്രത്യേകം ശ്രദ്ധ കൊടുക്കുക. അല്ലെങ്കില്‍ ഭാവിയില്‍ മറ്റ് വായ്പകള്‍ക്കായി ബാങ്കുകളെ സമീപിക്കുമ്പോള്‍ കരിനിഴലായി അത് കിടക്കും.
(തയ്യാറാക്കിയത്: ജെയിംസ് മാത്യു - ഫെഡറല്‍ ബാങ്ക് മുന്‍ മാനേജരും റിസര്‍വ് ബാങ്കിന്റെ നേതൃത്വത്തിലുള്ള സാമ്പത്തിക സാക്ഷരത ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ബാങ്കിംഗ് പ്രൊഫഷണലുമാണ് ലേഖകന്‍)
(This story was published in the15th April 2023 issues of Dhanam Magazine)