വിദ്യാര്‍ത്ഥികള്‍ക്ക് ഡിജിറ്റല്‍ ഉപകരണങ്ങള്‍ വാങ്ങാനുള്ള വായ്പാ പദ്ധതിയുമായി മുത്തൂറ്റ് ഫിന്‍കോര്‍പ്പ്

ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനാവശ്യമായ ഉപകരണങ്ങളില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണുകള്‍, ടാബുകള്‍ തുടങ്ങിയ ഡിജിറ്റല്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിന് പുതിയ വായ്പാ പദ്ധതിയായ റീസ്റ്റാര്‍ട്ട് ഇന്ത്യ വിദ്യാധന്‍ ഗോള്‍ഡ് ലോണ്‍ അവതരിപ്പിച്ച് മുത്തൂറ്റ് ഫിന്‍കോര്‍പ്പ്.

ആറു മാസ കാലാവധിയില്‍ പരമാവധി 10,000 രൂപ വരെ നല്‍കുന്ന വായ്പകളില്‍ ആദ്യത്തെ 90 ദിവസത്തേയ്ക്ക് പലിശ ഈടാക്കുകയില്ല. ഈ പദ്ധതിയില്‍ പ്രോസസിംഗ് ചാര്‍ജും ഇല്ല. രാജ്യമൊട്ടാകെയായി മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ 3600-ലേറ ശാഖകളില്‍ ആദ്യം അപേക്ഷിക്കുന്ന ഒരു ലക്ഷം പേര്‍ക്കാണ് ഈ പദ്ധതിയില്‍ പലിശരഹിതമായി വായ്പ നല്‍കുക.
വിദ്യാര്‍ത്ഥിയുടെ ഐഡി കാര്‍ഡിന്റെ കോപ്പി സഹിതമാണ് വായ്പയ്ക്ക് അപേക്ഷിക്കേണ്ടത്. പദ്ധതിയുടെ കീഴില്‍ ഒരാള്‍ക്ക് ഒരു വായ്പയേ നല്‍കുകയുള്ളു. കോവിഡിനെത്തുടര്‍ന്ന് 2020-ലെ ആദ്യ ലോക്ഡൗണ്‍ സമയത്ത് മുത്തൂറ്റ് ഫിന്‍കോര്‍പ്പ് തുടക്കമിട്ട പദ്ധതിയായ റീസ്റ്റാര്‍ട്ട് ഇന്ത്യാ പദ്ധതിയുടെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായാണ് വിദ്യാര്‍ത്ഥികള്‍ക്കുള്ള ഈ പലിശരഹിത വായ്പാ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ചെയര്‍മാന്‍ തോമസ് ജോണ്‍ മുത്തൂറ്റ് പറഞ്ഞു.
ജോലി പോലെത്തന്നെ കുട്ടികളുടെ വിദ്യാഭ്യാസവും കോവിഡ് മൂലം വലിയ പ്രതിസന്ധിയെ നേരിടുകയാണ്. സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നില്ല. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനാകട്ടെ രാജ്യത്തെ ഭൂരിപക്ഷം കുട്ടികള്‍ക്കും ഡിജിറ്റല്‍ സൗകര്യങ്ങളുമില്ല. 24.7 കോടി കുട്ടികളുടെ വിദ്യാഭ്യാസത്തെയാണ് കോവിഡ് ഇങ്ങനെ ബാധിച്ചിരിക്കുന്നതെന്നും തോമസ് ജോണ്‍ മുത്തൂറ്റ് ചൂണ്ടിക്കാട്ടി. ഈ പശ്ചാത്തലത്തിലാണ് റീസ്റ്റാര്‍ട്ട് ഇന്ത്യാ പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കുള്ള പലിശരഹിത വായ്പാ പദ്ധതി ആസൂത്രണം ചെയ്തത്.
ചെറുകിട വ്യാപാരികളുടെ സഹായിക്കുന്നതിനു ലക്ഷ്യമിട്ട് ആരംഭിച്ച റീസ്റ്റാര്‍ട്ട് ഇന്ത്യാ പദ്ധതി കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയാണ് 2020 ജൂലൈ 23-ന് ഉദ്ഘാടനം ചെയ്തത്. പദ്ധതിയിലൂടെ ചെറുകിട വ്യാപാരികളുടെ സവിശേഷ ആവശ്യങ്ങള്‍ കണക്കിലെടുത്തുള്ള വായ്പാ പദ്ധതികള്‍, കച്ചവടം വര്‍ധിപ്പിക്കുന്നതിനുള്ള ഉപദേശ സേവനങ്ങള്‍, മാര്‍ക്കറ്റിംഗ് മെച്ചപ്പെടുത്തുന്നതിനുള്ള ഡിജിറ്റല്‍ പരിശീലനങ്ങള്‍, നേരിട്ട് വില്‍പ്പന വര്‍ധിപ്പിക്കുന്നതിനുള്ള ഷോപ്പിംഗ് ധമാക്ക എന്നിവയവതരിപ്പിക്കാന്‍ മുത്തൂറ്റ് ഫിന്‍കോര്‍പ്പിന് കഴിഞ്ഞു. രാജ്യത്തെ എംഎസ്എംഇ മേഖലയിലെ 27 ലക്ഷത്തോളം വരുന്ന ഉപയോക്താക്കള്‍ക്ക് 20,000 കോടി രൂപയാണ് വിവിധ ഇളവുകളോടെ കമ്പനി ഇക്കാലയളവില്‍ വായ്പകളായി നല്‍കിയത്.


Related Articles
Next Story
Videos
Share it