എച്ച്.ഡി.എഫ്.സി ബാങ്കില്‍ ഓഹരി കൂട്ടാന്‍ എല്‍.ഐ.സിക്ക് അനുമതി, ഓഹരിയുടമകള്‍ക്ക് ആശ്വാസ നീക്കം

രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്.ഡി.എഫ്.സി ബാങ്കില്‍ ഓഹരി പങ്കാളിത്തം ഉയര്‍ത്താന്‍ എല്‍.ഐ.സിക്ക് റിസര്‍വ് ബാങ്കിന്റെ അനുമതി. പുതുതായി 4.8 ശതമാനം ഓഹരികള്‍ കൂടി സ്വന്തമാക്കുന്നതോടെ എല്‍.ഐ.സിയുടെ മൊത്തം ഓഹരി പങ്കാളിത്തം 9.90 ശതമാനമായി ഉയരും. നിലവില്‍ എല്‍.ഐ.സിയ്ക്ക് 5.19 ശതമാനം ഓഹരിയുണ്ട്.

അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ എച്ച്.ഡി.എഫ്.സി ബാങ്കിന്റെ അധിക ഓഹരികള്‍ ഏറ്റെടുക്കാമെന്നാണ് ആര്‍.ബി.ഐ എല്‍.ഐ.സിക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളതെന്ന് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് സമര്‍പ്പിച്ചിട്ടുള്ള റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മൊത്തം ഓഹരി വിഹിതം പെയ്ഡ് മൂലധനത്തിന്റെ 9.99 ശതമാനത്തില്‍ കൂടരുതെന്നും നിര്‍ദേശമുണ്ട്.
ഇന്ത്യന്‍ ബാങ്കുകളില്‍ ഏതെങ്കിലുമൊരു കമ്പനിക്ക് അഞ്ച് ശതമാനത്തിലധികം ഓഹരി സ്വന്തമാക്കണമെങ്കില്‍ റിസര്‍വ് ബാങ്കിന്റെ മുന്‍കൂര്‍ അനുമതി തേടേണ്ടതുണ്ട്. കഴിഞ്ഞ വര്‍ഷം മേയില്‍ എസ്.ബി.ഐ ഫണ്ട് മാനേജ്‌മെന്റും ഇത്തരത്തില്‍ എച്ച്.ഡി.എഫ്.സി ബാങ്കിൽ 9.99 ശതമാനം ഓഹരി പങ്കാളിത്തത്തിന് അനുമതി നേടിയിരുന്നു.
കരകയറാനാകാതെ ഓഹരി
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഓഹരി ഇടിവിലായതിനെ തുടര്‍ന്ന് ആശങ്കയിലായ ഓഹരി ഉടമകള്‍ക്ക് ആശ്വാസം പകരാന്‍ എല്‍.ഐ.സിയുടെ ഏറ്റെടുക്കല്‍ സഹായിക്കുമെന്നാണ് കരുതുന്നത്. ജനുവരി 16ന് മൂന്നാം പാദഫല റിപ്പോര്‍ട്ടുകള്‍ വന്നതു മുതല്‍ എച്ച്.ഡി.എഫ്.സി ബാങ്ക് ഓഹരി വില ഇടവിലാണ്. 52 ആഴ്ചയിലെ താഴ്ന്ന വിലയിലേക്ക് നീങ്ങുന്ന ഓഹരിയില്‍ നിലവില്‍ വില്‍പ്പന സമ്മര്‍ദ്ദം പ്രകടമാണ്. ഇതുവരെ 15 ശതമാനത്തിലധികമാണ് ഓഹരി വില താഴെ പോയത്. വെള്ളിയാഴ്ച ഒരു ശതമാനത്തിലധികം ഇടിഞ്ഞ് 1,439.90 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്.
മൂന്നാം പാദത്തില്‍ ബാങ്കിന്റെ ലാഭവും അറ്റപലിശ വരുമാനവും ഉയര്‍ന്നെങ്കിലും അറ്റ പലിശ മാര്‍ജിനില്‍ തൊട്ടു മുന്‍പാദത്തെ അപേക്ഷിച്ച് കാര്യമായ വ്യത്യാസമില്ലാത്തതാണ് നിക്ഷേപകരില്‍ ആശങ്കയ്ക്കിടയാക്കിയത്. മാത്രമല്ല ഡെപ്പോസിറ്റ് വളര്‍ച്ചയിലും കുറവ് പ്രകടമായിരുന്നു.
വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരുമായി ബന്ധപ്പെട്ട സെബിയുടെ നിര്‍ദേശം വീണ്ടും വിദേശ നിക്ഷേപ സ്ഥാപനങ്ങളെ വില്‍പ്പനയിലേക്ക് നയിച്ചേക്കുമെന്ന് അനലിസ്റ്റുകള്‍ വിലയിരുത്തുന്നു. എന്നാല്‍ അതിനുള്ള സാധ്യതയില്ലെന്ന് എച്ച്.ഡി.എഫ്.സി ബാങ്ക് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it