ഉപഭോക്തൃബന്ധം ശക്തമാക്കാന്‍ പുതിയ പദ്ധതി; മില്ലീഗ്രാം ഗോള്‍ഡ് പ്രോഗ്രാമുമായി മുത്തൂറ്റ് ഫിനാന്‍സ്

ഉപഭോക്തൃബന്ധം ശക്തമാക്കാന്‍ ഗോള്‍ഡ് റിവാര്‍ഡ് നല്‍കുന്ന വമ്പന്‍ പദ്ധതിയുമായി രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണ പണയ എന്‍ബിഎഫ്‌സിയായ (NBFC) മുത്തൂറ്റ് ഫിനാന്‍സ് (Muthoot Finance). മില്ലീഗ്രാം ഗോള്‍ഡ് പ്രോഗ്രാം പദ്ധതിയിലൂടെ എല്ലാ ഇടപാടുകള്‍ക്കും കുറഞ്ഞത് ഒരു മില്ലീഗ്രാം ഗോള്‍ഡാണ് ഉപഭോക്താക്കള്‍ക്ക് റിവാര്‍ഡായി ലഭിക്കുക. ഇത് ആദ്യമായാണ് എന്‍ബിഎഫ്‌സി രംഗത്ത് ഇത്തരത്തിലൊരു പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയിലൂടെ ഇന്നുമുതല്‍ ഇടപാട് നടത്തുന്നവര്‍ക്ക് ഒരു മില്ലീഗ്രാം ഗോള്‍ഡ് ലഭിക്കും.

ഉപഭോക്താക്കളുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാനും സജീവമല്ലാത്ത ഉപഭോക്താക്കളെ തിരികെയെത്തിക്കാനുമാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. മുത്തൂറ്റ് ഗ്രൂപ്പിന്റെ 33 ഓളം വരുന്ന സേവനങ്ങള്‍ക്ക് ഈ പദ്ധതി ബാധകമായിരിക്കും. കമ്പനിയുമായുള്ള ഉപഭോക്താക്കളുടെ എല്ലാവിധ ക്രയവിക്രയങ്ങള്‍ക്കും- ഗോള്‍ഡ് ലോണ്‍ എടുക്കുന്നവര്‍ക്കും, പലിശ അടക്കുന്നവരും ഒക്കെ തന്നെ ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകും.

രണ്ടു വര്‍ഷം നീണ്ടുനില്‍ക്കുന്ന ഈ പദ്ധതിയില്‍ ഇന്ത്യയില്‍ ആദ്യമായിട്ടാണ് 24 കാരറ്റ് സ്വര്‍ണം ഉപഭോക്താക്കള്‍ക്ക് റിവാര്‍ഡ് ആയി നല്‍കുന്നത്. ഈ പദ്ധതിയുടെ ഭാഗമായി പ്രതിവര്‍ഷം ഏതാണ്ട് 50 കോടി രൂപ മൂല്യം വരുന്ന (100 കിലോഗ്രാം) സ്വര്‍ണം ഉപഭോക്താക്കള്‍ക്ക് നല്‍കാനാണ് കമ്പനി ലക്ഷ്യമാക്കുന്നത്. ഗോള്‍ഡ് പോയ്ന്റിനുള്ള മാനദണ്ഡംഇടപാടുകള്‍ക്കനുസൃതമായിരിക്കും.
വര്‍ഷങ്ങളായുള്ള തങ്ങളുടെ തുടര്‍ച്ചയായ ശ്രമഫലമായി ബിസിനസില്‍ പ്രശസ്തവും വിശ്വസനീയവുമായ നേതൃത്വത്തില്‍ എത്താന്‍ മുത്തൂറ്റ് ഫിനാന്‍സിനു സാധിച്ചിട്ടുണ്ടെന്ന് മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു. പുതുമകള്‍ അവതരിപ്പിക്കുന്ന കാര്യത്തിലും മികച്ച ഉപഭോക്തൃ അനുഭവങ്ങള്‍ ലഭ്യമാക്കുന്ന കാര്യത്തിലും തങ്ങളുടെ ഉപഭോക്താക്കളുടെ പ്രചോദനം എന്നും ലഭിച്ചിട്ടുണ്ട്. തങ്ങളുടെ വളര്‍ച്ചാ പാതയില്‍ അവര്‍ ഗണ്യമായ സംഭാവനയാണു നല്കിയിട്ടുള്ളത്. വര്‍ഷങ്ങളായി തുടരുന്ന അവരുടെ അതുല്യമായ വിശ്വാസത്തിലുള്ള തങ്ങളുടെ ചെറിയൊരു നന്ദി പ്രകാശനമാണ് ഈ പദ്ധതി. ഈ നീക്കത്തിലൂടെ പുതിയൊരു വിഭാഗം ഉപഭോക്താക്കളെ മുത്തൂറ്റ് ഗ്രൂപ്പുമായി ബിസിനസ് ചെയ്യാനായി പ്രേരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുത്തൂറ്റ് ഫിനാന്‍സിന് പുതിയ ഉപഭോക്താക്കളെ റഫര്‍ ചെയ്യുന്നവര്‍ക്ക് 20 മില്ലീഗ്രാം ഗോള്‍ഡ് പോയ്ന്റുകള്‍ നേടാനും മുത്തൂറ്റ് ഫിനാന്‍സ് അവസരമൊരുക്കുന്നുണ്ട്.



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it