പണം അടയ്ക്കാന്‍ കഴിയാതെ മുടങ്ങിയ എല്‍ഐസി പോളിസി വീണ്ടും പുതുക്കാമോ? പോളിസി ഉടമകള്‍ അറിയാന്‍

എന്തെങ്കിലും കാരണം കൊണ്ട് പോളിസിയില്‍ പണമടയ്ക്കാതെ മുടങ്ങിപ്പോയിട്ടുണ്ടോ? ഇതാ അത്തരം പോളിസികള്‍ പുനരാരംഭിക്കാന്‍ അവസരവുമായി രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (LIC). യുലിപ് (ULIP) പോളിസികളൊഴികെയുള്ള പോളിസികളെല്ലാം പുനരാരംഭിക്കാന്‍ സാധിക്കുമെന്ന് എല്‍ഐസി വ്യക്തമാക്കി. ഇതിനായി പ്രത്യേക ക്യാമ്പെയിന്‍ തന്നെയാണ് എല്‍ഐസി ആരംഭിച്ചിരിക്കുന്നത്. ഒക്ടോബര്‍ 21 വരെയാണ് ക്യാമ്പെയ്ന്‍.

പ്രീമിയം അടയ്ക്കാന്‍ സാധിക്കാതെ പോളിസി മുടങ്ങിപ്പോയവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താന്‍ സാധിക്കും. പോളിസി ഉടമകള്‍ക്ക് ഓഗസ്റ്റ് 17 മുതല്‍ ഒക്ടോബര്‍ 21 വരെയുള്ള കാലയളവിനുള്ളില്‍ തങ്ങളുടെ പോളിസികള്‍ തിരിച്ച് പിടിക്കുന്നതിനുള്ള അവസരമാണ് നല്‍കുന്നത്. ലേറ്റ് ഫീസിന്റെ കാര്യത്തില്‍ ആകര്‍ഷകമായ ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു ലക്ഷം രൂപ വരെ മൊത്തം പ്രീമിയം തിരികെ ലഭിക്കാനുള്ള പോളിസികള്‍ക്ക് 25 ശതമാനം വരെ ലേറ്റ് ഫീസ് ഇളവുണ്ടാവും. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് എല്‍ഐസി ഇത്തരത്തില്‍ ഒരു ക്യാമ്പെയിന്‍ ആരംഭിക്കുന്നത്. ഫെബ്രുവരി 7 മുതല്‍ മാര്‍ച്ച് 25 വരെയാണ് നേരത്തെ പോളിസി ഉടമകള്‍ക്ക് അവസരം നല്‍കിയിരുന്നത്.

പരമാവധി 2500 രൂപ വരെയാണ് ഇളവുണ്ടാവുക. 1,00,001 രൂപ മുതല്‍ 3 ലക്ഷം രൂപ വരെ മൊത്തം പ്രീമിയം ലഭ്യമാകുന്ന പോളിസികള്‍ക്ക് 25 ശതമാനം വരെ ഇളവുണ്ടാവും. പരമാവധി ഇളവ് 3000 രൂപയാണ്. 3,00,001 രൂപയും അതിനുമുകളിലും മൊത്തം ലഭിക്കാവുന്ന പ്രീമിയമുള്ള പോളിസികള്‍ക്ക് 30 ശതമാനം വരെ ഇളവുണ്ട്, ഇവര്‍ക്കുള്ള പരമാവധി ഇളവ് 3500 രൂപയാണ്.

'അപ്രതീക്ഷിതമായും അവിചാരിതമായും ജീവിതത്തില്‍ സംഭവിക്കുന്ന നഷ്ടങ്ങള്‍ക്കുള്ള പരിരക്ഷയാണ് ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍. എല്‍ഐസിയുടെ ഏറ്റവും പ്രിയപ്പെട്ട ഉപഭോക്താക്കള്‍ക്ക് അവരുടെ മുടങ്ങിപ്പോയ പോളിസികള്‍ തിരികെ നല്‍കാനുള്ള ഒരു അവസരമാണ് ഈ ക്യാമ്പെയിനിലൂടെ തുറന്നിടുന്നത്. പോളിസി ഉടമകളുടെ കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാനും ഇന്‍ഷുറന്‍സ് ആനുകൂല്യം തുടരാനുമുള്ള അപൂര്‍വ അവസരമായി ഇതിനെ കണക്കാക്കണം,' എല്‍ഐസി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it