പൂജാരിയുടെ ലോണ്‍ മേളയുടെ പതിപ്പാവുമോ മുദ്ര ലോണുകള്‍

ജനാര്‍ദ്ദന്‍ പൂജാരി എന്നയാള്‍ ഇപ്പോള്‍ ആരുടെയെങ്കിലും ഓര്‍മയില്‍ ഉണ്ടോയെന്നു നിശ്ചയമില്ല. 1980-ലെ ഇന്ദിര ഗാന്ധി മന്ത്രിസഭയില്‍ ധനകാര്യ സഹമന്ത്രി ആയിരുന്ന പൂജാരി പ്രധാനമായും ഓര്‍മിക്കപ്പെടുന്നത് ലോണ്‍ മേളകളുടെ പേരിലാണ്. ദുര്‍ബല വിഭാഗങ്ങള്‍ക്ക് പൊതു മേഖല ബാങ്കുകളില്‍ നിന്നും ഈടില്ലാതെ വായ്പ ലഭ്യമാക്കുന്ന പദ്ധതിയുടെ ഉപജ്ഞാതാവ് ആയിരുന്നു പൂജാരി. പൂജാരി വിസ്മൃതനായെങ്കിലും ലോണ്‍ മേളകള്‍ പൊതുമേഖല ബാങ്കുകളുടെ ബാലന്‍സ് ഷീറ്റില്‍ വരുത്തിയ നഷ്ടക്കണക്കുകള്‍ അത്ര പെട്ടെന്നു മറക്കാവുന്നതല്ല.

പ്രധാനമന്ത്രി നരേന്ദ്ര മോഡി അധികാരത്തിലെത്തയപ്പോള്‍ ആഘോഷപൂര്‍വ്വം നടപ്പിലാക്കിയ പ്രധാനമമന്ത്രി മുദ്ര യോജന അഥവ മുദ്ര ലോണ്‍ പദ്ധതി ലോണ്‍ മേളയുടെ മറ്റൊരു പതിപ്പായി മാറുമോ എന്ന ആശങ്കയിലാണ് ബാങ്കുകള്‍. മുദ്ര വായ്പകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ലഭ്യമാക്കുന്ന ഗ്യാരന്റി തുക മറി കടന്നിരിക്കുകയാണ് ചെറുകിട-ഇടത്തരം മേഖലയില്‍ മുദ്ര വായപ്കളുടെ മൊത്തം കിട്ടാക്കടം. തിരിച്ചടവ് മുടങ്ങിയ വായ്പകള്‍ നിഷ്‌ക്രിയ ആസ്തിയായി പ്രഖ്യാപിക്കുന്നതിന് സുപ്രീം കോടതി പ്രഖ്യാപിച്ച മൊറട്ടോറിയം നിലനില്‍ക്കുന്നതിന്റെ പേരിലാണ് തിരിച്ചടവ് മുടങ്ങിയതിന്റെ വിവരങ്ങള്‍ തല്‍ക്കാലം പുറത്തു വരാതിരിക്കുന്നതെന്ന് ബാങ്കിംഗ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. വായ്പകള്‍ തിരിച്ചു പിടിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാണെങ്കിലും വലിയ പ്രതീക്ഷകള്‍ പുലര്‍ത്തേണ്ടതില്ല എന്നാണ് പൊതുവെയുള്ള നിഗമനം. മുദ്ര ലോണിന്റെ പരിധിയില്‍ വരുന്ന 25 ശതമാനം വായ്പകളും കിട്ടാക്കടം ആയി മാറിയാല്‍ അത്ഭുതപ്പെടേണ്ടതില്ല എന്നാണ് വിലയിരുത്തല്‍.

ചെറുകിട-ഇടത്തരം മേഖലക്കുള്ള വായ്പകള്‍ എല്ലക്കാലത്തും ഹൈ-റിസ്‌ക് ഗണത്തിലാണ് പെടുത്തിയിട്ടുള്ളത്. ഇതില്‍ ഏകദേശം 10 ശതമാനം നിഷ്‌ക്രിയ ആസ്തിയാവുമെന്ന് കരുതപ്പെടുന്നു. ഇത്തരം വായ്പകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ഗ്യാരന്റിയാണ് ലോണ്‍ അനുവദിക്കുന്നതിന് ബാങ്കുകളെ പ്രേരിപ്പിച്ച പ്രധാനഘടകം. എന്നാല്‍ കോവിഡ്-19 സാമ്പത്തിക മേഖലയില്‍ വരുത്തിവെച്ച തിരിച്ചടു മൊത്തം കണക്കുകൂട്ടലുകളെ തെറ്റിച്ചു, ബാങ്കിംഗ് മേഖലയിലെ ഒരു സീനയര്‍ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. 2015-ല്‍ ആരംഭിച്ച മുദ്ര ലോണ്‍ പദ്ധതി പ്രകാരം 50,000 രൂപവരെ ശിശു പദ്ധതി പ്രകാരം ചെറുകിട കച്ചവടക്കാര്‍ പോലുള്ളവര്‍ക്ക് ലഭിക്കും. കിഷോര്‍ പദ്ധതി പ്രകാരം 1 ലക്ഷം മുതല്‍ 5 ലക്ഷം രൂപ വരെ ചെറുകിട സംരഭങ്ങള്‍ക്ക് ലഭ്യമാവും. കുറച്ചുകൂടി വലിയ സംരംഭങ്ങള്‍ക്ക് 5 മുതല്‍ 10 ലക്ഷം വരെയാണ് വായ്പ.

ബാങ്കുകള്‍, ബാങ്കേതര ധനകാര്യ സ്ഥാപനങ്ങള്‍, മൈക്രോ ഫൈനാന്‍സ് സ്ഥാപനങ്ങള്‍ തുടങ്ങിയവ സംയുക്തമായി 2.19 ലക്ഷം കോടി രൂപയാണ് 2020-21 ധനകാര്യ വര്‍ഷത്തില്‍ ഫെബ്രുവരി 18-വരെയുള്ള കണക്കുകള്‍ പ്രകാരം വായ്പയായി അനുവദിച്ചിട്ടുള്ളത്. കഴിഞ്ഞ ധനകാര്യ വര്‍ഷം 3.29 ലക്ഷം കോടി രൂപയുടെ വായ്പ മുദ്ര പദ്ധതി പ്രകാരം അനുവദിച്ചിരുന്നു. കഴിഞ്ഞ ധനകാര്യ വര്‍ഷത്തെ കണക്കുകള്‍ അനുസരിച്ച് ബാങ്കുകള്‍ക്ക് മൊത്തം ബാക്കിയായ തിരിച്ചടവ് തുക 2.67 ലക്ഷം കോടി രൂപയാണ്. മുദ്ര വായ്പകളുടെ റീഫൈനാന്‍സിംഗ് SIDBI-യുടെ ചുമതലയാണ്. അതിനു പുറമെ പദ്ധതി പ്രകാരം വിതരണം ചെയ്ത മൊത്തം വായ്പ തുകയുടെ 15-ശതമാനം വരുന്ന നിഷ്‌ക്രിയ ആസ്തിയുടെ ഗ്യാരന്റി സര്‍ക്കാര്‍ വഹിക്കുന്നു. കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിച്ചവര്‍ സ്വയം തൊഴിലില്‍ ഏര്‍പ്പെട്ടിരുന്നവര്‍ എന്ന വിഭാഗത്തില്‍ വരുന്നവരാണ്. മുദ്ര ലോണ്‍ പദ്ധതികള്‍ ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തുന്നവരും ഈ വിഭാഗത്തില്‍ പെട്ടവരാണ്. ഈ സാഹചര്യത്തില്‍ മുദ്ര ലോണിന്റെ ബാധ്യത സര്‍ക്കാര്‍ നല്‍കുന്ന ഗ്യാരന്റിയെ ഇതിനകം മറികടന്നിട്ടുണ്ടാകുമെന്ന് ബാങ്കിംഗ് മേഖലയുമായി ബന്ധപ്പെട്ടവര്‍ വെളിപ്പെടുത്തുന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it