കാമ്പസുകള്‍ വീണ്ടും ഉഷാര്‍; വിദ്യാഭ്യാസ വായ്പ വാങ്ങിക്കൂട്ടി വിദ്യാര്‍ത്ഥികള്‍
ഇന്ത്യയിലും വിദേശത്തും ഓഫ്‌ലൈന്‍ കോഴ്സുകള്‍ക്കുള്ള (ഓണ്‍ലൈന്‍ അല്ലാതെ കാമ്പസുകളില്‍ എത്തിയുള്ള പഠനം) ഡിമാന്‍ഡ് കൂടിയതോടെ വിദ്യാഭ്യാസ വായ്പകള്‍ വര്‍ധിച്ചു. നടപ്പ് സാമ്പത്തിക വര്‍ഷം ഏപ്രില്‍-ഒക്ടോബര്‍ കാലയളവില്‍ വിദ്യാഭ്യാസ വായ്പകള്‍ 20.6 ശതമാനം വര്‍ധിച്ച് 1,10,715 കോടി രൂപയായതായി ദി ഹിന്ദു ബിസിനസ്‌ലൈന്‍ റിപ്പോര്‍ട്ട്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ ഇത് 96,853 കോടി രൂപയായിരുന്നു.
റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ പ്രകാരം വിദ്യാഭ്യാസ വായ്പകളിലെ വളര്‍ച്ചയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഈ ഏപ്രില്‍-ഒക്ടോബര്‍ കാലയളവില്‍ രേഖപ്പെടുത്തിയത്. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ വളര്‍ച്ച 12.3 ശതമാനമായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി വിതരണം ചെയ്ത വായ്പയുടെ 65 ശതമാനവും ശരാശരി 40 ലക്ഷം മുതല്‍ 60 ലക്ഷം വരെയുള്ള വിദേശ വിദ്യാഭ്യാസ വായ്പകളാണ്.
കോവിഡിന് ശേഷം വിദേശ, ആഭ്യന്തര ഓഫ്‌ലൈന്‍ കോഴ്സുകള്‍ക്കുള്ള ഡിമാന്‍ഡ് വര്‍ധിച്ചത് മാത്രമല്ല വിദേശ വിദ്യാഭ്യാസത്തിനായുള്ള പലിശയില്‍ വലിയ വര്‍ധനയുണ്ടായതും വിദ്യാഭ്യാസ വായ്പകള്‍ ഉയര്‍ന്നതിന് കാരണമായി. വിദേശത്ത് പഠിക്കാന്‍ പോയ വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലുണ്ടായ വര്‍ധനയും വിദേശത്ത് കാമ്പസുകള്‍ കോവിഡിന് ശേഷം തുറന്നപ്പോള്‍ കോഴ്സ് ഫീസ് ഉയര്‍ത്തിയതുമാണ് മറ്റ് കാരണങ്ങളെന്ന് വിദഗ്ധര്‍ പറയുന്നു.