എല്‍ഐസി ഐപിഒ; ആശങ്കപ്പെടേണ്ട വസ്തുതകള്‍
എല്‍ഐസി ഐപിഒ (LIC IPO) നടത്താന്‍ തെരഞ്ഞെടുത്ത സമയത്തെ, മുന്‍ കേന്ദ്ര ധനമന്ത്രി പി.ചിദംബരം കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ഐപിഒ വലുപ്പവും പ്രൈസ് ബാന്‍ഡും കുറച്ചത് വിപണി സാഹചര്യം അനുകൂലമല്ല എന്നതിന് തെളിവായി അദ്ദേഹം ചൂണ്ടിക്കാട്ടി. വിപണി സാഹചര്യങ്ങള്‍ മാറ്റി നിര്‍ത്തി എല്‍ഐസിയുടെ പ്രകടനത്തെ വിലയിരുത്തിലായും ആശങ്കപ്പെടാനുള്ള കാര്യങ്ങള്‍ കാണാം.
സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളുമായുള്ള മത്സരത്തില്‍ തുടര്‍ച്ചയായി എല്‍ഐസിയുടെ വിപണി വിഹിതം ഇടിയുകയാണ്. നിലവില്‍ 64 ശതമാനം ആണ് എല്‍ഐസിയുടെ വിപണി വിഹിതം. 2015-16 മുതല്‍ 2020-21 കാലയളവ് വരെയുള്ള നിരക്ക് പരിശോധിച്ചാല്‍ വെറും 9 ശതമാനം മാത്രമാണ് എല്‍ഐസിയുടെ സിഎജിആര്‍ (compound annual growt rate). സ്വകാര്യ കമ്പനികള്‍ 18 ശതമാനം നിരക്കില്‍ (സിഎജിആര്‍) വളരുമ്പോഴാണ് എല്‍ഐസിയുടെ ഈ പ്രകടനം.
സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ പലപ്പോഴും ഓഹരി ഉടമകളുടെ താല്‍പ്പര്യങ്ങള്‍ക്ക് എതിരാവും എന്ന് എല്‍ഐസി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 2018ല്‍ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്ക്‌സ് ലിമിറ്റഡ് ഐപിഒ നടത്തിയപ്പോള്‍ ഭൂരിഭാഗം ഓഹരികളും എല്‍ഐസി വാങ്ങിയിരുന്നു. ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സില്‍ 7 ശതമാനം ഓഹരി വിഹിതമാണ് എല്‍ഐസിക്ക് ഉള്ളത്. ഐഡിബിഐ ബാങ്കിന്റെ 51 ശതമാനം ഓഹരികള്‍ സ്വന്തമാക്കാന്‍ 21,600 കോടി രൂപയാണ് എല്‍ഐസി നിക്ഷേപിച്ചത്. കിട്ടാക്കടം പെരുകിയതിനെ തുടര്‍ന്ന് നഷ്ടത്തിലായ ബാങ്കില്‍ 4,743 കോടിയുടെ നിക്ഷേപം കൂടി നടത്തിയിരുന്നു.
ഡിജിറ്റല്‍ ഇന്‍ഷുറന്‍സ് മേഖലയെ എല്‍ഐസി കാര്യമായി പരിഗണിക്കുന്നില്ല എന്നതാണ് മറ്റൊരു പ്രശ്‌നമായി പലരും ചൂണ്ടിക്കാണിക്കുന്നത്. 90 ശതമാനം പോളിസികളും ഏജന്റുമാര്‍ മുഖാന്തരമാണ് എല്‍ഐസി നല്‍കുന്നത്. സ്വകാര്യ കമ്പനികള്‍ പോളിസി പുതുക്കല്‍ പ്രീമിയത്തിന്റെ 90 ശതമാനവും ഓണ്‍ലൈനിലൂടെ വാങ്ങുമ്പോള്‍ 36 ശതമാനത്തോളം ഇടപാടുകളാണ് എല്‍ഐസി ഡിജിറ്റലായി ചെയ്യുന്നത്. ഡിജിറ്റല്‍ ഇടപാടുകള്‍ കുറയുന്നത് ചെലവ് ഉയരാന്‍ കാരണമാവും എന്നതാണ് വസ്തുത.
പുതിയ പ്രീമിയത്തില്‍ നിന്നുണ്ടാകുന്ന നേട്ടം കണക്കാക്കുന്ന വിഎന്‍ബി (value of new business margin ) പരിഗണിച്ചാല്‍ എല്‍ഐസിയുടേത് 9.3 ശതമാനം(2020-21) ആണ്. എസ്ബിഐ ലൈഫ്, എച്ച്ഡിഎഫ്‌സി ലൈഫ്, ഐസിഐസി പ്രുഡെന്‍ഷ്യല്‍ ലൈഫ്, മാക്‌സ് ലൈഫ്, ബജാജ് അലിയന്‍സ് ലൈഫ് തുടങ്ങിയ ലിസ്റ്റ് ചെയ്ത ഇന്‍ഷുറന്‍സ് കമ്പനികളുടെ വിഎന്‍ബി 11-27 ശതമാനം വരെയാണ്.
എല്‍ഐസി നിക്ഷേപം നടത്തിയിട്ടുള്ള കമ്പനികളില്‍ പലതിന്റെയും ഓഹരികള്‍ ഇടിഞ്ഞ് നില്‍ക്കുകയാണ്. നിഷ്ക്രിയ ആസ്തികളും സ്ഥാപനത്തിനുണ്ട്. ഈ രണ്ട് കാര്യങ്ങളും പരിഗണിച്ചാല്‍ ഉണ്ടാകാനിടയുള്ള നഷ്ടത്തെ എല്‍ഐസി എങ്ങനെ മറികടക്കും എന്ന ചോദ്യവും ഉയരുന്നുണ്ട്.