Begin typing your search above and press return to search.
'ഒരു പോളിസി എഴുതട്ടെ'! ഐപിഓയ്ക്ക് ഒരുങ്ങുന്ന എല്‍ ഐ സിയുടെ കരുത്ത് ലക്ഷക്കണക്കിന് ഏജന്റുമാര്‍
ജോലി കിട്ടി രണ്ടു വര്‍ഷം തികയുന്നതിനു മുമ്പാണ് 1996 ലാണ് എല്‍ ഐ സി ഏജന്റായ രാധാകൃഷ്ണന്‍ നായരെ പരിചയപ്പെടുന്നത്. ജീവിതം സുരക്ഷിത മാക്കന്‍ ചെറുപ്പത്തിലേ പോളിസി എടുക്കണമെന്ന് ഉപദേശിച്ചു. അദ്ദേഹത്തിന്റെ നിര്‍ബന്ധത്തില്‍ അങ്ങനെ ആദ്യമായി എല്‍ ഐ സി യുടെ മണി ബാക്ക് പോളിസി ഉടമയായി. മൊത്തം 25 വര്‍ഷം കാലാവധിയുള്ള പോളിസിയില്‍ ഓരോ 5 വര്‍ഷവും മൊത്തം ഇന്‍ഷ്വര്‍ ചെയ്ത തുകയുടെ 15 ശതമാനം വീതം ലഭിച്ചുകൊണ്ടിരിക്കും. അവസാന വര്‍ഷം ബാക്കി 40 ശതമാനവും ബോണസും.
എന്റെ കല്യാണം കഴിഞ്ഞത് അറിഞ്ഞപ്പോള്‍ വീണ്ടും പലപ്പോഴായി എല്‍ ഐ സി പോളിസികള്‍ എടുപ്പിച്ചു. ഓരോ സന്ദര്‍ശനത്തിലും രാധാകൃഷ്ണന്‍ നായരുടെ ചോദ്യം ഉണ്ടാവും - ഒരു പോളിസി കൂടി എഴുതട്ടെ - മകന്റെ യോ, ഭാര്യയുടെയോ പേരില്‍ ? പ്രീമിയം തുക അടയ്ക്കുന്നത് ബാധ്യതയായി തോന്നിയിരുന്നതിനാല്‍ എന്തെങ്കിലും പറഞ്ഞ് ഒഴുവാകും.
ഓരോ മൂന്നു മാസവും കണിശതയോടെ പ്രീമിയം തുകയെ പറ്റി ഓര്‍മപ്പെടുത്തി ചെക്കോ പണമോ വന്ന് വാങ്ങിക്കൊണ്ട് പോകും. അതിന്റെ രസീത് പോസ്റ്റില്‍ അയയച്ചു തരും. കുടുംബപ്രാരാബ്ധങ്ങളും തൊഴില്‍ അനിശിത്വത്തങ്ങളും മൂലം സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിട്ട് വേളകളില്‍ രാധാകൃഷ്ണന്‍ നായര്‍ രക്ഷകനായി എത്തിയിട്ടുണ്ട്. എല്‍ ഐ സി പോളിസികള്‍ ഈട് വെച്ച് വായ്പ എടുക്കാന്‍ സഹായിച്ചതും രാധാകൃഷ്ണന്‍ നായരാണ്.
ഓരോ പോളിസിയുടെ കാലാവധി അവസാനിക്കാറാകുമ്പോള്‍ അത് ഓര്‍മപ്പെടുത്തി ഡിസ്ചാര്‍ജ് ഫോമും മറ്റും എത്തിച്ച് തരാനും രാധാകൃഷ്ണന്‍ നായര്‍ മറന്നിട്ടില്ല. പൊതുമേഖലാ സ്ഥാപനമായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ അതിന്റെ 66-ാം വാര്‍ഷികത്തില്‍ പ്രഥമ ഓഹരി വില്‍പ്പനക്ക് ഒരുങ്ങുകയാണ്. ലോകത്ത് മറ്റൊരു രാജ്യത്തും ഒരു പൊതുമേഖലാ ലൈഫ് ഇന്‍ഷുറന്‍സ് സംരംഭത്തിന് ഇത്ര അധികം വളര്‍ച്ച നേടാന്‍ കഴിഞ്ഞിട്ടില്ല. രാധാകൃഷ്ണന്‍ നായരേ പോലെ അസംഖ്യം വരുന്ന ഏജന്റുമാരാണ് എല്‍ ഐ സി യുടെ കരുത്ത്.
എല്‍ ഐ സി യില്‍ 31 വര്‍ഷത്തെ നീണ്ട സേവനത്തിന് ശേഷം സ്റ്റാര്‍ യൂണിയന്‍ ഡായ് ഇച്ചി (യൂണിയന്‍ ബാങ്ക് -ജപ്പാനിലെ ഡായ് ഇച്ചി കമ്പനിയുടെ സംയുക്ത സംരംഭം)യുടെ സ്ഥാപക എം ഡി സ്ഥാനം വഹിച്ച കമല്‍ ജി സഹായയുടെ'എല്‍ ഐ സി യുടെ കഥ: ഇന്ത്യയുടെ ഏറ്റവും അറിയപ്പെടുന്ന ബ്രാന്‍ഡിന്റെ സൃഷ്ടി ' ( The LIC Story: Making of India's Best Known Brand ) എന്ന പുസ്തകത്തില്‍ എല്‍ ഐ സിയുടെ വളര്‍ച്ചക്ക് ഏജന്റുമാര്‍ വഹിച്ച പങ്കിനെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. 'എല്‍ ഐ സിയുടെ ഏറ്റവും വലിയ ശക്തി ഏജന്റുമാരുടെ എണ്ണമാണ്. ലോകത്ത് മറ്റൊരു രാജ്യത്തും കമ്പനിയുടെ പേ റോളില്‍ പെടാത്ത ജീവനക്കാര്‍ ഇത്രയും സമര്‍പ്പിതമായി ജോലി ചെയ്യുന്നത് കണ്ടെത്താന്‍ കഴിയില്ല'
ഏജന്റുമാരുടെ പിന്‍ ബലമില്ലാതെ എല്‍ ഐ സിക്ക് വളരാന്‍ സാധിക്കില്ല എന്ന് മനസിലാക്കിയ മുന്‍ അധ്യക്ഷന്‍ ആര്‍ എന്‍ ഭരദ്വാജ് അദ്ദേഹത്തിന്റെ പിന്ഗാമികള്‍ക്ക് നല്‍കിയ ഉപദേശം എന്ത് വില കൊടുത്തും ഏജന്റുമാരെ നിലനിര്‍ത്തണമെന്നാണ്.
എല്‍ ഐ സി കരിയര്‍ ഏജന്റ്‌സ് പദ്ധതി നടപ്പാക്കിയതോടെ എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെ യും അടിസ്ഥാനത്തില്‍ തെരഞ്ഞെടുത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരീശീലനം നല്‍കി മുഴുവന്‍ സമയ ഏജന്റുമാരായി നിയമിച്ചിട്ടുണ്ട്. അവര്‍ക്കു സ്‌റ്റൈപ്പന്റ് കൂടാതെ ഇരു ചക്ര വാഹനവും കാറും വാങ്ങുന്നത്തിന് വായ്പ നല്‍കാറുണ്ട്. രാധാകൃഷ്ണന്‍ നായര്‍ ബുള്ളറ്റ് ബൈക്കും, കാറും, വീട് നിര്‍മിച്ചതും എല്ലാം എല്‍ ഐ സി യുടെ കുറഞ്ഞ നിരക്കില്‍ ലഭിച്ച വായ്പ ഉപോയോഗിച്ചാണെന്ന് അഭിമാനത്തോടെ പറയും.
കേരള സംസ്ഥാന ഭാഗ്യകുറികളെക്കാള്‍ കൂടുതല്‍ 'കോടിപതികളെ 'സൃഷ്ടിച്ചത് എല്‍ ഐ സി യായിരിക്കും. ഒരു വര്‍ഷത്തില്‍ ഒരു കോടി രൂപയുടെ ബിസിനസ് നേടുന്നവരെ 'കോടിപതികള്‍' എന്ന് അറിയപ്പെടുന്നത്. അത്തരം ഏജന്റുമാരുടെ ഫോട്ടോ സഹിതം പത്രത്തില്‍ പ്രസിദ്ധികരിക്കുന്നത് പതിവായിരുന്നു. പല ഏജന്റുമാര്‍ക്കും കമ്മീഷന്‍ ഇനത്തില്‍ കിട്ടുന്ന തുക എല്‍ ഐ സിയിലെ ഉയര്‍ന്ന ജീവനക്കാര്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ കൂടുതലാണ്.
1980 മുതല്‍ 1982 വരെ എല്‍ ഐ സി അധ്യക്ഷണയിരുന്ന ജെ ആര്‍ ജ്യോഷി രൂപപ്പെടുത്തിയ രാജ്യത്തിന് ഒരുപോലെ ബാധകമായ മാനുവല്‍ എല്‍ ഐ സിയുടെ പ്രവര്‍ത്തനത്തിന് ഏകികൃത സ്വഭാവം കൈവരിക്കാന്‍ സഹായിച്ചു. കമല്‍ ജി സഹായ് തന്റെ പുസ്തകത്തില്‍ എല്‍ ഐ സി യില്‍ നിന്ന് വിരമിച്ച ഒരു വടക്കേ ഇന്ത്യയിലെ ഉദ്യോഗസ്ഥനും പത്‌നിയും ഗുരുവായൂര്‍ സന്ദര്‍ശനത്തിന് എത്തിയ കഥ വിവരിക്കുന്നുണ്ട്.
അദ്ദേഹത്തിന്റെ ബ്രാഞ്ച് ഓഫിസ് അഭ്യര്‍ത്ഥിച്ച പ്രകാരം തൃശൂര്‍ ജില്ലയിലെ ഒരു എല്‍ ഐ സി ഏജന്റിന്റെ പത്‌നിയാണ് അവരെ സഹായിക്കാന്‍ നിയോഗിക്കപ്പെട്ടത്. ഉദ്യോഗസ്ഥന്‍ന്റെ പത്‌നി വേഗത്തില്‍ ക്ഷേത്രത്തിനുള്ളില്‍ നടന്നതിനാല്‍ അദ്ദേഹത്തിന് തിരക്കിനിടയാല്‍ മുന്നോട്ട് പോകാന്‍ ബുദ്ധിമുട്ട് അനുഭവപെട്ടു. അപ്പോള്‍ എല്‍ ഐ സി ഏജന്റിന്റെ ഭാര്യ അദ്ദേഹത്തെ ആശ്വസിപ്പിക്കുകയും പതുക്കെ ചുറ്റും പ്രദക്ഷിണം ചെയ്യാന്‍ സഹായിക്കുകയും ചെയ്തു. ജീവനക്കാരും ഏജന്റുമാരും ഒരു കുടുംബം പോലെ പ്രവര്‍ത്തിക്കുന്നതാണ് എല്‍ ഐ സി യുടെ പ്രത്യേകത.
ഇതൊക്കെ കാരണമാകാം ഇന്‍ഷുറന്‍സ് മേഖലയില്‍ സ്വകര്യ കമ്പനികളെ അനുവദിച്ച ശേഷം രണ്ടു ഡസനോളം കമ്പനികള്‍ വന്നിട്ടും എല്‍ ഐ സി യുടെ മാര്‍ക്കറ്റ് വിഹിതം 66 ശതമാനത്തിലും മുകളില്‍ നിലനിര്‍ത്താന്‍ സാധിക്കുന്നത്.
Next Story
Videos