മണപ്പുറം ഫിനാന്‍സിന്റെ അറ്റാദായം ആദ്യ പാദത്തെക്കാള്‍ 45.25 ശതമാനം വര്‍ധിച്ചു

അറ്റാദായം ആദ്യപാദത്തേക്കാള്‍ 45.25 ശതമാനം വര്‍ധിപ്പിച്ച് മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ്. 2022 സെപ്റ്റംബര്‍ 30ന് അവസാനിച്ച രണ്ടാം പാദത്തില്‍ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് 409.48 കോടി രൂപയുടെ സംയോജിത അറ്റാദായമാണ് രേഖപ്പെടുത്തിയത്. മുന്‍ വര്‍ഷത്തെ 369.88 കോടി രൂപയെ അപേക്ഷിച്ച് 10.70 ശതമാനവും ആദ്യ പാദത്തെ അപേക്ഷിച്ച് 45.25 ശതമാനവും വര്‍ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

കമ്പനി കൈകാര്യം ചെയ്യുന്ന സംയോജിത ആസ്തി 7.89 ശതമാനം വര്‍ധിച്ച് 30,664.96 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം 28,421.63 കോടി രൂപയായിരുന്നു. സബ്‌സിഡയറികളെ ഒഴിവാക്കിയുള്ള അറ്റാദായം 348.71 കോടി രൂപയാണ്. സംയോജിത പ്രവര്‍ത്തന ലാഭം മുന്‍ വര്‍ഷം ഇതേ പാദത്തിലെ 1,531.92 കോടി രൂപയില്‍ നിന്ന് 1,696.26 കോടി രൂപയായും വര്‍ധിച്ചു.
ലാഭവിഹിതം വിതരണം ചെയ്യും
രണ്ടു രൂപ മുഖവിലയുള്ള ഓഹരികള്‍ക്ക് 0.75 രൂപ വീതം ഇടക്കാല ലാഭ വിഹിതം വിതരണം ചെയ്യാനുള്ള തീരുമാനം ഡയറക്ടര്‍ ബോര്‍ഡ് യോഗം അംഗീകരിച്ചു. 'ലാഭത്തില്‍ തുടര്‍ച്ചയായി 45 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. വളര്‍ച്ച ലക്ഷ്യമിടുമ്പോഴും പ്രവര്‍ത്തന കാര്യക്ഷമത നിലനിര്‍ത്താനുള്ള പ്രതിബദ്ധതയാണ് ഈ നേട്ടത്തിന് സഹായകമായത്,' മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് മാനേജിങ് ഡയറക്ടറും സിഇഒയുമായ വി പി നന്ദകുമാര്‍ പറഞ്ഞു. കമ്പനിയുടെ സബ്‌സിഡിയറിയായ ആശിര്‍വാദ് മൈക്രോഫിനാന്‍സ് സാമ്പത്തിക പ്രവര്‍ത്തന ഫലം മെച്ചപ്പെടുത്തിയതിലും അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.
കമ്പനിയുടെ സ്വര്‍ണ വായ്പാ പോര്‍ട്ട്ഫോളിയോ 19,190 കോടി രൂപയാണ്. ഈ കാലയളവിലെ സജീവ സ്വര്‍ണ വായ്പാ ഉപഭോക്താക്കളുടെ എണ്ണം 24.1 ലക്ഷമായി. കമ്പനിയുടെ മൈക്രോഫിനാന്‍സ് ബിസിനസ് കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 7,118.10 കോടി രൂപയായി വര്‍ധിച്ചു. ആദ്യ പാദത്തെ അപേക്ഷിച്ച് 8.74 ശതമാനവും മുന്‍ വര്‍ഷത്തെ ഇതേ പാദത്തെ (7029.90 കോടി രൂപ) അപേക്ഷിച്ച് 1.25 ശതമാനവുമാണ് ആസ്തി വളര്‍ച്ച.
ഭവന വായ്പാ സബ്‌സിഡിയറിയായ മണപ്പുറം ഹോം ഫിനാന്‍സ് കൈകാര്യം ചെയ്യുന്ന ആസ്തികളില്‍ 25.87 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. മുന്‍വര്‍ഷം ഇതേപാദത്തില്‍ 732.19 കോടി രൂപയായിരുന്നത് ഇത്തവണ 921.58 കോടി രൂപയിലെത്തി. വെഹിക്കിള്‍സ് ആന്റ് എക്യുപ്‌മെന്റ് ഫിനാന്‍സ് വിഭാഗത്തിന്റെ ആകെ ആസ്തികള്‍ 48.81 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 1,885.53 കോടി രൂപയിലെത്തി.
കമ്പനി കൈകാര്യം ചെയ്യുന്ന ആകെ ആസ്തികളുടെ 37 ശതമാനം സ്വര്‍ണ വായ്പാ ഇതര ബിസിനസില്‍ നിന്നുള്ളതാണ്. സബ്‌സിഡിയറികള്‍ ഒഴിവാക്കിയുള്ള കമ്പനിയുടെ ശരാശരി വായ്പാ ചെലവ് ഈ ത്രൈമാസത്തില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 38 അടിസ്ഥാന പോയിന്റുകള്‍ കുറഞ്ഞ് 7.56 ശതമാനത്തില്‍ എത്തി. കമ്പനിയുടെ മൊത്ത നിഷ്‌ക്രിയ ആസ്തി 1.95 ശമതാനവും അറ്റ നിഷ്‌ക്രിയ ആസ്തി 1.77 ശതമാനവുമാണ്.
2022 സെപ്തംബര്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം കമ്പനിയുടെ സംയോജിത മൂല്യം 8,957.69 രൂപയാണ്. ഒരു ഓഹരിയുടെ മൂല്യം 105.83 രൂപയും മൂലധന പര്യാപ്തതാ അനുപാതം 31.92 ശതമാനവുമാണ്. സംയോജിതാടിസ്ഥാനത്തില്‍ കമ്പനിയുടെ ആകെ വായ്പ 26,756.69 കോടിയാണ്. 52.8 ലക്ഷം സജീവ ഉപഭോക്താക്കളും കമ്പനിക്കുണ്ട്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it