ലിസ്റ്റിംഗ് മെയ് 17ന്, ടോപ് 5ല്‍ ഇടം നേടാന്‍ എല്‍ഐസി

ഇന്ത്യന്‍ ഓഹരി വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് (LIC IPO) ഒരുങ്ങുകയാണ് എല്‍ഐസി. മെയ് 4 മുതല്‍ 9 വരെ നടക്കുന്ന ഐപിഒയ്ക്ക് ശേഷം അതേ മാസം 17ന് എല്‍ഐസി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെടും. ആങ്കര്‍ നിക്ഷേപകര്‍ക്ക് മെയ് 2 മുതല്‍ ഐപിഒയില്‍ നിക്ഷേപിക്കാം. ഓഹരി ഒന്നിന് എല്‍ഐസി ജിവനക്കാര്‍ക്ക് 45 രൂപ കിഴിവും പോളിസി ഉടമകള്‍ക്ക് 60 രൂപ കിഴിവും ലഭിക്കും

902-949 രൂപ പ്രൈസ് ബാന്‍ഡില്‍ 21,000 കോടി രൂപയാണ് ഈ പൊതുമേഖലാ ഇന്‍ഷുറന്‍സ് ഭീമന്‍ സമാഹരിക്കുക. റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 14 ലോട്ടുകള്‍ക്ക് വരെ അപേക്ഷിക്കാം. ഒരു ലോട്ടില്‍ 15 ഓഹിരകളാണ് ലഭ്യമാവുക. 2021 ഒക്‌ടോബറില്‍ നടന്ന 18,300 കോടിയുടെ വണ്‍ 97 കമ്യൂണിക്കേഷന്‍സ് (പേയ്ടിഎം) ഐപിഒയുടെ റെക്കോര്‍ഡ് ആണ് എല്‍ഐസി മറികടക്കുക. 3.5 ശതമാനം ഓഹരികളാണ് (221.3 മില്യണ്‍) ഐപിഒയിലൂടെ എല്‍ഐസി വില്‍ക്കുന്നത്. വളരെ കുറഞ്ഞ അളവില്‍ ഒഹരികള്‍ വില്‍ക്കുന്നത് എല്‍ഐസിക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. ലിസ്റ്റിംഗിന് ശേഷമുണ്ടാവുന്ന ഡിമാന്‍ഡ് ഓഹരി വില ഉയര്‍ത്തുമെന്ന പ്രതീക്ഷയും അനലിസ്റ്റുകള്‍ പങ്കുവെയ്ക്കുന്നു.

ഇന്ത്യയിലും ആഗോള തലത്തിലും ടോപ് 5

  • ഐപിഒ കഴിയുന്നതോടെ വിപണി മൂല്യത്തില്‍ രാജ്യത്തെ ഏറ്റവും വലിയ അഞ്ചാമത്തെ കമ്പനിയായി എല്‍ഐസി മാറും.
  • 6.02 ട്രില്യണോളം ആയിരിക്കും എല്‍ഐസിയുടെ വിപണി മൂല്യം. റിലയന്‍സ് ( 18.79 ട്രില്യണ്‍), ടിസിഎസ് (13.03 ട്രില്യണ്‍), എച്ച്ഡിഎഫ്‌സി ബാങ്ക് ( 7.61 ട്രില്യണ്‍) എന്നിവയാണ് ആദ്യ അഞ്ചിലുള്ള മറ്റ് കമ്പനികള്‍.
  • ലിസ്റ്റ് ചെയ്യപ്പെടുമ്പോള്‍, വിപണി മൂല്യത്തില്‍ ലോകത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍ കമ്പനികളില്‍ നാലാമതാവും എല്‍ഐസി ( 78.4 ബില്യണ്‍ ഡോളര്‍ അഥവ 6.02 ട്രില്യണ്‍).
  • ചൈനയിലെ പിംഗ് ആന്‍ (118.8 ബില്യണ്‍ ഡോളര്‍) ആണ് ലോകത്തെ ഏറ്റവും മൂല്യമുള്ള ഇന്‍ഷുറന്‍സ് കമ്പനി.
  • ജെര്‍മനിയിലെ അലിയന്‍സ് എസ്ഇ ( 91.8 ബില്യണ്‍ ഡോളര്‍), ചൈന ലൈഫ് ഇന്‍ഷുറന്‍സ് (89.1 ബില്യണ്‍ ഡോളര്‍), യുഎസ്എയിലെ അക്‌സ എസ്എ (64.7 ബില്യണ്‍ ഡോളര്‍) എന്നിവയാണ് വിപണി മൂല്യത്തില്‍ എല്‍ഐസിക്ക് മുന്നിലുള്ള കമ്പനികള്‍.
Related Articles
Next Story
Videos
Share it