Begin typing your search above and press return to search.
പലിശ നിരക്ക് വർധനവ് -എൻ ബി എഫ് സി കളുടെ കടബാധ്യതകൾ ഉയരുന്നു
റിസർവ് ബാങ്ക് രണ്ടു പ്രാവശ്യമായി റീപോ നിരക്ക് 0.90 % ഉയർത്തിയതും തുടർന്ന് 0.75 % വർധിപ്പിക്കാൻ സാധ്യതയുള്ള സാഹചര്യത്തിൽ നോൺ ബാങ്കിംഗ് ധനകാര്യ സ്ഥാപനങ്ങളുടെ (എൻ ബി എഫ് സി) കടം വാങ്ങൽ ചെലവ് 0.8 മുതൽ 1.05 % വരെ വർധിക്കുമെന്ന് ക്രിസിൽ റേറ്റിംഗ്‌സ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തെ എൻ ബി എഫ് സി കളുടെ കടം നിലവിൽ 15 ലക്ഷം കോടി രൂപയാണ്. ഈ കടങ്ങൾ നടപ്പ് സാമ്പത്തിക വർഷമോ അടുത്ത സാമ്പത്തിക വർഷമോ കാലാവധി കഴിയുന്നതും പുതുക്കേണ്ടതുമാണ്. ഇത് കൂടാതെ 3 ലക്ഷം കോടി രൂപയുടെ കടം എൻ ബി എഫ് സി കളുടെ പ്രവർത്തന ഫണ്ടുകൾക്കായി ഇനിയും ആവശ്യമായി വരും. അങ്ങനെ മൊത്തം 18 ലക്ഷം കോടി രൂപയുടെ വായ്പകൾക്കാണ് അധിക പലിശ ബാധ്യത ഉണ്ടാകുന്നത്.
കേരളത്തിലെ രണ്ടു പ്രമുഖ ലിസ്റ്റഡ് എൻ ബി എഫ് സി കളായ മുത്തൂറ്റ് ഫിനാൻസ്, മണപ്പുറം ഫിനാൻസ് എന്നിവരുടെ കടം വാങ്ങൽ ചെലവുകൾ വർധിക്കുന്നതിനാൽ ലാഭക്ഷമതയെ ബാധിക്കാൻ സാധ്യതയുണ്ട്. 2021 -22 ൽ മണപ്പുറം ഫിനാൻസിന്റെ മൊത്തം കടം 24,118.48 കോടി രൂപയായിരുന്നു. റീപോ നിരക്ക് വർധനവിന് മുൻപ് ശരാശരി കടം വാങ്ങൽ ചെലവ് 2021-22 ൽ 1.62 % കുറഞ്ഞ് 7.50 ശതമാനമായിരുന്നു. റീപ്പോ നിരക്ക് വർധിച്ച സാഹചര്യത്തിൽ ശരാശരി കടം വാങ്ങൽ ചെലവും വർധിക്കും.
മുത്തൂറ്റ് ഫിനാൻസിന്റെ 2021-22 ലെ കടപ്പത്രങ്ങൾ ഒഴികെ ഉള്ള വായ്‌പകൾ 37170 .98 കോടി രൂപയാണ്. മുൻ വര്ഷം കടം 31940.58 കോടി രൂപ യായിരുന്നു.
എൻ ബി എഫ് സി കളുടെ കട ബാധ്യതകൾ വർധിക്കുമെങ്കിലും ആവശ്യത്തിന് കരുതൽ പണം ഉള്ള സാഹചര്യത്തിൽ ലാഭ ക്ഷമതയെ ബാധിക്കാൻ സാധ്യത ഇല്ലെന്ന് ക്രിസിൽ റേറ്റിംഗ്‌സ് അഭിപ്രായപ്പെട്ടു. മൊത്തം ആസ്തിയുടെ 0.5 മുതൽ 2 ശതമാനം വരെയാണ് പലിശ നിരക്ക് വർധനയോ മറ്റ് പ്രതികൂല സാഹചര്യങ്ങൾ നേരിടാനോ എൻ ബി എഫ് സികൾ മാറ്റി വെക്കുന്നത്.
മുത്തൂറ്റ് ഫിനാൻസ് ഓഹരി വില കഴിഞ്ഞ ഒരു മാസത്തിൽ 1188 നിന്ന് 1030 ലേക്ക് താഴ്ന്നു. നിലവിൽ 1043 രൂപ. 2021-22 ലെ നാലാം പാദ പ്രവർത്തന ഫലം വന്നതിനെ തുടർന്ന് ട്രെൻഡ് -ബിയറിഷാണ്. മണപ്പുറം ഫിനാൻസ് ഓഹരികൾ 101 രൂപയിൽ നിന്ന് ഒരു മാസത്തിൽ 88 ലേക്ക് താഴ്ന്നു. വിറ്റ് വരവും ലാഭവും കുറഞ്ഞതിനെ തുടര്ന്ന് ട്രെൻഡ് -ബിയറിഷാണ്.
Next Story
Videos