കേരള ബാങ്കുകളില്‍ ഏറ്റവും കൂടുതല്‍ കിട്ടാക്കടം ചെറുകിട വായ്പകളിൽ

സംസ്ഥാനത്തെ ബാങ്കുകളില്‍ ഏറ്റവുമുയര്‍ന്ന കിട്ടാക്കടമുള്ളത് (എന്‍.പി.എ/NPA - നിഷ്‌ക്രിയ ആസ്തി) സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭക (എം.എസ്.എം.ഇ/MSME) വായ്പകളില്‍. സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടെ (Kerala SLBC) കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (2022-23) അവലോകന റിപ്പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

കഴിഞ്ഞ വര്‍ഷം കേരളത്തിലെ ബാങ്കുകള്‍ 3,494 കോടി രൂപയുടെ അധിക വായ്പകള്‍ എം.എസ്.എം.ഇകള്‍ക്കായി നല്‍കിയിട്ടുണ്ട്. ഇതോടെ ഈ വിഭാഗത്തിലെ ആകെ വായ്പ 68,451 കോടി രൂപയായി. ഇതില്‍ 50.90 ശതമാനം വായ്പകളും സ്വകാര്യ ബാങ്കുകളിലാണ്. 45.16 ശതമാനമാണ് പൊതുമേഖലാ ബാങ്കുകളില്‍.
മൊത്തം എം.എസ്.എം.ഇ വായ്പയില്‍ 58.14 ശതമാനവും നേടിയത് സേവന (Services) മേഖലയാണ്. 28.25 ശതമാനം മാനുഫാക്ചറിംഗ് മേഖലയും 12.76 ശതമാനം റീട്ടെയില്‍ വ്യാപാര മേഖലയും നേടി. 8.26 ശതമാനമാണ് എം.എസ്.എം.ഇ വായ്പകളിലെ കിട്ടാക്കടമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
വിദ്യാഭ്യാസ കിട്ടാക്കടവും മുന്നില്‍
കേരളത്തിലെ മിക്ക ബാങ്കുകളും വിദ്യാഭ്യാസ വായ്പകളെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും കഴിഞ്ഞ ജനുവരി-മാര്‍ച്ച് പാദത്തില്‍ മാത്രം 1,942 കോടി രൂപയുടെ വായ്പ ഈയിനത്തില്‍ നല്‍കിയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതേസമയം, 7.43 ശതമാനമാണ് വിദ്യാഭ്യാസ വായ്പകളിലെ കിട്ടാക്കടം.
ഭവന കിട്ടാക്കടം കുറവ്
ഏറ്റവും കുറവ് കിട്ടാക്കടം ഭവന വായ്പകളിലാണ്; 1.61 ശതമാനം. 3.38 ശതമാനമാണ് കാര്‍ഷിക വായ്പകളിലെ കിട്ടാക്കട നിരക്ക്.
വായ്പാ നിക്ഷേപ അനുപാതം കൂടുന്നു
സംസ്ഥാനത്തെ ബാങ്കുകളുടെ സാമ്പത്തികാരോഗ്യം മെച്ചപ്പെടുന്നുവെന്ന് വ്യക്തമാക്കി കഴിഞ്ഞ വര്‍ഷം ക്രെഡിറ്റ്-ഡെപ്പോസിറ്റ് അനുപാതം (CD Ratio) രണ്ട് ശതമാനം ഉയര്‍ന്ന് 69 ശതമാനമായെന്ന് റിപ്പോര്‍ട്ടിലുണ്ട്. വായ്പകള്‍ 16 ശതമാനവും നിക്ഷേപങ്ങള്‍ 8 ശതമാനവും കഴിഞ്ഞ വര്‍ഷം വര്‍ദ്ധിച്ചു.
പ്രാഥമിക മേഖലയില്‍ (Primary Sector) വായ്പാ വിതരണ ലക്ഷ്യം 1.62 ലക്ഷം കോടി രൂപയായിരുന്നെങ്കിലും 1.91 ലക്ഷം കോടി രൂപ വിതരണം ചെയ്തു. ഇതില്‍ 46.99 ശതമാനവും പൊതുമേഖലാ ബാങ്കുകളിലാണ്. സ്വകാര്യ ബാങ്കുകളില്‍ 30.01 ശതമാനം. 10 ജില്ലകള്‍ 100 ശതമാനത്തിനുമേല്‍ ലക്ഷ്യം കൈവരിച്ചു. എറണാകുളം (175 ശതമാനം), തിരുവനന്തപുരം (173 ശതമാനം) എന്നിവയാണ് മുന്നില്‍.
രണ്ടാംനിര (Secondary sector) വിഭാഗത്തില്‍ ലക്ഷ്യമിട്ടതിന്റെ 120 ശതമാനം കൈവരിച്ചു. 9 ജില്ലകള്‍ 100 ശതമാനത്തിലധികം ലക്ഷ്യം നേടി. എറണാകുളം (202 ശതമാനം), തിരുവനന്തപുരം (179 ശതമാനം), ആലപ്പുഴ (162 ശതമാനം) എന്നിവയാണ് മുന്നില്‍.
തൃശൂര്‍ (76 ശതമാനം), കോട്ടയം (97 ശതമാനം), പാലക്കാട് (66 ശതമാനം), കോഴിക്കോട് (78 ശതമാനം), കാസര്‍ഗോഡ് (97 ശതമാനം) എന്നിവയ്ക്ക് ലക്ഷ്യം കാണാനായില്ല. സെക്കന്‍ഡറി വിഭാഗത്തില്‍ ഏറ്റവുമധികം വായ്പകള്‍ പൊതുമേഖലാ ബാങ്കുകളിലാണ് (50.49 ശതമാനം). സ്വകാര്യ ബാങ്കുകളില്‍ 37.70 ശതമാനം.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles
Next Story
Videos
Share it