നിയമം ഭേദഗതി ചെയ്തു; എല്‍ഐസിയില്‍ 20 ശതമാനം വിദേശ നിക്ഷേപം

എല്‍ഐസി ഐപിഒയ്ക്ക്(LIC IPO) മുമ്പ് വിദേശ വിനിമയ മാനേജ്‌മെന്റ് ആക്ട് (FEMA) ഭേദഗതി ചെയ്ത് കേന്ദ്ര സര്‍ക്കാര്‍. ഭേദഗതി പ്രകാരം എല്‍ഐസിയില്‍ 20 ശതമാനം വരെ നേരിട്ടുള്ള വിദേശ നിക്ഷേപം (FDI) അനുവദിക്കും. എല്‍ഐസിയിലും സമാനമായ മറ്റ് കോര്‍പറേറ്റ് സ്ഥാപനങ്ങളിലും 20 നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കാനാണ് തീരുമാനം.

ഡിപാര്‍ട്ട്‌മെന്റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് മാര്‍ച്ച് 14ന് ആണ് നിയമം ഭേദഗതി ചെയ്തത്. നിലവിലെ നിയമത്തില്‍ പുതുയൊരു പാരാഗ്രാഫ് കൂട്ടിച്ചേര്‍ക്കുകയാണ് ചെയ്തത്. നിലവില്‍ പൊതുമേഖലാ ബാങ്കുകളില്‍ 20 ശതമാനം വരെ നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കുന്നുണ്ട്. രാജ്യത്തെ ഏറ്റവും വലിയ ഐപിഒയ്ക്ക് ഒരുങ്ങുന്ന എല്‍ഐസിയിലേക്ക് കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കലാണ് നടപിയുടെ ലക്ഷ്യം.

കഴിഞ്ഞ ദിവസം എല്‍ഐസി ഐപിഒയ്ക്കായി അറുപതോളം ആങ്കര്‍ നിക്ഷേപകരെ കേന്ദ്രം ഷോട്ട്‌ലിസ്റ്റ് ചെയ്തിരുന്നു. ഈ മാസം അവസാനത്തോടെ ഐപിഒ നടത്താനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. മെയ് 12ന് അപ്പുറത്തേക്ക് ഐപിഒ നീണ്ടാല്‍ വീണ്ടും സെബിയുടെ അനുമതി തേടേണ്ടിവരും. എല്‍ഐസിയുടെ ഐപിഒയ്ക്ക് മുമ്പ് തന്നെ ഓഹരി വില പിടിച്ചു നിര്‍ത്താനുള്ള നീക്കവും കേന്ദ്രം നടത്തുന്നുണ്ട്. നിക്ഷേപകര്‍ക്ക് ആന്മവിശ്വാസം നല്‍കുന്നതിനും വില ഇടിയാതിരിക്കാനുമായി, ഐപിഒയ്ക്ക് ശേഷം കുറഞ്ഞത് രണ്ട് വര്‍ഷത്തേക്ക് എല്‍ഐസിയുടെ കൂടുതല്‍ ഓഹരികള്‍ കേന്ദ്രം വിറ്റേക്കില്ല.

ഐപിഒയിലൂടെ വില്‍ക്കുന്ന ഓഹരികളുടെ എണ്ണവും കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തും. 5 ശതമാനം ഓഹരികള്‍ വില്‍ക്കുമെന്നാണ് കേന്ദ്രം നേരത്തെ അറിയിച്ചിരുന്നത്. ഇത് 5.5 മുതല്‍ 6 ശതമാനം ആയി ഉയര്‍ത്തിയേക്കും. 5 ശതമാനം ഓഹരി വില്‍പ്പനയില്‍ നിന്ന് മാത്രം ഏകദേശം 63,000 കോടി രൂപ എല്‍ഐസിക്ക് കണ്ടത്താനാവും. ഏകദേശം 7 ട്രില്യണ്‍ രൂപയുടെ മൂല്യമാണ് (valuation) എല്‍ഐസിക്ക് കണക്കാക്കുന്നത്. റഷ്യ-യുക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്ന് വിപണിയിലുണ്ടായ തിരിച്ചടിയാണ് എല്‍ഐസി ഐപിഒ നീണ്ടുപോവാന്‍ കാരണം.

Related Articles
Next Story
Videos
Share it