15,952.49 കോടി രൂപയുടെ അറ്റാദായവുമായി എല്‍ഐസി
നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ (Fy23) രണ്ടാം പാദത്തില്‍ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ (LIC) അറ്റാദായം (Net Profit) കുത്തനെ ഉയര്‍ന്നു. ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ 15,952.49 കോടി രൂപയാണ് എല്‍ഐസിയുടെ അറ്റാദായം. മുന്‍വര്‍ഷത്തെ 1,433.71 കോടിയില്‍ നിന്ന് 11 ഇരട്ടിയോളമാണ് അറ്റാദായം ഉയര്‍ന്നത്. ഒന്നാം പാദത്തില്‍ 682.88 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം.
അവകാശികളില്ലാതെ കിടക്കുന്ന അക്കൗണ്ടുകളിലെ തുക ഓഹരി ഉടമകളുടെ അക്കൗണ്ടിലേക്ക് വകയിരുത്തിയതാണ് അറ്റാദായം ഉയരാന്‍ കാരണം. ഇത്തരത്തില്‍ 14,271.80 കോടി രൂപയാണ് എല്‍ഐസി നിക്ഷേപക അക്കൗണ്ടിലേക്ക് മാറ്റിയത്. ഓഹരി വില പിടിച്ചുനിര്‍ത്താനുള്ള എല്‍ഐസിയുടെ ശ്രമമായാണ് നീക്കം വിലയിരുത്തപ്പെടുന്നത്. രണ്ടാം പാദത്തില്‍ എല്‍ഐസിയുടെ അറ്റ പ്രീമിയം വരുമാനം (Net Premium Income) 27 ശതമാനം ഉയര്‍ന്ന് 1.32 ട്രില്യണ്‍ രൂപയിലെത്തി.
ഒന്നാം വര്‍ഷ പ്രീമിയം വരുമാനം 9,125 കോടി രൂപയും പുതുക്കിയ പ്രീമിയങ്ങളുടേത് 56,156 കോടി രൂപയും ആണ്. സിംഗിള്‍ പ്രീമിയത്തില്‍ നിന്നുള്ള വരുമാനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 62 ശതമാനം ഉയര്‍ന്ന് 66,901 കോടി രൂപയായി. 84,103.64 കോടി രൂപയാണ് നിക്ഷേപക്ഷങ്ങളില്‍ നിന്നുള്ള വരുമാനം. നോണ്‍-പെര്‍ഫോമിംഗ് അസറ്റുകളുടെ റേഷ്യോ മുന്‍പാദത്തെ അപേക്ഷിച്ച് 0.24 ശതമാനം കുറഞ്ഞ് 5.6 ശതമാനത്തില്‍ എത്തി. 12.71 കോടി രൂപയാണ് നെറ്റ് നോണ്‍-പെര്‍ഫോമിംഗ് അസറ്റ്. 67.72 ശതമാനം ആണ് എല്‍ഐസിയുടെ വിപണി വിഹിതം. നിലവില്‍ 627 രൂപയാണ് എല്‍ഐസി ഓഹരികളുടെ വില.