ജൂണ്‍ പാദത്തില്‍ 603 കോടി രൂപയുടെ അറ്റാദായവുമായി എല്‍ഐസി

നടപ്പു സാമ്പത്തിക വര്‍ഷം ആദ്യപാദത്തില്‍ എല്‍ഐസി (LIC) രേഖപ്പെടുത്തിയത് 603 കോടി രൂപയുടെ അറ്റാദായം. മുന്‍വര്‍ഷത്തെ കാലയളവിലെ 24.3 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ വന്‍കുതിപ്പാണ് രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയുടെ അറ്റാദായത്തിലുണ്ടായത്. എന്നിരുന്നാലും മാര്‍ച്ച് പാദത്തിലെ 2,371.5 കോടി രൂപയേക്കാള്‍ കുറവാണിത്.

എല്‍ഐസിയുടെ അറ്റ പ്രീമിയം വരുമാനം മുന്‍ വര്‍ഷം ഇതേ കാലയളവിലെ 82,375.61 കോടി രൂപയില്‍ നിന്ന് ഒന്നാം പാദത്തില്‍ 98,805.25 കോടി രൂപയായി ഉയര്‍ന്നു. എല്‍ഐസിയുടെ മാനേജ്‌മെന്റിന് കീഴിലുള്ള ആസ്തി ജൂണ്‍ പാദത്തില്‍ 41.02 ലക്ഷം കോടി രൂപയായാണ് വര്‍ധിച്ചുത്. 2022 സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തിലെ 38.13 ലക്ഷം കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 7.57 ശതമാനത്തിന്റെ വര്‍ധനവാണിത്.
ഏപ്രില്‍-ജൂണ്‍ കാലയളവില്‍ എല്‍ഐസി 36,81,764 കോടി രൂപയുടെ പോളിസികളാണ് വിറ്റത്. ഇത് വര്‍ഷികാടിസ്ഥാനത്തില്‍ ഏകദേശം 60 ശതമാനം കൂടുതലാണ്. കഴിഞ്ഞപാദത്തില്‍ മൊത്തം പുതിയ ബിസിനസ് പ്രീമിയം വരുമാനം 36 ശതമാനം ഉയര്‍ന്ന് 10,938 കോടി രൂപയുമായി. ജൂണില്‍ അവസാനിച്ച പാദത്തില്‍ പുതിയ ബിസിനസിന്റെ (വിഎന്‍ബി) മൂല്യം 1,861 കോടി രൂപയും വിഎന്‍ബി മാര്‍ജിന്‍ 13.6 ശതമാനവുമാണ്. ഈ പാദത്തിലെ സോള്‍വന്‍സി അനുപാതം 173.34 ശതമാനത്തില്‍ നിന്ന് 188.54 ശതമാനമാണെന്നും എല്‍ഐസി അറിയിച്ചു.


Related Articles
Next Story
Videos
Share it