എഫ്ഡി പലിശ നിരക്ക് പരിഷ്‌കരിച്ച് കൊട്ടക് മഹീന്ദ്ര ബാങ്ക്

സ്വകാര്യമേഖലയിലെ വായ്പാദാതാവായ കൊട്ടക് മഹീന്ദ്ര ബാങ്ക് വിവിധ കാലയളവുകള്‍ക്കുള്ള സ്ഥിരനിക്ഷേപങ്ങളുടെ (എഫ്ഡി) പലിശ നിരക്ക് പരിഷ്‌കരിച്ചു. ആഭ്യന്തര, എന്‍ആര്‍ഒ, എന്‍ആര്‍ഇ സ്ഥിരനിക്ഷേപങ്ങള്‍ക്ക് പരിഷ്‌കരിച്ച പലിശ നിരക്കുകള്‍ ബാധകമാകും. 2022 മാര്‍ച്ച് 9 മുതല്‍ പ്രാബല്യത്തില്‍ വരും. രണ്ട് കോടി രൂപ വരെയുള്ള ടേം ഡെപ്പോസിറ്റുകള്‍ക്ക് ഈ നിരക്കുകള്‍ ബാധകമാകുമെന്ന് കൊട്ടക് മഹീന്ദ്ര ബാങ്ക് അറിയിച്ചു. അടുത്തിടെ, 365 മുതല്‍ 389 ദിവസം വരെ കാലാവധിയുള്ള എഫ്ഡികള്‍ക്കുള്ള പലിശ നിരക്ക് 5 ശതമാനമായി ഉയര്‍ത്തിയിരുന്നു. നേരത്തെ, ഈ കാലയളവുകളില്‍ ബാങ്ക് 4.9 ശതമാനം പലിശ നിരക്കായിരുന്നു വാഗ്ദാനം ചെയ്തിരുന്നത്.

പരിഷ്‌കരിച്ച പലിശ നിരക്കുകള്‍ പ്രകാരം, 7 മുതല്‍ 30 ദിവസം, 31 മുതല്‍ 90 ദിവസം, 91 മുതല്‍ 120 ദിവസം വരെയുള്ള സ്ഥിരനിക്ഷേപങ്ങള്‍ക്ക് യഥാക്രമം 2.5 ശതമാനം, 2.75 ശതമാനം, 3 ശതമാനം പലിശ നിരക്കുകള്‍ കൊട്ടക് മഹീന്ദ്ര ബാങ്ക് വാഗ്ദാനം ചെയ്യുന്നു. 181 മുതല്‍ 363 ദിവസം വരെ കാലാവധിയുള്ള എഫ്ഡികള്‍ 4.40 ശതമാനം പലിശ നല്‍കുമ്പോള്‍ 364 ദിവസത്തെ കാലാവധിയുള്ള ടേം ഡെപ്പോസിറ്റുകള്‍ 4.50 ശതമാനം നല്‍കും. 390 ദിവസം മുതല്‍ 23 മാസത്തില്‍ താഴെ വരെ കാലാവധിയുള്ള സ്ഥിരനിക്ഷേപത്തിന് 5.10 ശതമാനമാണ് പലിശ നിരക്ക്. 3 മുതല്‍ 5 വര്‍ഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 5.45 ശതമാനം നിരക്കില്‍ പലിശ ലഭ്യമാകും. 5-10 വര്‍ഷം വരെ കാലാവധിയുള്ള എഫ്ഡികള്‍ക്ക് 5.50 ശതമാനം പലിശ നിരക്കും വാഗ്ദാനം ചെയ്യുന്നു. മുതിര്‍ന്ന പൗരന്മാര്‍ക്ക് സ്ഥിര നിക്ഷേപങ്ങളില്‍ 50 ബേസിസ് പോയിന്റ് ഉയര്‍ച്ചയോടെ പലിശനിരക്ക് ലഭ്യമാകും.
കഴിഞ്ഞ മാസം, എച്ച്ഡിഎഫ്സി ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഐഡിബിഐ ബാങ്ക് എന്നിവയുള്‍പ്പെടെ നിരവധി ബാങ്കുകളും വിവിധ എഫ്ഡി കാലാവധികളിലെ പലിശ നിരക്ക് വര്‍ധിപ്പിച്ചിരുന്നു. അടുത്തിടെ ആക്സിസ് ബാങ്കും രണ്ടാം തവണ പലിശ നിരക്ക് ഉയര്‍ത്തിയിരുന്നു.Dhanam News Desk
Dhanam News Desk  

Related Articles

Next Story
Share it