Begin typing your search above and press return to search.
കുവൈത്തിലെ ബാങ്ക് വായ്പ തിരിച്ചടക്കാത്ത മലയാളികള്‍ കുടുങ്ങുമോ? നിരവധി പേര്‍ക്കെതിരെ കേസെടുത്ത് കേരള പൊലീസ്
ഗള്‍ഫ് ബാങ്ക് ഓഫ് കുവൈത്തില്‍ നിന്നെടുത്ത വായ്പ ദീര്‍ഘകാലം തിരിച്ചടക്കാതെ വന്‍കുടിശിക വരുത്തിയതിന് നിരവധി മലയാളികള്‍ക്കെതിരെ കേസെടുത്ത് കേരള പൊലീസ്. 800ല്‍പരം നഴ്സുമാര്‍ ഉള്‍പ്പെടെ 1,425 പേര്‍ 703 കോടിയോളം രൂപ (2.55 കോടി കുവൈത്ത് ദിനാര്‍) തട്ടിച്ചുവെന്നാണ് കുവൈത്തിലെ ഗള്‍ഫ് ബാങ്കിന്റെ പരാതി. എറണാകുളം, കോട്ടയം ജില്ലകളില്‍ പത്തോളം പേര്‍ക്കെതിരെ പ്രഥമ വിവര റിപ്പോര്‍ട്ട് (എഫ്.ഐ.ആര്‍) തയാറാക്കി തുടര്‍നടപടികളിലേക്ക് കടക്കാന്‍ ഒരുങ്ങുകയാണ് പൊലീസ്. അതേസമയം, കുവൈത്തില്‍ നിന്നെടുത്ത ബാങ്ക് വായ്പ തിരിച്ചടക്കാതെ ഇന്ത്യയിലും മറ്റു രാജ്യങ്ങളിലും കഴിയുന്നവര്‍ക്കെതിരെ കേരള പൊലീസിന് എത്രത്തോളം മുന്നോട്ടു പോകാന്‍ കഴിയും? ഇത്തരക്കാരെ എങ്ങനെയാണ് വിദേശ ബാങ്കുകള്‍ നേരിടുന്നത്? ഈ വിഷയത്തില്‍ ഇന്ത്യന്‍ നിയമം പറയുന്നതെന്ത്? ഇക്കാര്യത്തില്‍ കേസെടുക്കാന്‍ കേരള പൊലീസിന് എന്ത് അധികാരമാണുള്ളത്? പരിശോധിക്കാം.
എന്താണ് പരാതി
800 നഴ്സുമാര്‍ ഉള്‍പ്പെടെ 1,425 ഇന്ത്യക്കാര്‍ ഗള്‍ഫ് ബാങ്ക് ഓഫ് കുവൈത്തില്‍ നിന്ന് 2.55 കോടി ദിനാര്‍ വായ്പ എടുത്തതില്‍ നല്ല പങ്കും തിരിച്ചടച്ചിട്ടില്ല എന്നാണ് കേസ്. ആദ്യഘട്ടത്തില്‍ ചെറിയ വായ്പയെടുത്ത് ബാങ്കുകളുടെ വിശ്വാസ്യത നേടിയ ശേഷം വലിയ തുക തരപ്പെടുത്തി പലരും മുങ്ങിയെന്ന് ബാങ്ക് ആരോപിക്കുന്നു. 2019നും 2022നും ഇടയിലാണ് ആരോപണ വിധേയമായ സംഭവങ്ങള്‍ നടക്കുന്നത്. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ ജോലി ചെയ്തിരുന്നവരാണ് ഏറെയും. ഇത്തരം കമ്പനികളുടെ ശമ്പള സര്‍ട്ടിഫിക്കറ്റുണ്ടെങ്കില്‍ ഈടില്ലാതെ വലിയ തുക ബാങ്കുകള്‍ വായ്പ അനുവദിക്കാറുണ്ട്.
പലരും ഇന്ന് യൂറോപ്യന്‍ രാജ്യങ്ങളില്‍
ലോണെടുത്തവരില്‍ പലരും യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കടക്കുകയും നാട്ടില്‍ സ്ഥലവും വീടുമൊക്കെ വാങ്ങുകയും ചെയ്തതായി ബാങ്കിന്റെ അഭിഭാഷകന്‍ തോമസ് ജെ ആനക്കല്ലുങ്കല്‍ ധനം ഓണ്‍ലൈനോട് പറഞ്ഞു. 10 കോടി 20 ലക്ഷം രൂപ തട്ടിച്ച 10 പേര്‍ക്കെതിരെയാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. ഇവരുടെ പാസ്പോര്‍ട്ട് വിവരങ്ങള്‍ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. ബാക്കിയുള്ളവരുടെ വിവരങ്ങള്‍ കൂടി അധികം വൈകാതെ കൈമാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ എന്ത് ചെയ്യാന്‍ കഴിയും
കുവൈത്ത് ബാങ്കിന്റെ പരാതിയില്‍ കേരളത്തില്‍ കേസെടുത്ത 10 പേര്‍ക്കെതിരെ ഇന്ത്യന്‍ നിയമങ്ങള്‍ പ്രകാരം ചതി, വിശ്വാസ വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് ചുമത്താന്‍ കഴിയുകയെന്ന് പൊലീസ് തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്. 60 ലക്ഷം മുതല്‍ 1.25 കോടി രൂപ വരെ വായ്പ തിരിച്ചടവുള്ള 10 പേര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 420 (ചതി), 406 (കുറ്റകരമായ വിശ്വാസ വഞ്ചന) എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഏഴ് വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. വായ്പ എടുത്തത് കുവൈത്തില്‍ നിന്നാണെങ്കിലും കേസും കോടതി നടപടികളും ഇന്ത്യയില്‍ നടത്താന്‍ കഴിയുമെന്നാണ് ബാങ്കിന്റെ അഭിഭാഷകന്‍ വിശദീകരിക്കുന്നത്. ക്രിമിനല്‍ നടപടി ചട്ടം സെക്ഷന്‍ 188 (ബി.എന്‍.എസ് 208) പ്രകാരം വിദേശത്ത് നടക്കുന്ന കുറ്റകൃത്യങ്ങളും ഇന്ത്യയില്‍ നടന്നതായി കണക്കാക്കി വിചാരണ നടത്താവുന്നതാണ്. ഇത്തരം കേസുകളില്‍ കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ പക്ഷേ, കേന്ദ്രസര്‍ക്കാരിന്റെ അനുമതി നേടേണ്ടതുണ്ട്.
ഗള്‍ഫ് ബാങ്കിന്റെ പരാതിയില്‍ ഇതിനകം എറണാകുളം നായരമ്പലം സ്വദേശിയായ ഒരാള്‍ക്കെതിരെ കേസെടുത്തിട്ടുള്ളതായി ഞാറക്കല്‍ പൊലിസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ ധനം ഓണ്‍ലൈനിനോട് പറഞ്ഞു. കുറ്റാരോപിതന്‍ ഇപ്പോള്‍ അയര്‍ലന്റിലാണ് ജോലി ചെയ്യുന്നത്.
ഈടില്ലാത്ത വായ്പയോ
ഈടില്ലാതെ ഇത്രയും പണം വായ്പ കൊടുത്തത് എന്തിനാണെന്ന സംശയം പൊലീസ് ഉദ്യോഗസ്ഥര്‍ ഉന്നയിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ബാങ്കിന്റെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായിട്ടുണ്ടെന്നും പൊലീസ് കരുതുന്നു. അതേസമയം, ശമ്പള സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ വായ്പ എടുത്ത ശേഷം അത് അടച്ചു തീര്‍ക്കാതെയും ബാങ്കിനെ അറിയിക്കാതെയും കുവൈത്ത് വിടുകയാണ് എതിര്‍ കക്ഷികള്‍ ചെയ്തതെന്ന വാദം ബാങ്ക് ഉയര്‍ത്തുന്നു. ലോണ്‍ തിരിച്ചടക്കാത്ത കൂടുതല്‍ പേരുടെ വിവരങ്ങളുമായി അഭിഭാഷകന്‍ മുഖേന പൊലീസിനെ സമീപിക്കാനിരിക്കുകയാണ് ബാങ്ക്. അങ്ങനെയെങ്കില്‍ കൂടുതല്‍ പേര്‍ക്കെതിരെ കേസ് വരാം.
ഏജന്റുമാരുടെ ചതി
കുവൈത്ത് ബാങ്കിലെ ഏജന്റുമാര്‍ ഒരുക്കിയ കെണിയില്‍ പെട്ടതാണെന്നും എഫ്.ഐ.ആറില്‍ പറഞ്ഞിരിക്കുന്ന അത്രയും തുക വായ്പ എടുത്തിട്ടില്ലെന്നുമാണ് കുറ്റാരോപിതരുടെ വാദം. തിരിച്ചടവ് കാലാവധി തീരുന്നതിന് മുമ്പ് നിയമനടപടികള്‍ തുടങ്ങിയതിന്റെ യുക്തി ഇവര്‍ ചോദ്യം ചെയ്യുന്നു. പലരും വായ്പയുടെ വലിയൊരു പങ്ക് തിരിച്ചടച്ചിട്ടുണ്ട്. കൊവിഡ് പ്രതിസന്ധിയില്‍ ജോലി നഷ്ടമായതിനെ തുടര്‍ന്ന് പിന്നീട് മാസത്തവണകള്‍ മുടങ്ങിയെന്നും അവര്‍ പറയുന്നു. ബാങ്കിന്റെ നീക്കത്തെ നിയമപരമായി നേരിടാന്‍ ഒരുങ്ങുന്നവരുമുണ്ട്.
വായ്പ എടുത്തവരുടെ ഭാവി
വായ്പയെടുത്തവര്‍ക്ക് ഘട്ടം ഘട്ടമായി തിരിച്ചടവിനുള്ള അവസരം നല്‍കുമെന്നാണ് ബാങ്കിന്റെ നിലപാട്. എന്നാല്‍ ഉയര്‍ന്ന ശമ്പളത്തില്‍ ജോലി ചെയ്തിരുന്നപ്പോള്‍ എടുത്ത വായ്പ തിരിച്ചടക്കാനുള്ള സാമ്പത്തിക ഭദ്രത ഇവരില്‍ പലര്‍ക്കും ഇന്നില്ല. ഇത് തിരിച്ചടവിനെ സാരമായി ബാധിക്കും. ഇതോടെ കുവൈത്ത് ഇവരെ വായ്പാ തിരിച്ചടവില്‍ വീഴ്ച വരുത്തിയ 'ലോണ്‍ ഡിഫോള്‍ട്ടറാ'യി പ്രഖ്യാപിക്കും. ഇവര്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഇറങ്ങിയാല്‍ അവിടെ പിടിയിലാവുകയും നിയമനടപടിക്ക് വിധേയരാകേണ്ടി വരുകയും ചെയ്യുന്ന സ്ഥിതി ഉണ്ടായെന്നു വരാം. നാട്ടിലെ നിയമനടപടിയും നേരിടേണ്ടി വരും. കളക്ഷന്‍ ഏജന്‍സികള്‍ വഴി ലോണ്‍ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളും ബാങ്ക് നടത്തുന്നുണ്ട്.
തിരിച്ചടവ് മുടങ്ങുന്നയാളുടെ ക്രെഡിറ്റ് സ്‌കോറിനെ സാരമായി ബാധിക്കുമെന്നതിനാല്‍ ഭാവിയില്‍ മറ്റ് വായ്പകളെടുക്കാന്‍ സാധിച്ചെന്ന് വരില്ല. പല വിദേശരാജ്യങ്ങളും ഇപ്പോള്‍ പുതിയ ആളുകളെ ജോലിക്കെടുക്കുമ്പോള്‍ മുന്‍പ് ജോലി ചെയ്തിരുന്ന രാജ്യങ്ങളിലെ സ്ഥാപനങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് തേടാറുണ്ട്. സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ പെട്ടവരാണെന്ന് കണ്ടെത്തിയാല്‍ മിക്ക സ്ഥാപനങ്ങളും ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കാറില്ല. ഇത് തൊഴില്‍ ലഭ്യതയിലും മാറ്റമുണ്ടാക്കുമെന്നും നിയമവിദഗ്ധര്‍ പറയുന്നു.
തിരിച്ചടവ് കടുപ്പിക്കാന്‍ ഗള്‍ഫ് ബാങ്കുകള്‍
രാജ്യത്ത് തിരിച്ചെത്താന്‍ കഴിയാതെ പോയത് ബാങ്ക് വായ്പ അടക്കാതിരിക്കാനുള്ള കാരണമായി കണക്കാക്കാന്‍ കഴിയില്ലെന്നാണ് ഗള്‍ഫിലെ ബാങ്കുകളുടെ നിലപാട്. ഇക്കാര്യത്തില്‍ കൊവിഡ് സമയത്ത് തന്നെ കുവൈത്ത് ബാങ്കുകള്‍ പ്രവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. തിരിച്ചടവ് മുടങ്ങിയതോടെ പ്രവാസികള്‍ക്ക് വായ്പ അനുവദിക്കുന്ന ചട്ടങ്ങളിലും ബാങ്ക് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഡോക്ടര്‍, നഴ്സ്, ടെക്നീഷ്യന്‍ തുടങ്ങിയ മേഖലകളിലുള്ളവര്‍ക്കും കൃത്യമായ ക്രെഡിറ്റ് സ്‌കോര്‍ ഉള്ളവര്‍ക്കും മാത്രമേ ഇനി വായ്പ നല്‍കൂ എന്ന നിലപാടിലാണ് ബാങ്കുകള്‍.
Next Story
Videos