വിപണി തിരികെ പിടിക്കാന്‍ എല്‍ഐസി; പുതിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം അവതരിപ്പിക്കും

ഇടപാടുകള്‍ക്ക് പുതിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം അവതരിപ്പിക്കാന്‍ ഒരുങ്ങി ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ( എല്‍ഐസി (LIC). ആധുനിക ഇന്‍ഷുറന്‍സ് കമ്പനികളുമായുള്ള മത്സരത്തിന്റെ ഭാഗമായാണ് നീക്കം. ഇന്‍ഷുറന്‍സ് ഏജന്റുമാരുടെ എണ്ണം കുറയ്ക്കുക, ഡിജിറ്റലൈസേഷന്‍ (digitalisation), നിക്ഷേപകരെ ആകര്‍ഷിക്കല്‍ തുടങ്ങിയവയും എല്‍ഐസി ലക്ഷ്യമിടുന്നു.

എല്ലാ മേഖലയിലും ഡിജിറ്റലൈസേഷന്‍ നടപ്പാക്കുകയാണ് എല്‍ഐസി. ഒരു ഉപഭോക്താവ് പ്രതീക്ഷിക്കുന്ന എല്ലാ സേവനങ്ങളും പുതിയ സംവിധാനത്തിലുണ്ടാവും. ഇപ്പോഴുള്ള എല്‍ഐസിയുടെ വെബ്‌സൈറ്റ് വഴി ആകെ ഇടപാടിന്റെ ഒരു ശതമാനം പോലും നടക്കുന്നില്ല.

ഉല്‍പ്പന്നങ്ങള്‍ (Products)താരതമ്യം ചെയ്യാന്‍ ഉപഭോക്താക്കളെ സഹായിക്കുന്നതിന് നിലവില്‍ പോളിസി ബസാറുമായി(Policy Bazaar) എല്‍ഐസി സഹകരിക്കുന്നുണ്ട്. നിലവിലുള്ള ഓണ്‍ലൈന്‍ സംവിധാനം മെച്ചപ്പെടുത്തുന്നതിന് പുറമെയാണ് പുതിയ പ്ലാറ്റ്‌ഫോമെന്ന് എല്‍ഐസി ചെയര്‍മാന്‍ എംആര്‍ കുമാര്‍ അറിയിച്ചു.

2020 ഡിസംബര്‍ മുതല്‍ 2022 ജനുവരി വരെയുള്ള കാലയളവില്‍ എല്‍ഐസിയുടെ പ്രീമിയം(LIC Premium) വരുമാനം 68.05 ശതമാനത്തില്‍ നിന്ന് 61.4% ആയി കുറഞ്ഞിരുന്നു. സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളുടെ മുന്നേറ്റത്തെ തുടര്‍ന്ന് 2020 ജൂണ്‍ മുതല്‍ 13 ശതമാനം വിപണിയാണ് എല്‍ഐസിക്ക് നഷ്ടമായത്.

ഏജന്റുമാരെ അമിതമായി ആശ്രയിച്ചതാണ് വിപണി കുറയാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. കോവിഡിന്റെ സമയത്ത് ആളുകളെ സമീപിക്കുന്നതില്‍ എല്‍ഐസി ഏജന്റുമാര്‍ ബുദ്ധിമുട്ട് നേരിട്ടിരുന്നു. വരുമാനത്തിന്റെ 90 ശതമാനവും എല്‍ഐസിക്ക് സംഭാവന ചെയ്യുന്നത് 1.36 മില്യണ്‍ വരുന്ന ഈ ഏജന്റുമാരാണ്.

ഇന്‍ഷുറന്‍സ് റെഗുലേറ്റര്‍ (IRDAI)പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഏപ്രില്‍-ഡിസംബര്‍ മാസങ്ങളില്‍ എല്‍ഐസിയുടെ പുതിയ ബിസിനസ് പ്രീമിയം വരുമാനം ഒരു വര്‍ഷം മുമ്പുള്ളതില്‍ നിന്ന് 3.07% ഇടിഞ്ഞ് 1.26 ട്രില്യണ്‍ രൂപയായിലെത്തിയിരുന്നു.

അതേ സമയം സ്വാകാര്യ ഇന്‍ഷുറന്‍സ് കമ്പനികളുടെ വരുമാനം 29.8 ശതമാനം ഉയര്‍ന്ന് 79,216.84 കോടിയിലെത്തി. ഈ സാഹചര്യമാണ് മാറി ചിന്തിക്കാന്‍ എല്‍ഐസിയെ പ്രേരിപ്പിച്ചത്.

Related Articles
Next Story
Videos
Share it