ബാങ്ക് ലോക്കര്‍ കരാര്‍ പുതുക്കല്‍; അവസാന തീയതി നീട്ടി
നിലവിലുള്ള ഉപഭോക്താക്കള്‍ ബാങ്ക് ലോക്കര്‍ കരാറുകള്‍ പുതുക്കുന്നതിനുള്ള അവസാന തീയതി റിസര്‍വ് ബാങ്ക് 2023 ഡിസംബര്‍ 31 വരെ നീട്ടി. കരാറുകള്‍ പുതുക്കുന്നതില്‍ ഉപഭോക്താക്കള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് ഈ തീരുമാനം. മാത്രമല്ല ലോക്കര്‍ കരാറുകള്‍ പുതുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പല ബാങ്കുകളും ഇതുവരെ ഉപഭോക്താക്കളെ അറിയിച്ചിട്ടില്ലെന്ന് ആര്‍ബിഐ കണ്ടെത്തി.
ഇന്ത്യന്‍ ബാങ്കിംഗ് അസോസിയേഷന്‍ (IBA) തയ്യാറാക്കിയ മാതൃകാ കരാര്‍ പരിഷ്‌കരിക്കേണ്ടതും ആവശ്യമാണെന്ന് ആര്‍ബിഐ അഭിപ്രായപ്പെട്ടു. പുതുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ 2023 ഏപ്രില്‍ 30-നകം ബാങ്കുകള്‍ എല്ലാ ഉപഭോക്താക്കളെയും അറിയിക്കണമെന്ന് ആര്‍ബിഐ പറഞ്ഞു. കൂടാതെ ഉപഭോക്താക്കളില്‍ കുറഞ്ഞത് 50 ശതമാനം പേര്‍ ജൂണ്‍ 30-നും 75 ശതമാനം പേര്‍ സെപ്റ്റംബര്‍ 30-നും ഇടയില്‍ കരാര്‍ പുതുക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ആര്‍ബിഐ അറിയിച്ചു.
ഫെബ്രുവരി 28-നകം മാതൃകാ കരാര്‍ അവലോകനം ചെയ്യാനും പുതുക്കിയ പതിപ്പ് എല്ലാ ബാങ്കുകളിലേക്കും വിതരണം ചെയ്യാനും ആര്‍ബിഐ ഇന്ത്യന്‍ ബാങ്കിംഗ് അസോസിയേഷനോട് ആവശ്യപ്പെട്ടു. 2023 ജനുവരി 1-നകം കരാര്‍ പുതുക്കാത്തതിനാല്‍ നിലവില്‍ ലോക്കറുകള്‍ മരവിപ്പിച്ച ഉപഭോക്താക്കള്‍ക്ക് ഉടന്‍ തന്നെ അവ സജീവമാക്കി നല്‍കാനും ആര്‍ബിഐ ബാങ്കുകളോട് പറഞ്ഞു.