ലക്ഷ്മി വിലാസ് ബാങ്കിന് മോറട്ടോറിയം, നിക്ഷേപകരെ എങ്ങനെ ബാധിക്കും?

പ്രതിസന്ധിയിലായ ലക്ഷ്മി വിലാസ് ബാങ്കിനെ (എല്‍വിബി) ഡിബിഎസ് ബാങ്ക് ഇന്ത്യയില്‍ ലയിപ്പിക്കും. എല്‍വിബി യില്‍ ഒരു മാസത്തേക്കു മോറട്ടോറിയം പ്രഖ്യാപിക്കുകയും ചെയ്തു. ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡിനെ പിരിച്ചുവിട്ട് കനറ ബാങ്കിന്റെ മുന്‍ ചെയര്‍മാന്‍ ടി.എന്‍. മനോഹരനെ അഡ്മിനിസ്‌ട്രേറ്റര്‍ ആക്കി. ഇന്നലെ വൈകുന്നേരമാണു നടപടി. സിംഗപ്പുരിലെ ഡവലപ്‌മെന്റ് ബാങ്ക് ഓഫ് സിംഗപ്പുരിന്റെ (ഡിബിഎസ്) ഇന്ത്യന്‍ ഉപ കമ്പനിയാണ് ഡി ബി എസ് ബാങ്ക് ഇന്ത്യ.

മോറട്ടോറിയം കാലത്തു നിക്ഷേപകര്‍ക്ക് 25,000 രൂപ വരെയേ പിന്‍വലിക്കാനാവൂ.

എന്നാല്‍ റിസര്‍വ് ബാങ്കിന്റെ രേഖാമൂലമുള്ള അനുമതിയോടെ നിക്ഷേപകര്‍ക്ക് 25000 രൂപയിലധികം പിന്‍വലിക്കാനാകും. കൂടാതെ ചികിത്സ , ഉന്നത വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി റിസര്‍വ് ബാങ്കിന്റെ അനുമതിയോടെ 25000 രൂപയില്‍ കൂടുതല്‍ പിന്‍വലിക്കാം.

ബാങ്കിന്റെ നിക്ഷേപകര്‍ക്ക് ലഭിക്കാനുള്ള പലിശ പൂര്‍ണമായും പരിരക്ഷിക്കപ്പെടുമെന്നും പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും ആര്‍ബിഐ ഉറപ്പു നല്‍കി.

ബാങ്കിന്റെ ഓഹരി വില ഇന്ന് 20 ശതമാനം ഇടിഞ്ഞു. ബാങ്കില്‍ പണം നിക്ഷേപിച്ചവര്‍ക്കും ബാങ്കിന്റെ ബോണ്ടുകള്‍ വാങ്ങിയവര്‍ക്കും നഷ്ടം വരില്ല. എന്നാല്‍ ഓഹരിയിലെ നിക്ഷേപം പൂര്‍ണമായും നഷ്ടപ്പെടും. ബാങ്കിന്റെ അറ്റമൂല്യം നഷ്ടമായതാണു കാരണം.

കഴിഞ്ഞ സാമ്പ്ത്തിക വര്‍ഷത്തില്‍ നിന്ന് ബാങ്കിന്റെ ഓഹരി മൂല്യം ഒരു ശതമാനം ഇടിഞ്ഞ് 15.50 രൂപ വരെയായിരുന്നു.

സെപ്റ്റംബറില്‍ അവസാനിച്ച ത്രൈമാസത്തില്‍ 369.99 കോടി രൂപ നഷ്ടമുണ്ടാക്കിയതാണ് എല്‍വിബി. കമ്പനിയുടെ വായ്പകളില്‍ 24.45 ശതമാനം ഗഡുവും പലിശയും മുടങ്ങിയ നിഷ്‌ക്രിയ ആസ്തികളാണ്.

എല്‍വിബിയില്‍ പണം മുടക്കാനും ബാങ്കിനെ ഏറ്റെടുക്കാനും ക്ലിക്‌സ് കാപിറ്റല്‍ താല്‍പര്യമെടുത്തിരുന്നു. അക്കാര്യത്തില്‍ ചര്‍ച്ച നടന്നു വരികയായിരുന്നു. നേരത്തേ ഇന്ത്യാ ബുള്‍സ് ഗ്രൂപ്പ് ബാങ്കിനെ ഏറ്റെടുക്കാന്‍ പരസ്യമായി സന്നദ്ധത പ്രഖ്യാപിച്ചെങ്കിലും റിസര്‍വ് ബാങ്ക് അനുമതി നല്‍കിയില്ല. അതിനിടെ എല്‍ വി ബി ഡയറക്ടര്‍ ബോര്‍ഡിലെ അസ്വസ്ഥതകള്‍ രൂക്ഷമായി. എംഡിയുടെയും കുറെ ഡയറക്ടര്‍മാരുടെയും നിയമനം ഓഹരി ഉടമകളുടെ പൊതുയോഗത്തില്‍ അംഗീകരിക്കപ്പെട്ടില്ല. തുടര്‍ന്നു റിസര്‍വ് ബാങ്ക് മൂന്നു ഡയറക്ടര്‍മാരുടെ കമ്മറ്റിക്ക് ഭരണച്ചുമതല നല്‍കി.

ലക്ഷ്മി വിലാസിന്റെ നഷ്ടങ്ങളും കിട്ടാക്കട ബാധ്യതകളും മൂലം മൂലധനംമുഴുവനായും തീര്‍ന്നിരുന്നു. 2500 കോടി രൂപ മൂലധനത്തിലേക്കു ചേര്‍ക്കാന്‍ ഡിബിഎസ് മാതൃ കമ്പനി തയാറാകും. 22 നഗരങ്ങളിലായി 33 ശാഖകള്‍ ഉള്ള ഡിബിഎ സിന് 569 ശാഖകള്‍ ഉള്ള ഒരു ബാങ്ക് ശൃംഖല ഇതു വഴി ലഭ്യമാകും.

ബാങ്കിന് സംഭവിച്ചത്

ചെറുകിട പരമ്പരാഗത ബാങ്കുകളെ നാശത്തിലേക്കു നയിക്കുന്ന പതിവു വഴി തന്നെയാണ് ലക്ഷ്മി വിലാസ് ബാങ്കും പോയത്. തമിഴ്‌നാട്ടിലെ കാരൂര്‍ ആസ്ഥാനമായി 1925 മുതല്‍ പ്രവര്‍ത്തിക്കുന്നതാണു ബാങ്ക്. 1960-കളിലും 70-കളിലും ചെറുകിട പ്രാദേശിക ബാങ്കുകളെ ഏറ്റെടുത്തു വലുതായി.

റാന്‍ബാക്‌സിയുടെ പഴയ ഉടമകളും റെലിഗാര്‍ ഫിനാന്‍സ്, ഫോര്‍ടിസ് ഹെല്‍ത്ത് എന്നിവയുടെ പ്രൊമോട്ടര്‍മാരുമായിരുന്ന മാള്‍വീന്ദര്‍ സിംഗ്, ശിവീന്ദര്‍ സിംഗ് എന്നിവരുമായുള്ള വന്‍ ഇടപാടുകളാണു ബാങ്കിനെ തകര്‍ച്ചയിലേക്കു നയിച്ചത്. അവരുടെ 794 കോടി രൂപ ഫിക്‌സഡ് ഡിപ്പോസിറ്റിന്റെ ഈടില്‍ 720 കോടി കടം നല്‍കി. കടം തിരിച്ചു കിട്ടിയില്ല. എഫ്ഡി വസൂലാക്കിയപ്പോള്‍ ബാങ്കിനെതിരെ വിശ്വാസ വഞ്ചനക്കേസായി.

തമിഴ്‌നാട്ടിലെ ചെറുകിട ബിസിനസുകാര്‍ക്കും കര്‍ഷകര്‍ക്കും തുണയായിരുന്ന ഒരു ബാങ്ക് കൊക്കിലൊതുങ്ങാത്തതു വിഴുങ്ങാന്‍ ശ്രമിച്ച് അസ്തിത്വം ഇല്ലാതാക്കി. ലോഡ് കൃഷ്ണ ബാങ്ക്, നെടുങ്ങാടി ബാങ്ക് തുടങ്ങിയവയ്ക്കു സംഭവിച്ച ദുരന്തം തന്നെ എല്‍ വി ബി യിലും ആവര്‍ത്തിച്ചു.

എല്‍വിബി യിലെ റിസര്‍വ് ബാങ്ക് - കേന്ദ്ര സര്‍ക്കാര്‍ നടപടി ഭരണ പ്രതിസന്ധി നേരിടുന്ന ധനലക്ഷ്മി ബാങ്കിനും മുന്നറിയിപ്പാണ്. എല്‍വി ബി പോലെ സാമ്പത്തിക പ്രതിസന്ധി ധനലക്ഷ്മിക്ക് ഇല്ല. കിട്ടാക്കടങ്ങളും കുറവ്. എന്നാല്‍ ഭരണപരമായ പ്രശ്‌നങ്ങള്‍ അതിരൂക്ഷമാണ്. ഈ സാഹചര്യത്തില്‍ കൂടുതല്‍ കടുത്ത നടപടികള്‍ക്ക് റിസര്‍വ് ബാങ്ക് നീങ്ങാനുള്ള സാധ്യത വര്‍ധിക്കുകയാണ്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story
Share it